സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Friday, 10 January 2014

ഇരുളിന്റെ തോഴി

എന്റെ  മനസിന്റെ തിരുമുമ്പിലുണ്ടെന്നും
മായാത്ത  അഴകിന്റെ  മുഖബിംബം
നിനവിന്റെ നൂലിഴ നെയ്തെടുത്തീടുന്നു
കനിവിന്റെ നീരാള സ്പര്‍ശനങ്ങള്‍

പിന്‍പെ പൊഴിച്ചിട്ട പുഷ്പ ശരണിയി-
ലെന്റെ കാല്പാടുകള്‍ പതിഞ്ഞിടുന്നു
നീയറിഞ്ഞീടുമോ എന്റെ കുളിര്‍മകള്‍
നിന്റെ കാല്പാടുകള്‍ കവര്‍ന്നിടുമ്പോള്‍

വഴിനടത്തിയ ഹസ്തമാര്‍ഗങ്ങള്‍തന്‍
നേര്‍രേഖയും മാഞ്ഞുപോകുന്നു ദൂരെ
ഊന്നുവടികളില്‍ കാലം വരച്ചിട്ട
ഓര്‍മ്മതന്‍ പാതകളാണെന്റെ ജീവിതം

തമസിന്റെ കൂട്ടിലെ വെണ്ണിലാപക്ഷിയായ്
നീയെന്റെയുള്ളില്‍ സ്ഫുരിച്ചിടുന്നു
സ്വതന്ത്ര,നീയെന്റെ മനസിന്‍ വിഹായസില്‍
ചക്രവാളപ്പെരുമയോളം പറക്കണം