സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Friday, 23 November 2012

വൈകി എത്തിയ സൂര്യന്‍

നിന്നിലെ മൗനമേ, നീറുന്ന കാറ്റിനെ
നെഞ്ചോട് ചേര്‍ത്തങ്ങു നീയുറക്കൂ
മഴയും തോര്‍ന്നില്ല, കനവും മാഞ്ഞില്ല
ഉണര്‍ത്തും വെയിലും വൈകിടുന്നൂ

കിഴക്കില്‍ പൂക്കുന്ന പുഷ്പമാം നിന്നെഞാന്‍
കണ്മിഴിക്കോണില്‍ ഉറക്കിയില്ലേ..
മാറാല മൂടിയ വീടിന്റെ കോണിലെ
ജാലകച്ചില്ലകള്‍ തുറക്കാറായ്

പതിവിന്റെ താളം മറന്നു പോകുന്നീ-
പഴമയില്‍ മുങ്ങിയ കാലചക്രം
ഇനിയും ഉണരാന്‍ മടിക്കും വേളയില്‍
താരാരാജാവിന്‍ ഒളിഞ്ഞുനോട്ടം

പൂജ്യനായ് വന്നെന്റെ പാദം കവര്‍ന്നൂ
തട്ടിവിളിച്ചി,ട്ടുണര്‍ത്തിടുന്നു
പരിഭവം കാട്ടീയീ മിഴികള്‍ നീട്ടി
നീരസഭാവത്തിന്‍ നോക്കിഞാനും

സ്വാന്തന കിരണം ചൊരിഞ്ഞീ മേനിയില്‍
ഇടവം ചതിച്ച കഥയോതി.
കഥയെ,ത്രമാറി തണുത്തെന്‍ മനവും
അശ്രുപൊഴിഞ്ഞൊരു വര്‍ഷമായ്

കാലമേ കാണുക നീയെന്റെ സൂര്യനെ
കാണാമറയത്തോളിച്ചിടാതെ..
സംസര്‍ഗ മിഥ്യയാം കണികയില്‍ കോര്‍ത്തു-
ഭൂമിതന്‍ മാറില്‍ കിടക്കൂന്നൂ ഞാന്‍

ചിത്രം കടപ്പാട് : ഗൂഗിള്‍.. 

 ഈ കവിത ഇവിടെ കേള്‍ക്കാം..

Thursday, 1 November 2012

അരികിലെത്തുമ്പോള്‍..

മിഴിനീരാഴിയിലെ കളിത്തോണിയായെന്‍ മനം
അഴിമുഖം കാണാതെയലഞ്ഞിടുന്നു.

തുരുമ്പെടുത്തു നീറുന്ന നങ്കൂരമകുടവും
നരച്ചൊരീ കണ്ണുമായ് വികലമായ് നോക്കീടുന്നു.

സാനുവിന്‍ ഓജസ്സു കൂടുന്നീയാഴിയില്‍
താനെ തുഴയുവാന്‍ ത്രാണിയും ചോര്‍ന്നുപോയ്

അശിനിപാതം പൊഴിച്ചിട്ടീ കാര്‍മേഘവും-
ലേശം കരുണയില്ലാതെയാര്‍ത്തുല്ലസിച്ചിടുന്നു

ദിക്കുകെട്ടനാഥമായ് ആടിയുലഞ്ഞീത്തോണി-
അക്കരക്കരയിലെ തീരം കൊതിച്ചിടുന്നു

ദിക്പഥം മുഴുവനും ജലവര്‍ഷഘോഷം
നൗകതന്‍ പഥസഞ്ചാരമോ മറഞ്ഞുപോയ്

ആരെത്തിടും അരികിലേക്കഭയമായ്-
ദൂരയീതീരം തേടും മനസിന്റെയുള്ളില്‍

തഴുകലില്‍ സ്പര്‍ശമായ് അരികിലെത്തുമ്പോള്‍
മിഴിനീരാഴി വറ്റിവരണ്ടിടും,കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും

ഈ കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും..


ചിത്രം കടപ്പാട് : ഗൂഗിള്‍..