സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday 29 May 2012

വിടപറയും മുന്‍പെ

അടര്‍ന്നുവീണ നിന്‍വാക്കുകള്‍ വീണു തകരാതെ-
കണ്ണീര്‍ താലോലിച്ച  വെമ്പലുകളായ്
തകരുമെന്‍ മനമോടെ  കനിവില്ലാതെ കേട്ടുപോയ്-
കാതില്‍ ഇരമ്പുന്ന ഘോഷമായ്

ഞാന്‍ നിനക്കേകിയ സ്നേഹമാം-
കരുതലിനെ എന്നേക്കുമായൊരു നന്ദിയോതി.
മിഴിയിലെ നാണവും മൊഴിയിലെ മൗനവും
എങ്ങോ അറിയാതെ പോയ് മറഞ്ഞു

അടക്കിപ്പിടിച്ച നിന്‍ സ്നേഹവികാര രാഗങ്ങളെ-
യുടുക്കുകൊട്ടിപ്പാടുവാനിന്നു പാണനാരില്ല.
മഴയില്ല.. കാറ്റില്ല.. നിന്നെത്തലോടുവാന്‍,എങ്കിലു-
മെന്‍ കരങ്ങളെന്തൊ കൊതിച്ചു മടിച്ചിടുന്നു.

പറയല്ലെ നീയെന്നെ സ്നേഹിച്ചിരുന്നില്ലെയെന്നു-
സ്നേഹിച്ചിരുന്നെങ്കിലും പിരിയുകയാണു നാം
ഓര്‍മ്മക്കു ചിറകുള്ള കാലം വരെയും രാഗ-
മേഘവിഹായസിലൂടെ ഏകനായ് പറന്നിടാം

കുറ്റപ്പെടുത്തില്ല നിന്നെ ഞാനെങ്കിലും-
നീ എന്നെ കുത്തിനോവിച്ചിടുക വീണ്ടുമെന്‍-
നോവിന്റെ ആഴങ്ങളില്‍ നിന്നുയരെട്ടെ-
സ്നേഹത്തിന്‍ അഗ്നിപര്‍വതസ്ഫോടനങ്ങള്‍

പെയ്തിറങ്ങുക നീയെന്നില്‍ മഴയായ്-
തോരട്ടെ നിന്‍ കണ്മേഘങ്ങള്‍തന്‍ ദ്യുതിരോഷം
തടയുകയില്ല നിന്നെ ഞാന്‍, ഇറക്കിവക്കുകയെന്‍-
സ്നേഹത്തിന്‍ കയ്പുചുവക്കും വിഴിപ്പുഭാണ്ഡം

കാണാതെ കണ്ടു സ്നേഹിച്ചു നാം..
പറയാതെ പറഞ്ഞു സ്നേഹിച്ചു നാം..
അറിയാതെ അറിഞ്ഞു സ്നേഹിച്ചു നാം,എങ്കിലും-
പിരിയാതെ പിരിഞ്ഞു തളര്‍ന്നു നാം..
പിരിയാതെ പിരിഞ്ഞു പിളര്‍ന്നു നാം..

സ്നേഹമെന്ന ചോദ്യത്തിനുത്തരം തന്നു നീ-
യടുത്തെത്തിയാനാളില്‍ നിഴലിനെ പോലും മറന്നുപോയ്-
ഇന്നാ നിഴലുകള്‍ പോലും നിന്നെ തേടിയീ-
ചുടു നിലാവിലൂടെ എകനായ് ഉഴറിയലയുന്നു..

Wednesday 23 May 2012

ഗദ്ഗദങ്ങള്‍

ചുവന്ന രക്തക്കടല്‍ ചുറ്റിക്കിടക്കും-
മനമാം മരതകദ്വീപിലുണ്ടൊരു-
പവിഴം കാക്കും മനസ്വിനി, മീട്ടുന്ന-
ശ്രുതികളല്ലോ ഈ ഗദ്ഗദങ്ങള്‍..


മൂകമാം ദ്വീപിനെയുണര്‍ത്തി-
യിവള്‍ തന്‍ കരങ്ങളാല്‍
ലാളന പരിലസിതം കൊടുത്തു-
തന്‍ തംബുരു രാഗധാരയായ്..

