സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Friday 27 April 2012

ബന്ധങ്ങള്‍

ചങ്ങലക്കൊളുത്തായി ചുറ്റിക്കിടക്കുന്നീ-
ബന്ധങ്ങളോരോന്നും
ചാലകമായൊരീ കണ്ണികള്‍ ചാരെയിരുന്നു
കാണാപ്പുറങ്ങള്‍ തിരയുന്നു
ഇവയൊന്നു ചേര്‍ന്നിരിക്കുന്നതോയി

ബന്ധം, അതൊ ഇതു ബന്ധനമോ

സ്നേഹത്തിന്‍ ആലയിലുരുക്കി
ഒരുക്കിയ അച്ചിലെ കണ്ണിയാണോയിത്
അതൊ,കാറ്റത്തുലഞ്ഞു നിന്നൊരാ വള്ളിയിലെ-
തോരണ വര്‍ണ്ണ പത്രങ്ങളോ

ഈ ബന്ധങ്ങളേല്ലാം പേരോതി വിളിച്ചു നാം
ഹൃദയത്തിന്‍ കണ്ണിയില്‍ കോര്‍ത്തിടുംബോള്‍
അറിയാതെയൊന്നീ കണ്ണിയകന്നാല്‍
നീറും തുരുംബു കഷ്ണമായ് മാറുമെന്‍ മനം

കാണാമറയത്തിരുന്നു കാണുന്നതും
നിശ്വാസമായരികിലെത്തുന്നതും
കരമൊന്നു ചേര്‍ന്നു നെഞ്ചോടണയുന്നതും
അധരങ്ങളലിയുന്നതും ഈ ചങ്ങലക്കുരുക്കില്‍

മണ്ണിലെ പച്ചയാം മനുഷ്യര്‍ നാം
പരസ്പരം മനസെന്ന കണ്ണിയില്‍കോര്‍ത്തീ-
സ്നേഹച്ചങ്ങല തീര്‍ത്തു നല്‍കാം
സ്നേഹംനിറഞ്ഞൊരി ബന്ധത്തിനു
പേരില്ല പെരുമയില്ല 


Thursday 19 April 2012

ചുവര്‍ചിത്രം

എന്‍ ഗൃഹത്തിന്‍ മുന്‍വാതിലിന്നരികിലായ്
ചുവരിന്നു മനോഹാരിതയേകാന്‍
തൂങ്ങിനില്‍ക്കും ചുവന്ന-
റോസാപുഷ്പം നിറഞ്ഞ ചിത്രം

ചിന്തയിലാണ്ടു വിടരാന്‍ മറന്നു-
പോയൊരീ പൂവിന്‍ ദളങ്ങളില്‍
അറിയാതെ പതിഞ്ഞുനിന്നൊരീ മഞ്ഞുതുള്ളി-
യേതോ രഹസ്യം മൊഴിയും പോലെ.

നീലനിറം വിതാനിച്ചൊരീ
ആകാശപ്പരപ്പിലേകയായ് നിന്നൊരീ
കന്യകയാം സുന്ദരിപ്പൂവിന്‍
ഇതള്‍ സ്പര്‍ശമേല്‍ക്കാന്‍ കൊതിച്ചു-
ശലഭങ്ങളോരോന്നു പറന്നടുക്കവെ

പടര്‍ന്നൊരീ വള്ളിപ്പടര്‍പ്പിന്‍ മുള്ളുകള്‍
തറക്കാതെ മൂടി നില്‍ക്കുന്നൊരീയിലകളും
മാതൃത്വമെന്തെന്നറിഞ്ഞൊരീ ഇളംതണ്ടിന്നഗ്രത്തായ്
തെന്നലേറ്റു അസ്വാദനം പൂണ്ടുനില്‍പ്പൂ

ഇന്നെന്റെ കല്പനയില്‍ ജീവന്‍ തുടിച്ചൊരീ-
ചിത്രമെന്നും കണ്ണിലൊപ്പിയെ-
ഞാന്‍ പടിയിറങ്ങൂ-കാരണം, 

ഈ കാഴ്ച്ചയെനിക്കന്യമാണീ മഹാനഗരത്തില്‍

Wednesday 18 April 2012

അകത്താളുകള്‍

അനന്തമായൊരീ പുസ്തകത്താളുകള്‍
ഇവയെല്ലാമൊരമ്മതന്‍ മക്കളല്ലോ
ജനിപ്പിച്ചതിന്നു സര്‍ഗശക്തിയുടെ-
ബീജമാം മഷിത്തുള്ളികള്‍

വടിവൊത്തതൊ, ചിലതു മടങ്ങിയതൊ
അതൊ കീറിയതോ,എല്ലാം 
കറുത്തക്ഷരങ്ങള്‍ പതിഞ്ഞ
പഴമ മണക്കുന്ന പുത്തനാം പുരാവസ്തുക്കള്‍

മറയാത്ത സംസ്കാരമാണതിന്‍ സത്യം
അലിയാത്ത പൈതൃകമാണതിന്‍ പുണ്യം
തോരാത്ത തപസ്യയാണതിന്‍ ഭാവം
നേരിന്‍ വെളിച്ചവുമേകുവാനാണതിന്‍ ധര്‍മ്മം

എന്‍ വിരലുകള്‍ തലോടി മറയുന്നതാളിലെ
അംബുകളാണതിന്‍ അക്ഷരങ്ങള്‍, എന്‍
ഹൃത്തില്‍ പാഞ്ഞു തറച്ചുപോയ്, നിണഭരിതമായ്
ആ രക്തമിന്നെന്‍ മഷിത്തണ്ടു നിറക്കുന്നുവോ -
പുതിയ താളുകള്‍ക്കായ്

