സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday, 26 June 2012

ഓര്‍മ്മയുടെ മറവികളില്‍
"മറക്കുമോയെന്നെ നീ.. കാഴ്ച്ചയുടെ അഴങ്ങളില്‍
മറക്കുമോയെന്നെ നീ.. മൊഴികളുടെ ഉച്ചത്തില്‍
മറക്കുമോയെന്നെ നീ..  മനസിന്റെ മാറാപ്പുകളില്‍
മറക്കുമോയെന്നെ നീ.. ഓര്‍മ്മയുടെ കൊടുമുടിയില്‍"

നിന്‍ മിഴിനീര്‍കണത്തിനെന്നെ അറിയാതിരുന്നെങ്കില്‍
നിന്‍ കണ്‍പീലി എന്‍നേര്‍ക്കു കൊട്ടിയടഞ്ഞിരുന്നെങ്കില്‍
നിന്‍ കാഴ്ച്ചക്കു  തിമിരം ബാധിച്ചിരുന്നെങ്കില്‍
മറക്കാം- നിനക്കെന്നെ കാഴ്ചയുടെ ആഴങ്ങളില്‍


നിന്‍ ചുണ്ടുകള്‍ നാണിച്ചു വിറച്ചിരുന്നില്ലെങ്കില്‍
നിന്‍ മൊഴികളെനിക്കു കാവ്യഗീതികളല്ലെങ്കില്‍
നിന്‍ മാറ്റൊലികളെന്‍ മുന്നില്‍ മൂകമാരുന്നെങ്കില്‍
മറക്കാം- നിനക്കെന്നെ മൊഴികളുടെ ഉച്ചത്തില്‍

നിന്‍ മാനസകോട്ടയിലെന്നെ ബന്ധിച്ചിരുന്നില്ലെങ്കില്‍
നിന്‍ ഹൃദയത്തുടിപ്പുകളെന്നെ മന്ത്രിച്ചിരുന്നില്ലെങ്കില്‍
നിന്‍ മനസില്‍ ഞാനെന്ന കേടു ബാധിച്ചിരുന്നില്ലെങ്കില്‍
മറക്കാം- നിനക്കെന്നെ മനസിന്റെ മാറാപ്പുകളില്‍

നിന്‍ നിനവിന്‍ ഹസ്തങ്ങളെന്നെ തിരഞ്ഞിരുന്നില്ലെങ്കില്‍
നിന്‍ നീര്‍ച്ചാലുകള്‍തന്‍ ഉറവിടം ഞാനല്ലയെങ്കില്‍
നിന്‍ ഓര്‍മ്മക്കു എന്നെയോര്‍ത്തു മറവിസംഭവിച്ചെങ്കില്‍
മറക്കാം- നിനക്കെന്നെ ഓര്‍മ്മയുടെ കൊടുമുടിയില്‍

Thursday, 21 June 2012

കടത്തുകാരന്‍

ഇരുകര ഇരുപതു തുഴപ്പാടുകൊണ്ടെ-
റിഞ്ഞു തുഴഞ്ഞിടും കടത്തുകാരാ..


ഞാനൊന്നു പുക്കു നിന്റെ തോണിയിതേലും
തുഴഞ്ഞോളൂ തുഴഞ്ഞോളൂ ഞാനുമുണ്ടെ..

തലേക്കേട്ടും കാവിമുണ്ടും നനഞ്ഞിട്ടില്ല
കഴക്കോലും ഊന്തിയിന്നു നില്‍ക്കുന്നിത..


പറഞ്ഞിടും ഇന്നാട്ടിലേ  കഥകളൊക്കെ

കഴുത്തോളം വെള്ളമുണ്ടെന്നുറക്കെപ്പാടും..
 
കൈകള്‍രണ്ടും താളത്തില്‍ തുഴയമര്‍ത്തും
നൗകയിന്നു മറുകര എത്തിച്ചിടാന്‍..


ഒഴുക്കെല്ലാം വെടിപ്പാക്കി പാറിച്ചിടും
കാഴ്ചക്കാര്‍ ഞങ്ങളെല്ലാം കളിപ്പാവകള്‍..

അഞ്ചുപേരുടെ അഞ്ചുരൂപ കടത്തുകാശ്

അഞ്ചുവയറു നിറച്ചിടാന്‍ വഞ്ചിതള്ളുന്നൂ..

