സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Wednesday, 15 October 2014

കാവിലൊരു മേളം

കാവിലൊരു മേള-
     മതു പടയണിത്താളം
വന്ദിച്ചു നിന്നു
    നിലാവിന്റെ വെട്ടം
മണലില്‍ തരികളെ
    തൊട്ടിലാക്കി
ആടിത്തുടങ്ങി
    പിശാചു മൂര്‍ത്തി.
 
ദേവിചരിതം
   ഒഴുകുന്ന ഗീതം
പാടുന്നചുണ്ടില്‍
    മാറ്റൊലിത്താളം
ഉള്‍ത്തടം വിങ്ങും
    കണ്ണിലെല്ലാം
തുടിക്കുന്ന താളം
    പടയണിത്താളം

കളരിയിലെത്തുന്നു
   കോലം
ഭക്തിയില്‍ മുങ്ങിയ
   നേരം
കൈമണിത്താളം
   തപ്പുതാളം
ഉയരുന്നു നെഞ്ചിന്റെ
  ജീവതാളം

Friday, 30 May 2014

കുരുവിക്കൂട്

മുറ്റത്തുള്ളൊരാ
മരച്ചില്ലയിലൊരുകൂടു
കണ്ടവള്‍ മധുരഹാസം തൂവി.

ചെറുനാരുകളെത്ര
കോര്‍ത്തുകൊണ്ടാ
മലര്‍ക്കുടം പോലൊരു കൂട്.

തെന്നലില്‍
സ്പര്‍ശമേറ്റിട്ടൂയലാടി
കളിച്ചിരുന്നൊരാ കൂട്ടില്‍

കളകളം പാടിയിരുന്നൊരു
കുരുവിയെകണ്ടവള്‍
ആകാംഷപൂണ്ടാല്‍.

മെല്ലെ പടികേറി
പുരപ്പുറമെത്തിയനേരമാ തൂവല്പക്ഷി
പറന്നുമാറി ദൃക്കയച്ചു.

പിന്നെയാക്കൂടിന്റെ-

യുള്ളിലേക്കായ് കണ്ണയച്ചവള്‍
എകാഗ്രമായ് നിന്നു.

ചെറുവെള്ളാരം
കല്ലുകള്‍പോല്‍ മൂന്നുമുട്ടകള്‍
കണ്ടുതന്‍ മനം കുളിര്‍ത്തു.

തിരിഞ്ഞൊന്നു നോക്കിയനേരം
അമ്മക്കുരുവിയും  അവളുടെ ഉദരത്തി
ലേക്കു നോക്കുന്ന പോല്‍

അവിടെയുമുണ്ട്
പിറവിക്കായ്
കാത്തിരിക്കുന്നൊരമ്മമനസ്സ്.

Wednesday, 2 April 2014

കാറ്റ്

മിണ്ടാതെപോയ കാറ്റിന്റെ 
         കൂടെയെന്റെ
ആത്മാവും ഊര്‍ന്നു
           പോകയായ്..

ചിതറിക്കിടക്കുന്ന 
          നഗ്നപുഷ്പത്തിന്‍
സുഗന്ധവും  
        എന്റെ കൂടെവന്നു

പാഴ്മരച്ചില്ലയില്‍ 
        ഉറങ്ങിനിന്നിടും
പഴുത്തിലകളും 
        കൂട്ടമായ് വന്നു

നിലാവിന്റെ 
         നിശബ്ദവലയമിക്കാറ്റില്‍
ചൂളം വിളികളായ്
          ഭേദിച്ചുപോയ്

തണുത്തഭൂമിതന്‍ 
         മാറില്‍തെന്നി-
യാകാശം താണ്ടി 
         പായുന്ന കാറ്റേ

താഴേക്കു നോക്കൂ..
         എന്റെ മെയ്ത്തടം
നിദ്രയില്‍ത്തന്നെ, 
          നിദ്രയില്‍ത്തന്നെ.

പ്രഭാതംവരെ 
          കാത്തുകിടക്കുമെന്‍
ദേഹത്തിലേക്കാത്മാവിനെ
          മടക്കിടുക.

ഉണരട്ടെ ഞാന്‍ 
         ആ പുലരിയില്‍
വീണ്ടുമാക്കാറ്റായ് 
           എന്നെ ചുറ്റിനടക്കൂ..

Thursday, 6 February 2014

രമവിഷാദം

അക്ഷികളെത്ര സാക്ഷികളെത്ര
പക്ഷമതിന്മദം കക്ഷികളെല്ലാം
മൃത്യുകഠോരം ചെമ്പട ക്രൂരം
സത്യമെശ്രേഷ്ഠം രഥ്യമസമരം
ഭവ്യമിതേവ കാരണവര്‍ത്തേ
ദിവ്യമനേവം സങ്കുചവര്‍ത്തേ
അരുണസമേതേ കാരാഗ്രഹഃസ്തേ
ചിരകാലമണ്ഡലേ സുഷുപ്തിതേ !
പുനരുദ്ധൂതം തമസ്സോമയാമഹം
തനുനിശ്ചേതനം തിരസ്കരമന്യം
കനിവതുതേടും ധീരവനിതെ..
ഉണരുമതിനെന്‍ വിസ്ഫോടനം


Friday, 10 January 2014

ഇരുളിന്റെ തോഴി

എന്റെ  മനസിന്റെ തിരുമുമ്പിലുണ്ടെന്നും
മായാത്ത  അഴകിന്റെ  മുഖബിംബം
നിനവിന്റെ നൂലിഴ നെയ്തെടുത്തീടുന്നു
കനിവിന്റെ നീരാള സ്പര്‍ശനങ്ങള്‍

പിന്‍പെ പൊഴിച്ചിട്ട പുഷ്പ ശരണിയി-
ലെന്റെ കാല്പാടുകള്‍ പതിഞ്ഞിടുന്നു
നീയറിഞ്ഞീടുമോ എന്റെ കുളിര്‍മകള്‍
നിന്റെ കാല്പാടുകള്‍ കവര്‍ന്നിടുമ്പോള്‍

വഴിനടത്തിയ ഹസ്തമാര്‍ഗങ്ങള്‍തന്‍
നേര്‍രേഖയും മാഞ്ഞുപോകുന്നു ദൂരെ
ഊന്നുവടികളില്‍ കാലം വരച്ചിട്ട
ഓര്‍മ്മതന്‍ പാതകളാണെന്റെ ജീവിതം

തമസിന്റെ കൂട്ടിലെ വെണ്ണിലാപക്ഷിയായ്
നീയെന്റെയുള്ളില്‍ സ്ഫുരിച്ചിടുന്നു
സ്വതന്ത്ര,നീയെന്റെ മനസിന്‍ വിഹായസില്‍
ചക്രവാളപ്പെരുമയോളം പറക്കണം