സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Monday, 10 April 2017

മഴയുടെ നിഴലുകൾ

അമ്മയുടെ മടിത്തട്ടിലെ 
ആത്മസംഘർഷത്തിൻ 
ജലരേഖകൾ വറ്റിയൊഴിഞ്ഞു. 
നീറുന്ന നെഞ്ചിലുമൊരു 
നിശ്വാസകാറ്റുണ്ട്, തിലെ
ഈർപ്പവും ഉൾവലിഞ്ഞു !
ദാഹിച്ചുവലഞ്ഞൊരു  നീർരേഖ 
തേടിയലമുറയിടുന്ന 
ഉദരശേഷിപ്പുകൾ വിണ്ടുകീറി.
കോടികളുണ്ട് മക്കളെന്നാലും 
അമ്മയ്ക്കു ചുരത്തുവാൻ 
ക്ഷീരകേദാരങ്ങളോ തച്ചുടച്ചു. 
സർവ്വംസഹയ്ക്കൊന്നു പരിതപിച്ചു- 
കരയുവാൻ കണ്ണീരില്ലീ 
മിഴിത്തടാകത്തിലും! 
മക്കളെ,യെൻ്റെ പച്ച ചേലയും 
തീവച്ചു നശിപ്പിച്ചുവോ? 
ഒടുവിലിൻ്റെ നഗ്നമേനിയും 
കത്തിയെരിയുന്നു...
ഇനിയും നിനക്ക് മഴവേണമത്രേ !
"കരിഞ്ഞുണങ്ങിയ ജലബിന്ദുക്കൾ 
നിൻ്റെ  ശ്മശാനത്തിലെ നിഴലായ് നില്ക്കും"

Wednesday, 8 March 2017

സ്ത്രീ

തേങ്ങുമീ നോവിൻ്റെ  തീരങ്ങളിൽ
പുഞ്ചിരി തൂവുന്ന പൂവാണു നീ.
തേടുമീ സ്നേഹത്തിൻ ആഴങ്ങളിൽ
വിരിയുമീ മഴവില്ലിൻ അഴകാണു നീ.

നീറുമീ ഭൂവിൻ്റെ ഉൾക്കാമ്പിനുള്ളിൽ
ജ്വലിക്കുന്ന ജ്വാലാമുഖിയാണു നീ
ഈശ്വരൻ അലിയുന്ന സത്വത്തിനുള്ളിൽ
സാകൂത ശക്തിയാം പ്രകൃതി നീയും

ആർദ്രമാം മനസ്സിൻ്റെ ശിഖരത്തിലെന്നും
ചുരത്തുന്ന പാലിൻ്റെ മധുരമോ നീ
മാതൃത്വ ഭാവത്തിൽ സ്വരരാഗധാരയിൽ
ശ്രുതിയിടും തമ്പുരു തന്ത്രിയോ നീ

നിന്നിലേ നിനവിൻ്റെ സഞ്ചാരപാതയിൽ
നീളുമീ ജീവൻ്റെ പരിണാമവും
എന്തിനീ കാലത്തിൻ കവചത്തിനുളളിൻ
വിതുമ്പിടും നാരിയായ് മാറുമോ നീ

Tuesday, 14 February 2017

അകലെയോ സഖീ

എൻ്റെ ഹൃദയത്തിലേയ്ക്കൊരു 
ചുവന്നപുഷ്പം മുറിവേറ്റു വീണു.. 
ഇറ്റിറ്റൊഴുകുന്ന രക്തബിന്ദുക്കളെൻ 
ഹൃദയത്തിലേയ്ക്കാഴ്ന്നിറങ്ങി. 

