സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday 23 July 2016

പുതിയ ചുവപ്പ്

ചുവന്നരക്തം കൊണ്ടന്ധരായ-
വരെത്രയുണ്ടീ ഹരിതമാം ഭൂവിൽ

അന്തമാമന്ധതയകറ്റീടുവാൻ
കപടവിപ്ലവം പൂക്കുന്ന സിരകൾ
ദ്രവിച്ചിടേണം

മത്തുപിടിച്ചലസമായുറങ്ങിയവരീ-
ക്കാലത്തിലെ പണ്ടാരപാത്രങ്ങളിൽ

വാളുകൾ സംസാരിയ്ക്കുന്നതത്രേ സത്യ-
മെന്നു വീണ്ടും വീണ്ടും ജല്പനങ്ങളോതുന്നു.

പുറമേ പുതുചിന്താധാരയേറിയെന്തിനീ -
നാടിന്റെ നെറുകയിൽ നാട്യമാടുന്നു

വെന്തെരിഞ്ഞ നാടിന്റെ ഭസ്മം കാക്കുന്ന
നീറുന്ന കോടിമനസുകളുണ്ടിവിടെ

നീതിയുടെ കണ്ണുമൂടിവച്ചിരുന്നിട്ടെന്തിനീ
നീതിമാനായ് നീരാളിപ്പിടുത്തം നടത്തുന്നു.

എന്തിനീ മുറിപ്പാടുകൾ സൃഷ്ടിച്ചുസഞ്ചാരം
നടത്തിയുല്ലസിയ്ക്കുന്നുമിപ്പാരിൽ

ഈ നാടിന്റെ ചിന്തകളെത്ര ചുവന്നിരിയ്ക്കുന്നു
ഇന്ദ്രിയങ്ങങ്ങളെ മേയ്ക്കും ചാട്ടവാറുകൾ കയ്യിലായ്

നെട്ടോട്ടമോടുന്ന പാവം ജനതയിൽ
സത്യ ബിന്ദുക്കൾ മറഞ്ഞു പോകുന്നതെത്രചിന്ത്യം

ചിന്തുകൾ സൂക്ഷ്മവാക്യങ്ങളായ് തറച്ചതൊക്കയും
തിരിച്ചെടുത്ത് സത്യം തേടിപ്പുറപ്പടേണമേ നാം

എന്നേയ്ക്കുമായന്ധരായവരെത്ര കണ്ണട
വച്ചിട്ടു കാര്യമെന്തെ?

ദുഷ്പ്രചരണശരങ്ങളേറ്റേറ്റുള്ളവരുടെ കാഴ്ചകൾ
മാങ്ങാതിരിയ്ക്കണമേയിനിയെങ്കിലും .

Friday 1 July 2016

വധം

ഞാൻ ഭൂമിയാണ്, 
നിങ്ങളുടെ ഭൂമി.. 
ഞാൻ മണ്ണാണ്,
നിങ്ങളുടെ മണ്ണ്.. 
ഞാൻ ജലമാണ്,
നിങ്ങളുടെ ജലം.. 
ഞാൻ വായുവാണ്,
നിങ്ങളുടെ പ്രാണവായു.. 

ഞാൻ നിലനില്പാണ്...

ചിലതുണ്ട് ,എന്നും
ശത്രുവായ് നില്ക്കുന്നത് 

പലതുണ്ട് , ഇന്നും
മനസിൽ മായത്തത്.


ശത്രുവാണവർ,
എന്നെ മൂടിവച്ചവർ 

എന്നെ തൂക്കി വിറ്റവർ 
എന്നെ പലതായ് അളന്നവർ 
എന്നെ വിഷമയമാക്കിയവർ
എന്നെ കൊല്ലാതെ കൊല്ലുന്നവർ

നന്മയുടെ ശീതമുള്ളിലുണ്ടെന്നാലും,

ധർമ്മത്തിന്റെ കാറ്റാണ് ശക്തി... 
ധർമ്മത്തിന്റെ കാറ്റാണ് ശക്തി... 
ശത്രുവിനെ വധിയ്ക്കാനാണെനിക്കിഷ്ടം 
നന്മയുടെ ഹേതുക്കളന്ധകരാകുമ്പോൾ 
വധമാണെനിക്കിഷ്ടം,കൊലപാതകമല്ലാ!

വധത്തിനു ശേഷമോ; വിചാരണവേണ്ട! 

ഞാൻ വിതുമ്പിക്കരയുേമ്പോഴും..
നന്മയുടെ ഗീതം മുഴങ്ങിയാൽ മതി.. 
ഒരു നന്മയുടെ ഗീതം മുഴങ്ങിയാൽ മതി.