ഓര്‍മ്മകളായവള്‍ ശബ്ദലേഖനം ചെയ്തു-
യീ സ്വരതന്ത്രികള്‍ തന്‍ സംഗീതം-
പിന്നയീ മരതകത്തുരുത്തിലെ മായത്ത-
ഉണര്‍ത്തുപാട്ടായ് മുഴങ്ങിടാന്‍.

ആനന്ദ കേളിരവം മുഴക്കിയിവളെപ്പൊഴൊ-
വ്യഥതന്‍ പരിതാപ ശ്രുതിയും തുടുത്തു
ഈ രണ്ടു രാഗവും എന്‍ മിഴികളെ-
യാര്‍ദ്രത തന്‍ ആലേപനം ചാര്‍ത്തി.

ഗദ്ഗദ സംഗീത മഴ ചൊരിയുകയെന്‍-
മാനസസുന്ദരി  ഈ പവിഴം കാക്കുക്ക-
യീ മാനസ ദ്വീപിലെ നാഗമായ്.
സാന്ദ്രമാം സംഗീതമെന്‍ മനസിന്‍-
അടിത്തട്ടിന്‍ ആഴങ്ങളില്‍ ഊളിയിടട്ടെ

Monday 21 May 2012

വിവാഹം

മുദ്രണം ചെയ്തുനിന്‍ മനസു
എന്‍ ചുവപ്പു മഷികൊണ്ടു.
പതിഞ്ഞതില്‍ തീയതിയും
മറക്കാന്‍ പറ്റാത്ത സ്ഥലവും

നമ്രശിരസ്കയായ് നില്‍ക്കുന്ന നിന്നെ-
കറങ്ങുന്ന ഭൂമിയെ കടിഞ്ഞാ-
ണിടും പോല്‍ പൂത്താലി-
ച്ചരടു കൊണ്ടൊരാണ്‍കെട്ടു കെട്ടി

ഉയരുന്നു കുരവയും പുഷ്പ-
വര്‍ഷവും ശുഭമുഹൂര്‍ത്തത്തില്‍
നിനച്ചുപോയ്  വിവാഹമൊ-
ഈ സ്വര്‍ഗത്തില്‍ വച്ചു തന്നെയൊ

ചുറ്റുമുണ്ടൊരു പത്തായിരം പേര്‍
സാക്ഷിയായ് പൂമാലയും ചാര്‍ത്തി
വെറ്റില വച്ചെനിന്‍ വലംകൈകൊര്‍ത്ത്
പുതുജീവന മണ്ഡലം വലംവച്ചു

മനസിന്‍ പടിവാതിലില്‍ വലം-
കാല്‍ വച്ചു കയറി നീ
നിന്നിലെ എന്നിലും, എന്നിലെ നിന്നിലും
തെളിയുന്ന ദീപമായ് ഈ സംഗമം

Saturday 19 May 2012

നിലാവിന്‍ നീലിമയില്‍

മന്ദഹാസം തൂകി നില്‍ക്കുമെന്‍-
കാമിനിയാം നിലാവെ..
പടരുന്ന എന്നിലെ ജ്വാലയില്‍-
കുളിര്‍പൊഴിക്കുക..
അന്ധമാം മിഴിയിലെ അന്ധവികാരങ്ങള്‍-
ഒഴുക്കിക്കളയുക.
എന്നിലെ പവിഴ മുല്ലമൊട്ടുകളെ-
തൊട്ടുവിടര്‍ത്തുക
ആ മധുര സുഗന്ധമാസ്വദിച്ചു-
നുകരുക
രാക്കിളിതന്‍ ഒളിപ്പാട്ടിനൊരു
ശ്രുതിമീട്ടി നില്‍ക്കുക
രാവിന്‍ വാര്‍മുടി വരിഞ്ഞുകെട്ടി
വദനപ്രസാദം പരത്തുക
പളുങ്കിന്‍ നീഹാര ബിന്ദുക്കളെ-
ഉണര്‍ത്തിടുക
മന്ദസമീരനെ മലരിന്‍ മണമോടെ-
മാടിവിളിക്കുക
താഴ്വാരത്തിന്‍ പുല്‍ത്തകിട്ടില്‍-
നീല മെത്തവിരിക്കുക
അതില്‍ അഴകില്‍ പുഞ്ചിരി-
മൊട്ടുകള്‍ വിതറുക
ഉഡുക്കളായുള്ളൊരീ ആഭരണങ്ങളും
ഉടയാടയുമെനിക്കേകുക
നയനം നിറയും നമ്രത-നിന്‍
നുണക്കുഴിയില്‍ നിറക്കുക
വരൂ,മരതകമേട്ടിലെ നിലാക്കിളികളായ്
വെള്ളി നീരാളം പുതച്ചിടാം
അര്‍ദ്ര നിലാവെ നിന്‍ നീലിമയിലെന്നെ
ആലിംഗനം കൊണ്ടുമൂടുക
ഒരു നിശാവൃഷ്ടിയായ് ചുംബനമഴ-
എന്നില്‍ പൊഴിച്ചിടുക