നിൻ്റെ മൗനമാണതെങ്കിലാ-
സന്ധ്യകളെല്ലാം  അസ്തമിയ്ക്കുന്നതെൻ 
ഹൃദയത്തിലേയ്ക്കാണെന്നു,
മറന്നുപോകയോ സഖീ 

കരഞ്ഞു  മഴയായ് മാറാൻ 
കഴിയില്ലെനിയ്ക്കീ  രാത്രിയിൽ 
ഹൃദയതത്തുടിപ്പു മുഴങ്ങുന്നു  
ഇടിനാദമെന്നപോലെ  സഖീ 

നീ തനിച്ചാണെങ്കിലും നിൻ്റെ 
ഗന്ധമലഞ്ഞുവരും  ശലഭമാം ഓർമ്മകൾ 
എന്തിനീ നീറ്റലിൽ ഒടുവിലായ് 
മുറിവേറ്റുവീണീ  ഹൃദയഭൂവിൽ സഖീ   

കരയല്ലേ നീ.. മനോജ്ഞമാം ഹൃത്തടത്തിൽ 
ഈ വിരഹതാപമെല്ലാം ഉരുകിയെൻ്റെ-  
ധമനികൾ നിറയട്ടെ, ഉണർന്നിരിയ്ക്കാം
നിന്നസാന്നിധ്യമകലും വരേയും സഖീ 

Saturday, 23 July 2016

പുതിയ ചുവപ്പ്

ചുവന്നരക്തം കൊണ്ടന്ധരായ-
വരെത്രയുണ്ടീ ഹരിതമാം ഭൂവിൽ

അന്തമാമന്ധതയകറ്റീടുവാൻ
കപടവിപ്ലവം പൂക്കുന്ന സിരകൾ
ദ്രവിച്ചിടേണം

മത്തുപിടിച്ചലസമായുറങ്ങിയവരീ-
ക്കാലത്തിലെ പണ്ടാരപാത്രങ്ങളിൽ

വാളുകൾ സംസാരിയ്ക്കുന്നതത്രേ സത്യ-
മെന്നു വീണ്ടും വീണ്ടും ജല്പനങ്ങളോതുന്നു.

പുറമേ പുതുചിന്താധാരയേറിയെന്തിനീ -
നാടിന്റെ നെറുകയിൽ നാട്യമാടുന്നു

വെന്തെരിഞ്ഞ നാടിന്റെ ഭസ്മം കാക്കുന്ന
നീറുന്ന കോടിമനസുകളുണ്ടിവിടെ

നീതിയുടെ കണ്ണുമൂടിവച്ചിരുന്നിട്ടെന്തിനീ
നീതിമാനായ് നീരാളിപ്പിടുത്തം നടത്തുന്നു.

എന്തിനീ മുറിപ്പാടുകൾ സൃഷ്ടിച്ചുസഞ്ചാരം
നടത്തിയുല്ലസിയ്ക്കുന്നുമിപ്പാരിൽ

ഈ നാടിന്റെ ചിന്തകളെത്ര ചുവന്നിരിയ്ക്കുന്നു
ഇന്ദ്രിയങ്ങങ്ങളെ മേയ്ക്കും ചാട്ടവാറുകൾ കയ്യിലായ്

നെട്ടോട്ടമോടുന്ന പാവം ജനതയിൽ
സത്യ ബിന്ദുക്കൾ മറഞ്ഞു പോകുന്നതെത്രചിന്ത്യം

ചിന്തുകൾ സൂക്ഷ്മവാക്യങ്ങളായ് തറച്ചതൊക്കയും
തിരിച്ചെടുത്ത് സത്യം തേടിപ്പുറപ്പടേണമേ നാം

എന്നേയ്ക്കുമായന്ധരായവരെത്ര കണ്ണട
വച്ചിട്ടു കാര്യമെന്തെ?

ദുഷ്പ്രചരണശരങ്ങളേറ്റേറ്റുള്ളവരുടെ കാഴ്ചകൾ
മാങ്ങാതിരിയ്ക്കണമേയിനിയെങ്കിലും .

Friday, 1 July 2016

വധം

ഞാൻ ഭൂമിയാണ്, 
നിങ്ങളുടെ ഭൂമി.. 
ഞാൻ മണ്ണാണ്,
നിങ്ങളുടെ മണ്ണ്.. 
ഞാൻ ജലമാണ്,
നിങ്ങളുടെ ജലം.. 
ഞാൻ വായുവാണ്,
നിങ്ങളുടെ പ്രാണവായു.. 

ഞാൻ നിലനില്പാണ്...

