സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday 27 September 2018

ഭഗവതികുന്നിലമ്മ കീർത്തനം

ഭഗവതികുന്നിലേ  
മാതംഗിനി ദേവി
മധുരവാണിയോടെ
കൈതൊഴുന്നേൻ
ശാന്തസ്വരൂപിണിയായ്
പടയണിപ്രിയയായ്
അനുഗ്രഹംചൊരി-`
യണേ വരദായിനി

രുചിരമുഖശോഭയായ്
വരവർണിനിയായ്
കുങ്കുമകളഭാദി
അഭിഷേകയായ്
നന്മസ്വരൂപിയായി
നിറഞ്ഞിടുമമ്മേ
കന്മഷ ചിന്തകൾ
അകറ്റേണമേ

ചതുർഭുജസമന്വയമായ്  
മൂലമന്ത്രാത്മികയായി
പട്ടുടയാടചുറ്റി
വിഭൂഷിതയായ്
അമൃതവർഷം ചൊരിഞ്ഞ്
കുടികൊള്ളുമമ്പേ
പാദാംബുജത്തിൽ
വണങ്ങിടുന്നേ

-രാജീവ് ഇലന്തൂർ
01/ 10/ 2018

Wednesday 26 September 2018

പിറന്നിടം

ഹൃദയം പറഞ്ഞകഥകേട്ടുറങ്ങുന്ന 
പിഞ്ചുപൈതലായ് ഞാൻ; 
നിൻ മടിത്തട്ടിലെ ചൂടേറ്റുറങ്ങും 
കുഞ്ഞു പൈതൽ ഞാൻ.. 
ചിന്തകളെഴും  വഴികൾ- 
പടർന്ന് നിൻ മൃദു മേനിയിൽ 
മാതൃത്വമേറ്റു വളർന്നുയർന്നു ഞാൻ 

നിന്നധരം പൊഴിച്ചിട്ട കഥകൾ പലതുണ്ട് 
മനസ്സിൽ, കിനിയും പാട്ടുകളേറെയുണ്ട് 
തളരാതെ വാടാതിരിക്കാൻ കരുത്തിന്റെ 
കതിർനാമ്പുകൾ കരളിലുണ്ട് 

പണ്ട്പണ്ടേ  മുതൽക്കെ നീയീ രണഭൂമിയിൽ 
കണ്ണീർപൊഴിക്കാതെ, പുഞ്ചിരി പൂക്കൾ 
പകുത്തുനൽകിയ ധീരമാതാ 
ചിതറികിടക്കും ഞരമ്പുകളാഹൃത്തടത്തിൽ 
ഒന്നായ് മിടിച്ചു ജീവൻ പകർന്നു 

നിന്നിൽപടരുന്നകാറ്റിന്റെ  നന്മതൻ സുഗന്ധവും,  
നിന്നിലൊഴുകുമാ;നീർപുഴയുടെ പദ താളങ്ങളും,
നിന്നിലെനക്ഷത്രവീഥികൾ പൊഴിക്കും പൊൻപ്രകാശവും 
പകർന്നെന്നാത്മാവിലെ ദീപം തെളിച്ചിടൂ 
കാലമെത്തുമ്പോളീമടിത്തട്ടിലെ  സ്വച്ഛന്ദതീരത്തു 
അലിഞ്ഞു മെയ്ചേർന്ന് വീണ്ടുമാഹൃദയത്തി- 
ലൊരു  പുനർജനിയൊരുക്കണെ 

Monday 17 September 2018

വിശ്വകർമ്മ കീർത്തനം

പഞ്ചരത്നവല്ലരിപോലിന്നുനമ്മളോ 
ഒന്നായി വാഴ്ത്തിടുന്നു പഞ്ചാനനെ 
അഞ്ചിതൾ പൂവുപോലിന്നെന്നിലോ 
അൻപോട്  ശ്രീ  വിളങ്ങി നിൽക്കണേ 

പഞ്ചഭൂതസന്നിവേശ ബ്രഹ്മരൂപമേ 
ഏകചിന്തയോടെയിന്ന്  വർത്തിചെയ്തിടാം 
നിത്യസുന്ദരപ്രപഞ്ച പുണ്യസൃഷ്ടാ 
സത്യരൂപമായിന്നു  പൂജചെയ്തിടാം 