നിലാവെ,
അലിയട്ടെ നിന്നില്‍ ഞാന്‍..
തഴുകട്ടെ നിന്നെ ഞാന്‍..
അറിയട്ടെ നിന്ന ഞാന്‍..
പുലരുവോളം മായാതെ നീ..
പോകാതെ നീ.. നിലനില്‍ക്കു എന്നില്‍

Wednesday 16 May 2012

ഗൃഹാതുരത്വം

നിറഞ്ഞു നില്‍ക്കും സപ്താത്ഭുതങ്ങളുള്ളൊരീ
പാരില്‍,എനിക്കേറ്റവും അത്ഭുതമെന്‍ വീടു തന്നെ!
എനിക്കേറ്റവും പ്രിയമായൊരീയിടം
ഇന്നീ വാനിന്നു കീഴില്‍ വേറെയില്ല!

കിഴക്കിനു പാറാവു നില്‍കുന്ന മാവിന്നു-
ആദ്യസൂര്യകിരണമണിഞ്ഞു നില്‍പ്പൂ..
പ്രഭാതസന്ധ്യയിലൊരു തിരികൊളുത്തിയമ്മ-
യാ ദിനത്തിനൊരു തൊടുകുറിയണിയിച്ചു.
ആ നറുവിളക്കെന്നയുമുണര്‍ത്തി
പിന്നേവരുമുണര്‍ന്നെന്‍ വീടുമുണര്‍ന്നു.

അങ്കണമലങ്കരിച്ചു നില്‍കുന്നി ഉദ്യാനവൃന്ദങ്ങളൊ-
ചുവരിന്നുമ്മ കൊടുത്തുനില്‍ക്കുന്നിതാ!
അവയോരോന്നും പരസ്പരം- രഹസ്യ-
കുശലങ്ങളോതി  നില്‍ക്കുന്നിതാ

മധുരാരവങ്ങളുയര്‍ത്തി കിളിക്കൊഞ്ചലും,
തുഷാരബിന്ദുക്കള്‍ പൊഴിഞ്ഞൊരി പുല്‍ചെടികളും,
വാക്കിനൊരു മറുവാക്കു ചൊല്ലുന്ന കളിത്തത്തയും,
ക്ഷീണം സടകുടഞ്ഞു കളഞ്ഞൊരി അരുമകൗലേയവും,
തൊഴുത്തില്‍ ക്ഷീരം ചുരത്തിനില്‍ക്കുന്ന ശൃംഗിണിയു-
മെല്ലാംമെന്‍ മധുരഭവനത്തിന്‍ മനോജ്മമല്ലൊ

അഞ്ചു പടിയുള്ളരീ പടിക്കെട്ടും പിന്നെ-
യുണ്ടൊരി നടവഴിയും  ചേര്‍ന്നെന്‍ മുറ്റമൊരുക്കി-
യാ മണീമുറ്റത്തുള്ളൊരാ ചെന്തെങ്ങിലെന്തു കരിക്കു-
കുലകള്‍ തിങ്ങി നില്‍ക്കുന്നിതാ,
തൊടിയിലെ പ്ലാവും മറ്റു തരുക്കളുമൊരു-
തണല്‍പ്പന്തലൊരുക്കി നില്‍ക്കുന്നിതാ
തണ്ണീര്‍ക്കുടമായൊരി മുറ്റത്തെ ചെപ്പിലെ-
ത്തുള്ളികള്‍ ഓളങ്ങളുണ്ടാക്കിക്കളിച്ചുടുന്നു