നഞ്ചുമില്ല നാണ്യമില്ല അറകളില്‍..
പുഞ്ചിരിച്ചു മൊഞ്ചുകാട്ടി വഞ്ചിതള്ളുന്നു...

Saturday, 16 June 2012

സ്വം

കാറ്റുവന്നണച്ചിടാതെ കാക്കുന്നു-
യെന്നിലെ അണയാത്ത ദീപത്തെയിന്നും
ചകിതനായ് ജീവിതത്തിരയെണ്ണിയീ-
തീരത്തു മണല്‍ത്തരിപുല്‍കിനില്പൂ

ഇന്നെന്‍ ഹൃത്തിനെ രണ്ടായിമുറിച്ചിടാ-
ലെനിക്കൊരു ഭ്രാതാവിനെ പ്രാപ്യമൊ.
കഥകള്‍പറഞ്ഞിരിക്കാനും,കാലം
പാടുന്ന കവിതകള്‍ ഏറ്റുചൊല്ലാനു-
മെനിക്കൊരു ഭ്രാതാവിനെ പ്രാപ്യമൊ.

അമ്പരമുറ്റത്തിനിയുമലങ്കാരമില്ല-
യിന്നെന്‍ മനസും തീരവുമൊരുപോലെ.
അശ്രുകണങ്ങളാല്‍ മറ്റൊരാഴി-
തീര്‍ത്തിടുവനിനി ത്രാണിയുമില്ല

സ്വന്തമെന്തന്നറിയതെ,കേണു-
സോപാനസംഗീതം പാടിയെന്‍ മനസിന്‍-
നട തുറക്കട്ടെ ഞാനിന്നു,ദേവനെ
കണ്ടു കണ്‍പാര്‍ത്തു നിന്നിടട്ടെ.

ഞാനും പിന്നെ ഞാനും മാത്രമായിന്നു-
കൈകള്‍കോര്‍ത്തു ചുറ്റിനടന്നിടാമീ-
സ്വച്ഛന്ദ തീര പ്രദക്ഷിണവഴിയില്‍ -
കുറുകുന്ന പ്രാവുകള്‍ സാക്ഷിയായ്

Monday, 11 June 2012

ജന്മദിനം,ഒരു കുറിപ്പ്

ഒരു ദിനം കൂടി കറുത്തിരുണ്ടു-
കണ്‍ മൂലയിലൊളിക്കാനൊരുങ്ങവെ
തിരികെയൊരു യാത്രയിതസാധ്യമെന്ന-
തോന്നലിലൊരു ജന്മദിനം പോകവെ

പൊഴിഞ്ഞ നക്ഷത്രപ്പൂക്കളെയീ ധരയില്‍-
വെട്ടിക്കീറി തിരഞ്ഞുനോക്കിയൊരു
പുഷ്പവര്‍ഷം നടത്താന്‍, ഒരു
വര്‍ണപ്രതല പ്രതാപ പൊന്നാടയൊരുക്കാന്‍

കഴിഞ്ഞയാത്രയിലെ കാലടി തിരയാന്‍
ഭൂതക്കാണ്ണാടി  ഒരുക്കിയിതെന്‍ ജീവിത-
താളുകളില്‍,ഈ പഴയഗ്രന്ഥങ്ങളില്‍.
എഴുതിവച്ചിരുന്നൂ ഓര്‍മ്മാക്ഷരങ്ങള്‍

അച്ഛ്നോടൊപ്പം..
മ്മയോടൊപ്പം.. നടന്ന-
വഴികളെ നന്ദിയോടെ സ്മരിക്കാമീദിനത്തില്‍
കുറുക്കുവഴികളില്ലതെ കടന്നുപോയ്
ഇക്കാലമത്രയും നേര്‍വഴിമാത്രമായവര്‍ മുന്നിലും

വര്‍ഷം ഒന്നുകൂടി കുറിച്ചിടാമീദിനത്തില്‍
ഒരു പുരാവസ്തുവിന്‍ പിറവിക്കായ്
ദ്രവിച്ചൊടുങ്ങട്ടെ പുത്തന്‍ ജീവിത-
ച്ചൊവയുടെ  കറുത്തക്ലാവുപിടിച്ച്..

