സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday 23 October 2012

അന്ധനായ സ്നേഹത്തിന്റെ കൂട്ടുകാരന്‍

ആലസ്യം അശക്തമാക്കിയ മനസ്
നിറങ്ങളെ വെല്ലുവിളിക്കും മിഴികള്‍
അന്തര്‍നാളം അനാദിയില്‍ 
അഴ്നിറങ്ങുന്നു..

ഉരലിന്നു ചുറ്റും കറങ്ങുന്ന-
ഉറുമ്പിന്നു ലോകം ഇട്ടാവട്ടം.
ധീരത ചോര്‍ന്ന ചിത്തത്തില്‍
വൈര്യം നിറച്ചിട്ടെന്തു കാര്യം

കുരുടന്റെ ഊന്നുവടിക്കും-
ബലമില്ലാതെ വന്നാല്‍-
"കരളിന്റെ സ്നേഹം ഭയമായ്-
ഒഴുകിടും,നദിയായി മാറിടും
പിന്നെ കടലിലേക്കെത്തിടും

പാലായനം ചെയ്ത   വഴിയും-
മറന്നുപോയിടും"

സ്നേഹം അന്ധമാക്കിയ
മനസിന്‍ വിലാപം മുറുകുന്നു...
ഒടുവില്‍, അന്തരംഗത്തിന്‍
തിരിനാളം എരിഞ്ഞൊടുങ്ങിടാം
അന്തരത്തിന്‍ അന്തിയാമങ്ങളില്‍ മൂകമായ്...

Tuesday 16 October 2012

അവസാനം നീ മാത്രം.

നിന്നെ തലോടിയ വിരലിന്റെ ദാഹം-
എന്നേക്കുമായ് പോയ് മറഞ്ഞു.
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളൊക്കയും-
 മറവിക്കു കൂട്ടായ് മാറി.
നിന്നെ കണികണ്ട മിഴികളില്‍-
ചുവന്ന ഇരുട്ടും മൂടി.
നിന്നെയുറക്കിയ മാറിലെ സ്പന്ദം-
തുടിക്കാന്‍ കൊതിച്ചു നിലച്ചിടുന്നു.
നിന്നെയുണര്‍ത്തിയ ചൊടിയിലെ മൗനവും
താരാട്ടുപാട്ടു നിര്‍ത്തിടുന്നു.

നിന്നെ ചേര്‍ത്തുറക്കിയ രാത്രികള്‍
നിഴലായ്ച്ചുരുങ്ങി നിന്നിലേക്കണയുന്നു.
നീയുഴിഞ്ഞെടുത്ത എന്‍ ആത്മാവിന്‍-
ചിരാതില്‍ നീ നറുവെണ്ണയൊഴുക്കി-
യെന്‍ വര്‍ണ്ണമേലാപ്പണിയുമോ?
മിഴാവില്‍ തുള്ളും കളിപ്പാവയായ്-
കനവിലേക്കണയില്ല ഞാന്‍.
മനശംഖിലെ അഴിതന്‍ അര്‍ദ്രത
അലിയിച്ചിടട്ടെ ഞാന്‍ കടമെടുത്ത-
ജീവിതത്തിന്‍ അഴലുകള്‍..

Saturday 13 October 2012

തിരികെ..

പ്രാര്‍ത്ഥനപ്പൂക്കള്‍ പൊഴിഞ്ഞ യാമത്തില്‍
മിഴിനീര്‍ വാര്‍ന്നൊരീ കവിള്‍തടത്തില്‍
സ്നേഹത്തിന്‍ കൈവിരല്‍ തലോടലുമായ്
പ്രിയനെന്‍ ചാരത്തണഞ്ഞിരുന്നെങ്കില്‍

തിളങ്ങുന്ന മുള്ളുവേലിച്ചരടില്‍ നീയെന്‍
ഭാരതാംബയെ കാവലായ് കാത്തിടുമ്പോള്‍
അര്‍ദ്രമായ് ഞാനെന്‍ പുണ്യമാം താലിച്ചരടില്‍
പിടിച്ചുരുവിടുന്നു ഇടറിയ പദധ്വനികള്‍

വെടിയൊച്ചമുഴങ്ങുന്ന വേളയിലെന്‍ മനതാരില്‍
ഹൃദയം ചെണ്ടമേളം മുഴക്കുന്നു..
എങ്ങനെയുണ്ണും ഞാന്‍ എങ്ങനെയുറങ്ങും ഞാന്‍
എല്ലാം പാതിവഴിക്കുപേക്ഷ കാട്ടിടുന്നു.

എവിടെയാണെങ്കിലും അങ്ങെന്‍ മാനസരാജ്യത്തിന്‍
സര്‍വ്വസൈന്യാധിപനായ് വാഴിടുന്നു.
മഹത്വംനിറഞ്ഞ മുഖമോര്‍ത്തിടുമ്പോള്‍
അഭിമാനപാരവശ്യം പൂണ്ടു അവേശയാകുന്നു.

"തിരികെയെത്തിടാം" എന്നോതിയാത്രയായനാള്‍
സ്നേഹത്തിന്‍ "സല്യൂട്ട്"  -
ചുംബനമായ് പൊഴിച്ചുപോയ്

വീണ്ടും ഒരു "തിരികെ"
സ്വാര്‍ത്ഥതയല്ലാത്ത മോഹമല്ലിത്..
"വീണ്ടും ഒരു തിരികെ"
കണ്ണിലെ നിശാപുഷ്പത്തെ പാതിവിടര്‍ത്തി
ഞാന്‍ കാത്തിരിപ്പൂ....
വീണ്ടും തീരികെ വരാന്‍....