തിരുസന്ധ്യയടുത്താലോ തിരു നിലവിള-
ക്കേന്തിനില്‍ക്കുമെന്‍ കുഞ്ഞുപെങ്ങളും
തൊഴുകയ്യാലെ നില്‍കുമെന്നനുജനുംഞാനും
പിന്നെയുതിരുന്നു ഏവൊരുമൊത്തുള്ള നാമജപങ്ങളും

വാദ്യഘോഷങ്ങളില്ലാതെ ശാന്തമായ് ചിരിക്കുന്നെന്‍ വീട്,
അമ്മയുമച്ഛ്നും സ്നേഹം ചൊരിഞ്ഞിടുമീ സ്നേഹ-
ഗൃഹത്തിലോണം വിരുന്നെത്തും പൂക്കളമൊരുക്കീ,
സദ്യയൊരുക്കീ  ഓരൊ ദിവസവും

ഇന്നെനിക്കേറ്റവും പ്രിയമായൊരീയിടം
ഇന്നീ വാനിന്നു കീഴില്‍ വേറെയില്ല..!!

Friday 11 May 2012

മകള്‍

മണിനാലായിന്നീ  വിദ്യാലയമങ്കണ-
മൊഴിഞ്ഞിടാം,എന്‍ മകളും തിരിച്ചിടാം

പൂമ്പാറ്റച്ചിറകുള്ള എന്‍ മലരിന്മലരെ
നിന്‍ വരവും കാത്തിരിപ്പൂ ഞാന്‍

കാണുന്നു നിന്നെ ഉള്‍ക്കണ്ണാലൊരു കുളിരു-
കോരി, ഈ നിറഭേതങ്ങള്‍ക്കപ്പുറം

വര്‍ഷമേഘത്തോടു മെല്ലെയരുളിയീ-
ഭൂമിതന്‍ വാടിയിപ്പോള്‍ നനച്ചിടല്ലെ

സ്വര്‍ണ്ണകിരണമേ നിന്‍ നിര്‍മലതമാത്ര-
മെന്‍ അഴകിന്‍ തളിരില്‍ ചൊരിയേണമെ

ഇളംതെന്നലെ നീയിന്നെന്‍ മകള്‍ക്കു-
ഇളംകുളിരേകി കൂടെവരേണമെ

മാതാവിന്മതാവെയെന്‍ കുഞ്ഞിന്‍പാദങ്ങളില്‍
മുള്ളു തറച്ചിടാതെ പച്ചമെത്തവിരിച്ചിടണെ

ഗാനകോകിലമെ നിന്‍ നിലക്കാത്ത കൂജന-
മവള്‍ സംഗീതമായേറ്റുപാടിടണമെ

നാലുമണിപ്പൂവെ നീ ഉണരാറായെങ്കിലെന്‍
കണ്മണിയില്‍ പുഞ്ചിരി വിടര്‍ത്തിടുമോ

തെല്ലുമൊരു കണ്ണീര്‍ തൂകാതെയിന്നെന്‍
കടിഞ്ഞൂല്‍ മണിയെന്‍ ചാരെത്തണഞ്ഞിടണെ

കാത്തിരുക്കുന്നീ അമ്മ  കണ്ണിമചിമ്മാതെയെന്‍
പൊന്നോമനയാം മകളുടെ വരവുംകാത്ത്

വേഗമണഞ്ഞിടുക പൊന്നെയിന്നെന്‍
മാതൃത്വമിവിടെയുരുകി വീഴാതെ

Wednesday 9 May 2012

മറുമൊഴി

എന്തിനും വാചാലമാകുമെന്‍ മിഴികള്‍
നിന്‍ മൊഴിക്കു മറുമൊഴിയേകാനാകതെ
പീലികള്‍ കോര്‍ത്തു തടയണ പണിതിട്ടു.
എങ്കിലും! തുടിക്കുന്ന ഗംഗാ പ്രവാഹമാ-
യൊഴുകി  കണ്ണീര്‍ സ്വയം ചാലുകള്‍ തീര്‍ത്ത്

