സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday, 26 September 2015

കേരളനാട്

പൂമാനം വിരിയുന്നു
മലയാളം ഉണരുന്നു
ഹരിതാഭം ഉയരുന്നു
കരയാകെ പടരുന്നു
തൂശനില തുമ്പച്ചോറിൽ
മനമാകെ നിറയുന്നു

കാറ്റുമൂളി കോട്ടകത്തകങ്ങളും
         പാട്ടുപാടി നീലേശ്വരറാണി.
തെയ്യംതിറ തുള്ളുന്നൊരു കാവും
         പയ്യാമ്പല തീരത്തൊരു തോടും
ചുരമുണ്ട് കാടുണ്ട് മേടും, കുന്നിൽ
         കുളിരിന്റെ മാറാപ്പി൯ ശീലും
കല്ലായിത്തീരത്തൊരു ഹൽവാമണവും
         ബിരിയാണിച്ചെമ്പിന്റെ താളം
തുഞ്ചൊത്തൊരു ഗീതം ദഫ്മുട്ടി൯ താളം
          മൈലാഞ്ചിമൊഞ്ചൊത്ത പെണ്ണും
നിളചാരുത വാഴുന്നൊരു ഭൂവും
          നെല്പാടക്കതിരി൯ പൊന്നൊളിയും
പൂരം പൊടിപൂരം പുലിമേളം
           തെരുവോരം കലാമേളം

ചീനവയലൂഞ്ഞാലി൯ കായലി൯തീരം
          ആഴിപ്പരപ്പിൽ കപ്പലോട്ടം
അക്ഷരനഗരിത൯ ഹൃത്തിൽപ്പടരും
           മാ൪ഗംകളിപ്പാട്ടി൯ പതം
തേക്കടിക്കായലും പെരിയാറി൯ ഭംഗിയും
           നീലക്കുറിഞ്ഞിത൯ പൂമണവും
കായൽപ്പരപ്പിലായ് കെട്ടുവള്ളം പിന്നെ,
          പുഞ്ചപ്പാടത്ത് താറാക്കൂട്ടം
വഞ്ചിപ്പാട്ടിന്റെ താളവും പമ്പയാറി൯ തീരവും
          നാട്ടുഭംഗിയായ് പടയണി
വേണാടുനാടിന്റെ മഹിമ കൊതിച്ചി-
           ട്ടിലം വേണ്ടെന്നു ചൊല്ലിടാം
പത്മനാഭ൯ വാഴുന്ന നാട്ടിലെ
          രാജ ചാരുത വാഴ്ത്തീടാം

Tuesday, 8 September 2015

കൃഷ്ണാമൃതം

സ്വരമുണ൪ത്തിയ വഴികൾ 
നീളേ മുത്തു പൊഴിയുമ്പോൾ..
വേണുഗായകാ.. മന്ദഹാസം
ഉള്ളിൽ നിറയുന്നൂ....

തിരുമുടിയ്ക്കുള്ളിൽ വീശി-
നിന്നൊരാ പീലി കണ്ടപ്പോൾ..
ഗോപനായകാ.. നയനമാകെ
വ൪ണ്ണമേഴും കണ്ടു..

വെണ്ണതൂവും ഉറി കമഴ്ത്തി നീ-
കുസൃതി കാട്ടുമ്പോൾ..
നീലവ൪ണ്ണാ.. നാവിലാകേ
രസമുണരുന്നൂ...

യമുനയോരത്ത് പ്രേമഭാജ്യമായ്
പൂത്ത് നില്ക്കുമ്പോൾ..
ഗോപികരമണാ.. ലോകമാകെ
പ്രണയം വിരിയുന്നൂ...