ചിന്മയാനന്ദഹേതു സർവ്വപാലകാ 
ലോകനന്മസുഖമൊരുക്കി  വാഴ്‌വൊരുക്കണേ 
പഞ്ചവേദനാഥനാം ഗുരുപ്രപഞ്ചമേ 
അഞ്ചുകർമമേകമായ്  കോർത്തിണക്കണേ 


Monday 10 September 2018

നീ അവരെ വെറുതേ വിടൂ

നീ  അവരെ  വെറുതേ  വിടൂ..
നിന്റെ നാശം  ക്ഷണിപ്പവത് അവരല്ല
അവരുടെ  മടിയിലോ പണത്തിനു  കനമില്ല..
നീ  അവരെ  വെറുതേ  വിടൂ..

അവർ നിത്യവർത്തി കണ്ടെത്തും മാനുജർ
അവർ നിന്നെ നിഷേധിക്കാതെ കഴിയുന്നവർ
അവർ സ്വജീവിതം മറയില്ലാതെ  കാട്ടുന്നവർ
നീ  അവരെ  വെറുതേ  വിടൂ....

അവർ നിന്റെ  ചിതക്കായ്  മണ്ണ്  കട്ടെടുത്തവരല്ല
അവർ നിന്റെ കൽസ്തനങ്ങളെ തച്ചുടച്ചവരല്ല
അവർ നിന്റെ  മൺമലകളെ  അറുത്തിട്ടവരല്ല
അവർ നിന്റെ  വന്യമന്ദാരങ്ങളെ കൊയ്തവരല്ല
അവർ  നിന്റെ  തണ്ണീർനിലങ്ങളെ  തരിശാക്കിയവരല്ല
നീ  അവരെ  വെറുതേ  വിടൂ...

അവരല്ല നിന്റെ  നൽപ്പാട്ടുകളെ വികൃതമാക്കിയത്
അവരല്ല  നിന്റെ അടിയൊഴുക്കിന് തടയണയിട്ടത്
അവരല്ല നിന്റെ  പാതാള സ്മരണകളിൽ കനലിട്ടത്
അവരല്ല നിന്റെ താഴ്‌വാരചായ്‌വിൽ  ബഹുനിലമിനാരം-
കെട്ടിയതു..  നീ അവരെ  വെറുതെ  വിടൂ...

നിന്റെ സൗന്ദര്യ സ്രോതസുകൾ നശിപ്പിച്ചവരുടെ 
കണക്കുകളെവിടെയാ  സൂക്ഷിച്ചത്.. 
മലകൾ തകർത്തവർ, കാടുകയ്യേറിയവർ
പുഴകളെ  വാറ്റിയവർ,  നീർത്തടം  നികത്തിയവർ
മാലിന്യകൂമ്പാരമൊരുക്കിയവർ..
അസന്തുലിതാ മണ്ഡലം  തീർക്കുന്നവർ..
എല്ലാത്തിനുമോ കൂട്ട് നിൽക്കുന്ന വെള്ളക്കോമരങ്ങൾ
ഇവരല്ലയോ  നിന്റെ പുസ്‍തകത്തിലെ..
ചുവന്ന വരയിട്ട  പേരുകൾ..
ഇവരെപ്പോഴും ധനമതഹന്തകൊണ്ട് സംരക്ഷിതർ
ഇവരെപ്പോഴും നിന്നെ മർദിച്ചു നടക്കുന്നവർ
ഇവരെ  തിരഞ്ഞൊന്നു  പിടിക്കുന്ന ശക്തിയായ് നീ വരിക
ശക്തിയായി നീ  വീണ്ടും വരിക..

ആ  പാവമാം നന്മതന്നുറവിടങ്ങളെ  വെറുതെ വിടൂ...
നീ  അവരെ  വെറുതേ  വിടൂ...

-രാജീവ്‌ ഇലന്തൂർ(8/9/18)
x

Wednesday 5 September 2018

മാലേ

പത്തനംതിട്ടപ്പെണ്ണേ തക തക 
പമ്പതന്നമ്പിളിയെ തക  തക 
കുന്നിന്റെ ഓമനയെ തക  തക 
പട്ടണ പെൺകൊടിയേ...