ചിലതുണ്ട് ,എന്നും
ശത്രുവായ് നില്ക്കുന്നത് 

പലതുണ്ട് , ഇന്നും
മനസിൽ മായത്തത്.


ശത്രുവാണവർ,
എന്നെ മൂടിവച്ചവർ 

എന്നെ തൂക്കി വിറ്റവർ 
എന്നെ പലതായ് അളന്നവർ 
എന്നെ വിഷമയമാക്കിയവർ
എന്നെ കൊല്ലാതെ കൊല്ലുന്നവർ

നന്മയുടെ ശീതമുള്ളിലുണ്ടെന്നാലും,

ധർമ്മത്തിന്റെ കാറ്റാണ് ശക്തി... 
ധർമ്മത്തിന്റെ കാറ്റാണ് ശക്തി... 
ശത്രുവിനെ വധിയ്ക്കാനാണെനിക്കിഷ്ടം 
നന്മയുടെ ഹേതുക്കളന്ധകരാകുമ്പോൾ 
വധമാണെനിക്കിഷ്ടം,കൊലപാതകമല്ലാ!

വധത്തിനു ശേഷമോ; വിചാരണവേണ്ട! 

ഞാൻ വിതുമ്പിക്കരയുേമ്പോഴും..
നന്മയുടെ ഗീതം മുഴങ്ങിയാൽ മതി.. 
ഒരു നന്മയുടെ ഗീതം മുഴങ്ങിയാൽ മതി.

Saturday, 18 June 2016

അവൾ

ചിലു - ചിലം കിലുങ്ങുന്ന 
കൊലുസാണവൾ
കുറു- കുറെ  കുറുകുന്ന
പ്രാവാണവൾ

കുടു- കുടെ ചിരിയ്ക്കുന്ന
സ്വരമാണവൾ
നനു - നനെ നനയുന്ന
മഴയാണവൾ

കൊലുസാണവൾ -
പദതാളമായ്  പതിയെ
പഥം തേടിവന്നവൾ

പ്രാവാണവൾ -
ചിറകടികൂട്ടി ചേർന്ന്
ഹൃദയത്തിൽ കൂടുകൂട്ടിയവൾ

സ്വരമാണവൾ -
രാഗമായ് നിറഞ്ഞ്
മനസിൽ സംഗീതം തീർത്തവൾ

മഴയാണവൾ -
ധാരയായ് പെയ്ത്
എന്നേയ്ക്കുമായ് അലിഞ്ഞവൾ

ആരാണവൾ -
കിലുങ്ങി കുറുകി
ചിരിച്ചു നനഞ്ഞ പെണ്ണാണവൾ.


Friday, 22 April 2016

പ്രണയം- ഒരു മൗനസഞ്ചാരം

നേരോടെ പറയാം  ഞാനെന്റെ - "പ്രണയം"!
എന്നോ മൗനമായ് മാറിയ - "പ്രണയം" !

ഹൃദയമാം സരസിൽ താമരപ്പൂക്കൾ- 
തളിർത്തില്ല! പിന്നീടോരിയ്ക്കലും.
ഇന്നെന്റെ, പ്രണയം മൗനമാണതെ-
ല്ലാത്തിനും മൂകസാക്ഷിയാണ്.

ദൂരെയേതോ വികലമാം കോണിൽ 
നീയിന്നു സ്വപ്നസഞ്ചാരിയാവാം!
ഞാനെന്റെ പ്രണയത്തെ അയക്കട്ടെ -?
പക്ഷേ, അത് മൗനമാണ് !.

ഓർത്തുപോയാൽ -നമ്മളാം 
വള്ളിക്കുടിലിൽ ചിത്രശലഭങ്ങളുണ്ടാവാം..!
പക്ഷേ, ഇന്നും മലരുകൾ തോറും 
മൗനിയായ്  മധു തേടുന്നവർ.

എന്തേ?  - പ്രണയം നിലാവിലലയുന്നത്?
നിശബ്ദ മാരുതനിൽ അലിഞ്ഞലിഞ്ഞു 
രണ്ടു ദിക്കിലേക്കായ്  സംക്രമം 
ചെയ്തുപോയ്‌ -"പ്രണയം"!