അന്നെന്‍ നാവുഴറാതിരുന്നെങ്കില്‍..
അന്നെന്‍ കണ്ണുകള്‍ മൂകമല്ലാതിരുന്നെങ്കിലോമനെ
നിന്‍ പാവനമാമുടലീ തീരത്തടിഞ്ഞിടുമോ?
ആരും തൊട്ടുനോവിക്കാത്തൊരീ
അഴകുടലല്‍ മീന്‍കൊത്തേറ്റുനീറിക്കിടക്കുന്നൂ

ഹാ!!! സഹിക്കവയ്യാ!!!
ഹാ!!! സഹിക്കവയ്യാ!!!

എന്നെ തഴുകാന്‍ കൊതിച്ചൊരി മുടിയിഴകള്‍
ഉപ്പുപിടിച്ചിരു പറ്റമായ് കിടക്കുന്നു..!!
കരിമിഴിക്കണ്ണുകള്‍ കാരണഭൂതനെ-
മറന്നു അലസമായ് നോക്കിക്കിടക്കുന്നിതാ..
തൊടുകുറി മാഞ്ഞൊരീ ഫാലത്തിലിന്നു-
മണല്‍ത്തരി നിറകോലം വരച്ചുട്ടു..
അധരങ്ങളെന്തോ മൊഴിയുവാന്‍ മറന്നപോലെ..!!

നിന്‍ ചാരത്തു ചേര്‍ന്നോന്നു കിടക്കട്ടെ ഞാന്‍..?
നിന്‍ ചാരത്തു ചേര്‍ന്നോന്നു കിടക്കട്ടെ ഞാന്‍..?

കദനം നിറഞ്ഞ എന്‍ മൊഴികള്‍
നിനക്കു പകര്‍ന്നിടട്ടെ..!!!
കദനം നിറഞ്ഞ എന്‍ മൊഴികള്‍
നിനക്കു പകര്‍ന്നിടട്ടെ..!!!

എല്ലാ കദനങ്ങള്‍ക്കും മീതയാണീക്കദനമെന്നു-
ഞാന്‍ ഉറക്കെ രഹസ്യം പറഞ്ഞിടട്ടെ..!!

എന്‍ സിരകള്‍ താപമരിക്കുന്നു..
എന്‍ ഹൃദയത്തുടിപ്പുകള്‍
ചെണ്ടമേളങ്ങളുയര്‍ത്തുന്നൂ...!!!
മജ്ജകള്‍ തണുപ്പിന്നു കാവലായ് മാറുന്നു
കടല്‍ നുരകളെന്നെ വരിഞ്ഞുമുറുക്കുന്നു.
ഈ കണ്ണീരിന്‍ ഗംഗാപ്രവാഹം നിലക്കുന്നു
ഈ ഹൃദയദ്രുദതാളം നിലക്കുന്നൂ
മരവിപ്പു മാത്രം..!!മരവിപ്പു മാത്രം.. !! ഞാന്‍ അറിയുന്നു

എന്‍ ചിത്രകൂടത്തിലെ ശലഭവും പറന്നുപോയ്..!!
നിന്നെ തേടി.. എന്‍ ഇണയെ തേടി.. പറന്നുപോയ്!!


എന്‍ മറുമൊഴിയായ് ഈ ശലഭത്തെ നീ
സ്വീകരിച്ചാലും എന്‍ ഓമനെ!!

എന്‍ മറുമൊഴിയായ് ഈ ശലഭത്തെ നീ
സ്വീകരിച്ചാലും എന്‍ ഓമനെ!!