Friday, 8 June 2012

മഞ്ചാടി

തിളങ്ങും കണ്ണുകള്‍,ഒരു നിലാപുഞ്ചിരി
അതായിരുന്നെന്‍ ചിറകുമുളക്കും ബാല്യം
എല്ലാം തുടിക്കുന്ന പ്രായം, ആഗ്രഹിക്കും പ്രായം
മനസുകള്‍ തിരിച്ചറിയാത്ത കാലം

വളപ്പൊട്ടുകളായിരം വര്‍ണം വിതറിടും
കുരുന്നിലകളും വിശറിയായ് മാറിടും
വെയിലും നറുനിലാവായ് മാറിടും
ഞങ്ങളാ മരച്ചുവട്ടില്‍ ഇരുന്നിടുമ്പോള്‍

അക്കരക്കരയിലേക്കെന്‍ ബാല്യത്തെ-
വലിച്ചെറിഞ്ഞു, അവിടെത്തളിര്‍ത്തുപുതു-
മഞ്ചാടിമരങ്ങള്‍,പൊഴിഞ്ഞു മഞ്ചാടിമുത്തുകള്‍-

അവിടെ വീണ്ടും പുതുബാല്യങ്ങളുണ്ടാക്കി

വഴിമാറാത്തിരീ നദിയും,പെയ്തുതീരാത്ത മഴകളും
അപ്പൊഴുമീ മഞ്ചാടിമണികളാരെയോ തിരഞ്ഞിരുന്നു
ഒരു പുഞ്ചിരിയെ,ഒരു ബാല്യത്തെ
നിങ്ങള്‍ക്കൊപ്പം ഉല്ലസിച്ചിടുവാനിനി ഞാനില്ലെ??

എല്ലാം പോയ്മറഞ്ഞിടാം..
എല്ലാം എവിടെയൊ പോയ് മറഞ്ഞിടാം..
കമ്പ്യൂട്ടറായ്.. ഇന്റെര്‍നെറ്റായി..
ടെലിവിഷനായ് പോയ് മറഞ്ഞിടാം..

Sunday, 3 June 2012

അപരിചിത

കഥയില്ലാതെയുള്ളോരീ ജീവിതത്തിനു-
കാവലായെത്തിയ തളിരമ്പിളിയൊ നീ
പരിപാലനമായ് പഴയൊരോര്‍മ്മായായ്
ഈ തുലാവര്‍ഷവേളയിളൊരു വിളക്കു വീശി

എന്നെയി നാലുകാലിന്നു മുകളില്‍-
ക്കിടത്തിയിട്ടിന്നു കാലമേറയായ്
ചലനമറ്റയെന്‍ ദേഹത്തിനു ദേഹി-
മാത്രം കൂട്ടായ് കിടക്കുന്നു ഞാന്‍

ആതുരമാം മനവും കായവും
കാലമാംചക്രത്തിലൂടെ ഉരുണ്ടുകളിച്ചിടും
ആ തേര്‍തെളിക്കാനെത്തിയ
വെള്ള പുതച്ചിടും മാലാഖയൊ നീ

അന്ത്യമാം സത്യം തേടിക്കിടക്കുമെന്‍
സ്വപ്നത്തിന്‍ ചിരാതു കൊളുത്തി നീ-
ആരൊക്കെയായ് മാറിയീനിമിഷത്തില്‍-
ഓര്‍ത്തുപോയ് ഞാന്‍ എന്‍ അമ്മയെ

അറിയില്ല നീയാരാണെന്നീ വേളയില്‍
ഏകനാമെന്നിലെ ജീവനെ തൊട്ടുവൊ നീ-
യേകും മരുന്നുകളൊക്കെ ജീവനാഡിയെ-
ത്തലോടി മനസിലെ തൂവല്‍സ്പര്‍ശമായ്

ഇനിയൊരു ജന്മമുണ്ടെങ്കിലെന്‍ മകളാകുമൊ നീ
സ്നേഹം പാടി നടക്കുമെന്‍ ഈണമായിടുമൊ
അടഞ്ഞിടുന്നെന്‍ കണ്ണുകള്‍ നിന്നെ നോക്കി
പോകട്ടെ  ഞാന്‍, ഈ കടപ്പാടുകള്‍ ബാക്കിയായ്