സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Wednesday 28 November 2018

പോകാം ദൂരേ

വെയിൽ ചാഞ്ഞു വീണൊരു ചില്ലയിൽ
ഇരുൾ കാറ്റു മെല്ലെ വീശി
നിറമുള്ള സന്ധ്യയും മാഞ്ഞു
തൻകൂട്ടിലെ പക്ഷിയും ചേക്കേറിയൊ
വിരിയുന്ന ശോകാർദ്ര രാവിൽ
നൊമ്പരപൂവിന്റെ മൗനം വിതുമ്പി

പൗർണമി രാവിന്റെ പരിവേദനങ്ങൾ
ഇളംമഞ്ഞായ് പെയ്തിറങ്ങി
തളിരിട്ട മലരിന്റെ സൗരഭ്യ രേണുക്കൾ
അലിയുന്നൊരോർമ്മയായ് മാറി
കണ്ണൊന്നയാക്കാതെ ചുവടുകൾ തിരയാതെ
വെറുതെ അകലാം..ഈ കൂട്ടിൽ നിന്നും

വാസന്തമേഘം പെയ്യുന്ന വർഷത്തിൽ
പൊഴിയുന്ന പൂക്കളായ് മാറി
ഇടനെഞ്ചിൽ നീറുന്ന ദലമർമ്മരങ്ങൾ
ഇടറുന്ന താളമായ്‌ പിടഞ്ഞു
പിന്നോട്ടുനോക്കാതെ നീളുന്ന പാതയിൽ
തനിയെ.. പതിയെ.. പോകാം ദൂരേ

-രാജീവ്‌ ഇലന്തൂർ

പ്രണയോന്മാദം

ഈ നിശയുടെ ഊഞ്ഞാലിലാടാം
ഉന്മാദമേഘത്തിൻ കീഴേ
ഈ വനിയുടെ താഴ്‌വാരമാകെ
കാറ്റായി പാറിക്കളിയ്ക്കാം
സിരകളിലുതിരും മന്ത്രമാകാൻ
നീയാം ലഹരിനുണഞ്ഞിടാം
ഏതോ പാട്ടിലൊഴുകും തോണിയായ്
എങ്ങോ അലയുന്നു നമ്മൾ
താനേ തിരിയുന്ന ഭൂമിപോലിങ്ങനെ
എല്ലാം കറങ്ങുന്നു പൊന്നേ
അധരം കൊതിക്കുമമൃതിനായ്
എന്തോ തുടിക്കുന്ന പോലേ
ദൂരെ വാനിലുയരും താരമായ്
കണ്ണിൽ തെളിയുന്നതെന്തോ
കാതിൽ മുഴങ്ങും ശൃങ്കാരമേളമായ്
ഉള്ളം പിടച്ചിട്ടു വയ്യാ
മധുരം നിറയ്ക്കാം നിൻ ജീവനിൽ
ചെമ്മേ ചേർന്നൊന്നു നിൽപ്പൂ

-രാജീവ്‌ ഇലന്തൂർ

കടലിലെ മുത്ത്

എന്റെ സ്നേഹമൊരു കടലോളമുണ്ട്
അതിൽ തുഴെയെറിഞ്ഞു നീ വീഴാതെപോയി
ഇടയ്ക്കുവച്ചെപ്പൊഴെങ്കിലും അറിയുമോ
ഉള്ളിലെ മണിമുത്തു നിനക്കു മാത്രമെന്ന്

നീ തുഴഞ്ഞു കൊണ്ടേയിരിക്കുക
ശാന്തനായ് ഞാനെല്ലാം കണ്ടിരിക്കാം..
ഉള്ളിലെ പ്രക്ഷുപ്ത ഭാവമെല്ലാം
നിനക്കായ് അടക്കിവച്ചിടാം.

പുറമെ മണമുള്ള കാറ്റു വീശാം
അതിൽ ഉലഞ്ഞാടാതെയെന്റെ
ഹൃദയത്തിൽ തുഴയാഞ്ഞു കുത്തു..

നീലാകാശത്തിന്റെയതിരുകൾ
ഞാൻ നിനക്ക് പറഞ്ഞുതരാ-
മതിലൂടെ ഒഴുകിപ്പോകുക..
ഒടുവിൽ കരയിലെത്തുമ്പോൾ;അവിടെ
നിനക്കായ്‌ ആ മുത്തു തീരത്തടിഞ്ഞിടും

-രാജീവ്‌ ഇലന്തൂർ

സാം.നാ.