Saturday 18 June 2016

അവൾ

ചിലു - ചിലം കിലുങ്ങുന്ന 
കൊലുസാണവൾ
കുറു- കുറെ  കുറുകുന്ന
പ്രാവാണവൾ

കുടു- കുടെ ചിരിയ്ക്കുന്ന
സ്വരമാണവൾ
നനു - നനെ നനയുന്ന
മഴയാണവൾ

കൊലുസാണവൾ -
പദതാളമായ്  പതിയെ
പഥം തേടിവന്നവൾ

പ്രാവാണവൾ -
ചിറകടികൂട്ടി ചേർന്ന്
ഹൃദയത്തിൽ കൂടുകൂട്ടിയവൾ

സ്വരമാണവൾ -
രാഗമായ് നിറഞ്ഞ്
മനസിൽ സംഗീതം തീർത്തവൾ

മഴയാണവൾ -
ധാരയായ് പെയ്ത്
എന്നേയ്ക്കുമായ് അലിഞ്ഞവൾ

ആരാണവൾ -
കിലുങ്ങി കുറുകി
ചിരിച്ചു നനഞ്ഞ പെണ്ണാണവൾ.


Friday 22 April 2016

പ്രണയം- ഒരു മൗനസഞ്ചാരം

നേരോടെ പറയാം  ഞാനെന്റെ - "പ്രണയം"!
എന്നോ മൗനമായ് മാറിയ - "പ്രണയം" !

ഹൃദയമാം സരസിൽ താമരപ്പൂക്കൾ- 
തളിർത്തില്ല! പിന്നീടോരിയ്ക്കലും.
ഇന്നെന്റെ, പ്രണയം മൗനമാണതെ-
ല്ലാത്തിനും മൂകസാക്ഷിയാണ്.

ദൂരെയേതോ വികലമാം കോണിൽ 
നീയിന്നു സ്വപ്നസഞ്ചാരിയാവാം!
ഞാനെന്റെ പ്രണയത്തെ അയക്കട്ടെ -?
പക്ഷേ, അത് മൗനമാണ് !.

ഓർത്തുപോയാൽ -നമ്മളാം 
വള്ളിക്കുടിലിൽ ചിത്രശലഭങ്ങളുണ്ടാവാം..!
പക്ഷേ, ഇന്നും മലരുകൾ തോറും 
മൗനിയായ്  മധു തേടുന്നവർ.

എന്തേ?  - പ്രണയം നിലാവിലലയുന്നത്?
നിശബ്ദ മാരുതനിൽ അലിഞ്ഞലിഞ്ഞു 
രണ്ടു ദിക്കിലേക്കായ്  സംക്രമം 
ചെയ്തുപോയ്‌ -"പ്രണയം"!


Wednesday 9 March 2016

കാവ്യകന്യക

നിന്നെക്കുറിച്ചുള്ള 
"കവിത" ഞാൻ 
എഴുതട്ടെയീ-
വിരൽതുമ്പിനാൽ.
മനസ്സിന്റെ 
മണൽത്തട്ടിൽ -സ്നേഹം 
കുറിയ്ക്കുന്ന 
മനോഹരമാം-വരികൾ!
തിരയോട്  പറയാം,
പുല്കിമായ്ക്കാതെ- 
മെല്ലെത്തലോടുവാൻ , 
നിന്റെ ഹൃദയത്തിൽ 
താഡനമേല്ക്കാതെ,  
രക്തം ചീന്താതെ ,
വന്ദനം നടത്തിടാൻ 
നിർമ്മല  സ്നേഹത്തിൽ 
നിതാന്തമായ് നിനക്കായ് 
തിരയിൽ തീർക്കുമാ-  
അഴകിന്റെ 
ജലകന്യകയെ!,
എന്റെ മനസിലെ  
കാവ്യകന്യകയെ!! 

Thursday 21 January 2016

സനാതനം

നിരന്തരമെത്ര ഒളിയമ്പുകള്‍
തറയ്ക്കുന്നു നെഞ്ചില്‍
വിറകൊണ്ടു നിന്നീലാ മണ്ണില്‍
തമസോ ചിന്തയില്‍ കൂടീല്ല 
പഴമ മണക്കുന്ന മണ്ണിലെ
നിത്യമാം ആത്മചൈതന്യമേ
നിന്നെലെ മുറിവുകള്‍ പൂക്കളായ്
പൂക്കുന്നതല്ലേയെന്നും ചരിത്രം
ചുവപ്പിച്ച കണ്ണുമായ് എത്തിയവരെല്ലാമാ
സത്യപ്രഭയിൽ  പിന്തിരിയുന്നു
ആടിന്റെ തോല്‍ ചമച്ചവര്‍
നന്മയുടെ ആചാരങ്ങളനുകരിയ്ക്കുന്നു.
ആയുധമേന്തി വംശം നശിപ്പിയ്ക്കാൻ 
ആവതില്ലാ ഒരുവനുമിഭൂവിൽ
സൃഷ്ടി താളത്തിൽ സനാതനമെന്നും 
അവതാരമാനവർ രക്ഷ നല്കും
ഭൂവിലെ പുണ്യഭൂവായ്  ലോകം 
ചമയ്ക്കുന്ന  ധർമ്മതപോവിനി 
വന്ദനം വന്ദനം നിത്യസനാതനേ 
വന്ദനം വന്ദനം ചിന്മയകാരിണി