Saturday 5 May 2012

വേദന

മനസിന്‍ പിന്‍വാതിലിലൂടെ ഒളിവിന്‍-
നോട്ടവുമായ് നില്‍ക്കുന്നീ വേദന..
തക്കം പാര്‍ത്തിരിക്കുന്നീ നോവിന്‍-
അമ്പുകള്‍ തൊടുക്കാന്‍

സുഖ-ദു:ഖ രണഭൂവാം മനസില്‍..
സുഖ-ദു:ഖ രണഭൂവാം മനസില്‍..
ഏകനായ് സ്നേഹായുധം
കൊണ്ടിന്നു യുദ്ധം നടത്തുന്നു ഞാന്‍
പോരാളിയല്ല ഞാന്‍..
പോരാളിയല്ല ഞാന്‍ മമ-
ഹൃദയം മുറിച്ചു നല്‍കുമൊരുമേകലവ്യന്‍!!

ഇന്നു ഞാന്‍ നിരായുധനീ ഭൂവില്‍..
ഇന്നു ഞാന്‍ നിരായുധനീ ഭൂവില്‍..
എങ്കിലും ഒളിയംബുകള്‍..
എങ്കിലും ഒളിയംബുകള്‍ മാത്രം..
എങ്ങുനിന്നോ ഗഗനം മുറിച്ചെത്തിടും.

ഉന്നമതില്‍ത്തന്നെ കുറിച്ചു വച്ച-
ബ്രഹ്മാസ്ത്രമാണതെന്നു നിശ്ചയം!!
ഉന്നമതില്‍ത്തന്നെ കുറിച്ചു വച്ച-
ബ്രഹ്മാസ്ത്രമാണതെന്നു നിശ്ചയം!!
തടുക്കുവാന്‍ എന്‍ കയ്യില്‍ പരിചയുമില്ല!!
തറച്ചിടുമതു ഒത്ത നടുവില്‍ തന്നെ..

എന്‍ കൂടെയില്ല പവനതനയന്‍..
എന്‍ കൂടെയില്ല പവനതനയന്‍..
എന്‍ കൂടെയില്ല സപ്താവതാരപുരുഷന്‍..
എന്‍ കൂടെയില്ല സപ്താവതാരപുരുഷന്‍..
എങ്കിലുമൊരു മൃതസഞ്ചീവനി തേടി
എങ്ങോ നോക്കിക്കിടപ്പു ഞാന്‍!!!

Tuesday 1 May 2012

പ്രണയം

പ്രിയേ,എനിക്കു  കാണുവാന്‍ കഴിയുന്നില്ല
കാരണം ഞാന്‍ നിന്നെ മാത്രം കാണുന്നു.

പ്രിയേ,എനിക്കു മൊഴിയുവാന്‍ കഴിയുന്നില്ല
കാരണം എന്റെ മൊഴികള്‍ നിനക്കു മാത്രം

പ്രിയേ,എനിക്കു കേള്‍ക്കുവാന്‍ കഴിയുന്നില്ല
കാരണം നിന്‍ സ്വരം മാത്രമെന്‍ കാതില്‍

പ്രിയേ,എനിക്കു ഗന്ധമറിയുന്നില്ല
കാരണം നിന്‍ സുഗന്ധം മാത്രം ഞാന്‍ അറിയുന്നു.

പ്രിയേ,എനിക്കു ചിന്തകള്‍ ഇല്ല
കാരണം എന്റെ ചിന്തകള്‍ നീയാണു.

പ്രിയേ,എനിക്കു നടക്കുവാന്‍ കഴിയുന്നില്ല
കാരണം ഞാന്‍ നിന്നൊടൊപ്പം നടന്നീടുന്നു.

പ്രിയേ,എനിക്കു ഓര്‍മ്മകള്‍ ഇല്ല
കാരണം നിന്‍ ഓര്‍മ്മകള്‍ എന്നില്‍ നിറഞ്ഞിടുന്നു.

പ്രിയേ,എനിക്കു ചുംബനമേകാനറിയില്ല
കാരണം ഞാന്‍ നിന്നെ മാത്രം ചുംബിച്ചിടുന്നു.

പ്രിയേ,എന്റെ കൈകള്‍ നിശ്ചലം
കാരണം  എന്‍ കൈകള്‍ നിന്നെപ്പുണര്‍ന്നിടുന്നു.

പ്രിയേ,എനിക്കു സ്നേഹിക്കുവാന്‍ കഴിയുന്നില്ല
കാരണം ഞാന്‍ നിന്നെ മാത്രം സ്നേഹിക്കുന്നു.