സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday 6 December 2018

ശബരിമല അയ്യൻ

പതിനെട്ടു പടികേറി എത്തിടും മുന്നിൽ 
തെളിയുന്ന പൊരുളാണെന്റെയയ്യൻ 
നീ തേടിയലയുന്ന ദൈവ ചേതസ്സു 
നീതന്നെയെന്നു ചൊല്ലുമയ്യൻ  
കനിതേടി മലതാണ്ടി വ്രതമേറ്റു ചെന്നിടും 
ചിന്മുദ്ര സന്നിധിയെന്റെയയ്യൻ  

"സ്വാമി അയ്യൻ ശരണ ഗാഥയയ്യൻ 
പൂങ്കാവനത്തളിരിന്റെ  നാഥനയ്യൻ"

ഋതുമതിയെ ആചാര പൊരുളറിയിച്ചിടും 
നൈഷ്ഠിക ചേതസ്സാണെന്റെയയ്യൻ 
മതഭേതമില്ലാതെ വർണമേതില്ലാതെ 
ഏകത്വമോതുന്നൊരെന്റെയയ്യൻ 
ഇരുമുടിയേന്തി നെയ്‌നിറച്ചെത്തുമ്പോൾ 
അഭിഷേകം ചെയ്യുവാനോതുമയ്യൻ
  
"സ്വാമി അയ്യൻ ശരണ ഗാഥയയ്യൻ 
പൂങ്കാവനത്തളിരിന്റെ  നാഥനയ്യൻ"

പതിനെട്ടു മലയുടെ മലയനായ്  വാഴും 
പന്തളവാസനാം ബാലനയ്യൻ
തന്ത്രമന്ത്രാർച്ചിത  ശരണധ്വനികളാൽ 
മോക്ഷപർവ്വം പകർന്നേകുമയ്യൻ 
നിർമ്മാല്യ  ഭൂതനായ് കരളിൽ കഴിയുന്ന 
ആശ്രയ ഭാവമാണെന്റെയയ്യൻ 

"സ്വാമി അയ്യൻ ശരണ ഗാഥയയ്യൻ 
പൂങ്കാവനത്തളിരിന്റെ  നാഥനയ്യൻ"

-രാജീവ്‌ ഇലന്തൂർ 

No comments:

Post a Comment