ഇടത്തോട്ടു മാത്രം
ചാഞ്ഞു നിയ്‌ക്കുന്ന
നാവിൽ പൊഴിയുന്ന
മണിമുത്തല്ലാ സത്യം

നേരെയുള്ള നാവിന്റെ
നേരാണ് സംസ്കാരം
നേരുള്ള നാവിന്റെ
പിന്നാമ്പുറങ്ങൾ
ചുവപ്പ് ചാർത്തിക്കുടിക്കാനുള്ളതല്ല

പടരുന്ന മഷിക്കൂട്ടുകൾ
പിറ കാണാതെ
ഒറ്റകണ്ണിന്നോട്ടയോടെ
ഫലകങ്ങൾ തേടുന്നു

സമാജ സന്ദേശവാഹകരായ്
ആരെ വഹിക്കുന്നു നിങ്ങൾ
അലിവിന്റെ ഭാഷകൾ
പലവേള മറന്നിടും
പാഷാണശല്ക്കങ്ങൾ നിങ്ങൾ

ഇടംകൈയിൽ ചുടുനിണം
പൊടിയുന്ന വാളുമായി
അലയുന്ന ഭ്രാന്തരെ കണ്ടു
മൗനം ഭജിക്കുന്നവർ നിങ്ങൾ

അസ്ഥിത്വമൂട്ടിയ ജനതയുടെ
നന്മകളൊക്കെയും
കൂരിരുട്ടാണെന്നു
ധരിപ്പിച്ചു ജയിച്ചുവോ

കണ്ണടക്കാലിന്റെ ഉറപ്പില്ലാത്ത
ഇരിപ്പിടങ്ങൾ ലോകത്തിനു മുന്നിൽ
ഇന്നു തുറന്നുകിടക്കുന്നു
അസത്യം മധുരം ചാലിച്ചു
വിളമ്പല്ലേ കപടനായകരെ


-രാജീവ്‌ ഇലന്തൂർ

Thursday 15 November 2018

നുണക്കുഴി

നിശ്ചലദീപ്തയാം പ്രണയമേ ഞാനൊരു-
നിശാസഞ്ചാരിയായലയുന്നതു കണ്ടുവോ
ജലതരംഗസമ്മോഹന സംഗമമകലും പോലെ
ഹൃദയതാളമർമ്മരങ്ങളകുന്നുവോ

നിന്റെ ശൃംഗാരഹർഷങ്ങളിൽ നുണക്കുഴി
പതിവിലുമേറ്റമായി കുഴിഞ്ഞിരിക്കുന്നു
കള്ളനോട്ടവും പ്രണയച്ചുഴിയിലെ ശീല്കാരവും
പൊടിക്കൈകളായെറിഞ്ഞുവോ

മൃദുമേനി തുളുമ്പുമാപീനകുടം ചുരത്തിയ
സ്നേഹത്തിന്റെ സ്പർശരേണുക്കളെവിടെ
വട്ടപൊട്ടുകുത്തി കണ്മഷി കറുപ്പെഴുതിയ
കണ്ണിലെ  കടലോളം സ്വപ്നങ്ങളെവിടെ

കറുത്തനൂലുമാലയുടെയറ്റത്തുകണ്ട
മുത്തിന്റെ താളവും  മറന്നുവോ
കറുത്തകരയുള്ള വെളുത്ത സാരി മോഹിപ്പിച്ചൊ-
രുദ്ദീപനങ്ങളെ പടുകുഴിയിലും  തള്ളിവിട്ടോ

ഒറ്റക്കാലിൽ കെട്ടിയ കറുത്തചരടുകൊണ്ട്-
നിനക്കു ചൂടിയ പാദസരം കിലുങ്ങാതെയായ്
പഴയകിനാക്കളുടെ പട്ടുനൂലിനാൽ
നെയ്തതെടുത്ത ശീലയിലെന്നെ പൊതിഞ്ഞുവോ

പുഞ്ചിരിപ്പാലിന്റെ മധുരം നിറച്ചിട്ടു
പുകയുന്ന ലഹരിയിൽ മൂടിയെന്നെ.
വലിയ ഗർത്തങ്ങളുള്ള നിന്റെ മനസിന്റെ
ഉയരവും താഴ്ചയുമറിയാതെ
ഞാൻ ചതിക്കപ്പെട്ടു പെണ്ണേ !


-രാജീവ് ഇലന്തൂർ

Monday 12 November 2018

വിട

നിന്നിൽനിന്നും ദൂരെയായ് 
അന്ന് ഞാൻ നോക്കവേ..
എന്റെയുള്ളിൽ നെയ്തെടുത്തൂ 
നൂറു സ്വപ്‌നങ്ങൾ..

   പതിവിലേറെ മോഹമായ് 
   കരളലിഞ്ഞു പോകവേ..
   കടമെടുത്തവാക്കുകൾ 
   മധുരമോർമ്മയായിതാ..

ഇനിയുമെന്തേ കൺനിറഞ്ഞു 
വിടപറഞ്ഞു പോകയോ.?
തിരികെയില്ലീ  കാലമെല്ലാം 
കഥപറഞ്ഞു തീരുമോ..? 

-രാജീവ്‌ ഇലന്തൂർ