Thursday 12 April 2012

അത്താഴം

മഴ പെയ്തുതോര്‍ന്നൊരീ യാമത്തില്‍
ഇരുള്‍ വീണ ഓലപ്പുരതന്‍ ഉമ്മറപ്പടിയിലവള്‍
തണുപ്പിന്‍ വിറയിലോടെ
കണ്ണുനട്ടിരുന്നു, ആരെയോ കാത്തിരുന്നു

ചാരെയിരുന്നു കരഞ്ഞ പൈതലിന്‍
വായൊന്നുപൂട്ടാനവള്‍ക്കായില്ല
ഒട്ടിയ വയറുമായ് ഓരത്തിരുന്നൊരീ-
യുണ്ണിടെ കണ്ണിലെ കണ്ണീരുവറ്റിയുറങ്ങി

റാന്തല്‍ വിളക്കു തിരിതാഴ്ത്താന്‍
മടിക്കുന്നു നിനക്കുവേണ്ടി
മുടിക്കെട്ടും അരക്കെട്ടുമൊരുപോലെ-

മുറുക്കീ നീ പിന്നെയും കാത്തിരുന്നു

അന്നമില്ല!! ഈ അല്ലലുമായവള്‍
അഴലിലുഴറി നീറുന്നു.

വെറുമൊരു പഥികനല്ലവളുടെ കാന്തന്‍
അവര്‍ക്കായ് കരുതുമൊരു പാഥേയ-
മെന്നുമീ  ഭാണ്ഡത്തിനുള്ളില്‍
അതാണാക്കാത്തിരിപ്പിന്‍ അര്‍ത്ഥം

ഇരുളിനെ ഭേദിച്ചവനെത്തുമെന്നോര്‍ത്തി-
രിപ്പൂ അവള്‍ പതിവായ്
എന്നുമീ അത്താഴവിരുന്നേകിയെ
അവനുറങ്ങാറുള്ളീപ്പുരക്കീഴില്‍

പതിവുതെറ്റാതെയണഞ്ഞു അവന്‍-
തന്‍ പൈതലിനെ വരിയെടുത്തു
ചുംബനമേകിയാ നിദ്രഭേദിച്ചു-
തരളമാം മാറോടണക്കവെ

ഭാണ്ഡമഴിച്ചവള്‍ മൂന്നായ് പകുത്തീ
പാഥേയം,തന്‍ കുഞ്ഞിനുമേറ്റവും നല്‍കി
ഒരു പിടിച്ചോറുരുട്ടി കുഞ്ഞിന്‍ വായില്‍ പകരവെ
തന്‍ കണ്‍തടങ്ങളും ആര്‍ദ്രമായ്
അവളുടെ മുഖത്തെ ചന്ദ്രോദയം
സാക്ഷിയായ് അവന്റെ പങ്കും കഴിച്ചു

"ആരുണ്ടറിയുന്നീ പൊതിച്ചോറില്‍
ഉറഞ്ഞൊരി പാഷാണ തല്പം"

അവനേകിയ വിഷാംശം കഴിച്ചവശയായ്
അവര്‍ വിറയാര്‍ന്നു വീഴവെ
കണ്‍കൂംബി കിടന്നൊരാ പൈതലില്‍
ചുണ്ടില്‍ മറായാതെയെന്നുമീ പാല്പ്പുഞ്ചിരി

അന്തിയുറങ്ങും മുന്‍പ് കഴിക്കുന്നതാണത്താഴം
ഇന്നീ അത്താഴമൊ കഴിച്ചു മൂവരും
എന്നേക്കുമായുറങ്ങാന്‍..!!!
എന്തിനെന്നറിയില്ല??? ഈ ചോദ്യവുമെന്‍ മനസില്‍ കിടപ്പൂ.!!!

Wednesday 4 April 2012

ഓര്‍മ്മയില്‍ പ്രിയസഖീ

ഇലപ്പൂക്കള്‍ പൊഴിഞ്ഞൊരീ-
ജീവിതസായാഹ്നത്തിലിന്നു-
ഞാന്‍ തനിയെ നടന്നുനീങ്ങവെ
അടിതെറ്റി വീഴാതെയെന്നെ-
കാത്തൊരീ  മധുരമാം ഒര്‍മകള്‍

"
കാര്‍ത്തിക വിളക്കിന്നരികില്‍ തെളിഞ്ഞൊരാ-
മുഖമെന്‍ മനസില്‍ തിരിതെളിയിച്ച നാള്‍
ഒരു ജന്മസുകൃതമായ് അണിയിച്ച താലിയു-
മായ് സഖിയെന്‍ വാമഭാഗം ചേര്‍ന്നൊരാ വേളയില്‍

പിന്നെയോരൊ ദിനങ്ങളും പോരാതെ-
വന്നുനിന്‍ പ്രേമത്തിന്‍ ആഴത്തിലെത്താന്‍
മനസില്‍കുറുകിയ കിന്നരിപ്രാവിന്റെ
മധുരസ്വരങ്ങളെന്‍ ജീവിതതാളമായ്

 സ്നേഹം നിറഞ്ഞ അക്ഷയ പാത്രമാണെന്‍-
സഖി പകര്‍ന്നോരൊ അമൃതകണങ്ങളും
ബാക്കിവച്ചെപ്പൊഴൊ യാത്രയായെന്‍
വാമഭാഗവും ശൂന്യമായ് "

ഇന്നെന്റെ യാത്രയിലിടറുന്ന
കാലടി കാക്കുവാനരുമില്ല
കൂട്ടായുണ്ടൊരീ ഓര്‍മ്മതന്‍ ഊന്നുവടിയുമായ്
നിന്നിലേക്കെത്തുവാന്‍ യാത്ര തുടരുന്നു..
http://www.youtube.com/watch?v=Q_OfYhEWKak