അമ്പല ദേശങ്ങൾ ആതിരമുറ്റങ്ങൾ 
ആടുന്ന കൺമണിയെ 
പള്ളിമണികൾ കിലുങ്ങുന്ന വേളയിൽ 
ആനന്ദം കൊള്ളുന്നോളേ... 
വേഷങ്ങൾ വർണങ്ങൾ ആകെ തിളങ്ങുന്ന 
സംസ്‌കൃതി സമ്പന്നെയെ...
പത്തനംതിട്ടപ്പെണ്ണേ.. 

പച്ചിലക്കാടുകൾ നീളെ തളിർക്കുന്ന 
വിണ്ണിന്റെ  സൗഭാഗ്യമേ..
പള്ളിയോടങ്ങൾ  തുള്ളിക്കളിക്കുന്ന 
സൗന്ദര്യ തീരഭൂവേ...
താളങ്ങൾ മേളങ്ങൾ ഒന്നായി മാറുന്ന 
കേരള പൊന്മകളെ... .. 
പത്തനംതിട്ടപ്പെണ്ണേ...

പഴമയുടെ ഓണം

പഴമതൻ പാട്ടായ് ഓണം  തെളിഞ്ഞു   
പുതുമയിൽ മാനവർ നന്നേയൊരുങ്ങി 

കതിരോന്റെ  മുറ്റത്തു പൂക്കൾ  വിരിഞ്ഞു
പൂപ്പൊലി പാട്ടിന്റെ താളം മുഴങ്ങി

നിറമുള്ള ഓർമ്മകൾ പാരിൽ നിറഞ്ഞു 
തുമ്പികൾ ശലഭങ്ങൾ പാറിപ്പറന്നു 

നതോന്നത താളങ്ങൾ വഞ്ചിയിൽ  പാടി
പുലികളി കൂട്ടങ്ങൾ തുള്ളിക്കളിച്ചു 

മലനാടിൻ രുചികളാൽ സദ്യ ഒരുക്കി 
പലവിധ  പായസ പാത്രം നിറഞ്ഞു

ഘോഷമായ്  മോദമായ് എതിരേറ്റുവോണം 
മലയാളി മാനസം ഒന്നായ് വിളങ്ങി 


പുഴയായ്

ഒഴുകിയേതോ  വഴികൾ  തേടി 
പഴുതു മൂടിയാ പുഴയായ് 
മിഴിനീരിനാലെ ഞാനലിഞ്ഞു 
തിരശീല വീണൊരു മാറിലായ് 
പറയാനൊരായിരം കഥകളൊക്കെയും 
ബാക്കിയായതു  മാത്രമായി

പൊന്നോണം

മനസില്‍ വിരിയുന്ന
മലരാണീ പൊന്നോണം.. 
പൊന്നോണം..
കനവില്‍ നിറയുന്ന
കഥയാണീ പൊന്നോണം.. 
പൊന്നോണം 

അഴലുകള്‍ മാറ്റുന്ന പുതുനിലവായ്..
അരികിലെത്തീയെന്‍ പൊന്നോണം..
അരികിലെത്തീയെന്‍ തിരുവോണം.
പൊന്നോണം.... (മനസ്സിൽ)

ചിങ്ങമൊരുങ്ങി  ചിരിതൂവീ 
തുമ്പികളാകെ  പാറുമ്പോൾ 
ഓണം  വരവായ് ......ആ...ആ..
ഓണം  വരവായ്..  ഉണരും മനമായ് 
പൂക്കളൊരുക്കും.. മുറ്റമൊരുങ്ങും.. 
നിനവിന്നോരം  തഴുകി..
പൂക്കളൊരുക്കും.. മുറ്റമൊരുങ്ങും.. 
നിനവിന്നോരം  തഴുകി..തഴുകീ... (മനസിൽ..)

പാലോളിപോലെ  ലാവുണർന്നു
വഞ്ചി പാട്ടിൻ   ശീലുണർന്നു 
ഓണം  നിറമായ്..... ആ.. ആ..
ഓണം  നിറമായ്.. ബാല്യം കനിവായ്..
ഊഞ്ഞലിലാടാം..  പലകളികൂടാം.. 
മോദം വരുമൊരു നേരം.. 
ഊഞ്ഞലിലാടാം..  പലകളികൂടാം.. 
മോദം വരുമൊരു നേരം.. നേരം...(മനസിൽ.. )

x