സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Tuesday, 26 June 2012

ഓര്‍മ്മയുടെ മറവികളില്‍
"മറക്കുമോയെന്നെ നീ.. കാഴ്ച്ചയുടെ അഴങ്ങളില്‍
മറക്കുമോയെന്നെ നീ.. മൊഴികളുടെ ഉച്ചത്തില്‍
മറക്കുമോയെന്നെ നീ..  മനസിന്റെ മാറാപ്പുകളില്‍
മറക്കുമോയെന്നെ നീ.. ഓര്‍മ്മയുടെ കൊടുമുടിയില്‍"

നിന്‍ മിഴിനീര്‍കണത്തിനെന്നെ അറിയാതിരുന്നെങ്കില്‍
നിന്‍ കണ്‍പീലി എന്‍നേര്‍ക്കു കൊട്ടിയടഞ്ഞിരുന്നെങ്കില്‍
നിന്‍ കാഴ്ച്ചക്കു  തിമിരം ബാധിച്ചിരുന്നെങ്കില്‍
മറക്കാം- നിനക്കെന്നെ കാഴ്ചയുടെ ആഴങ്ങളില്‍


നിന്‍ ചുണ്ടുകള്‍ നാണിച്ചു വിറച്ചിരുന്നില്ലെങ്കില്‍
നിന്‍ മൊഴികളെനിക്കു കാവ്യഗീതികളല്ലെങ്കില്‍
നിന്‍ മാറ്റൊലികളെന്‍ മുന്നില്‍ മൂകമാരുന്നെങ്കില്‍
മറക്കാം- നിനക്കെന്നെ മൊഴികളുടെ ഉച്ചത്തില്‍

നിന്‍ മാനസകോട്ടയിലെന്നെ ബന്ധിച്ചിരുന്നില്ലെങ്കില്‍
നിന്‍ ഹൃദയത്തുടിപ്പുകളെന്നെ മന്ത്രിച്ചിരുന്നില്ലെങ്കില്‍
നിന്‍ മനസില്‍ ഞാനെന്ന കേടു ബാധിച്ചിരുന്നില്ലെങ്കില്‍
മറക്കാം- നിനക്കെന്നെ മനസിന്റെ മാറാപ്പുകളില്‍

നിന്‍ നിനവിന്‍ ഹസ്തങ്ങളെന്നെ തിരഞ്ഞിരുന്നില്ലെങ്കില്‍
നിന്‍ നീര്‍ച്ചാലുകള്‍തന്‍ ഉറവിടം ഞാനല്ലയെങ്കില്‍
നിന്‍ ഓര്‍മ്മക്കു എന്നെയോര്‍ത്തു മറവിസംഭവിച്ചെങ്കില്‍
മറക്കാം- നിനക്കെന്നെ ഓര്‍മ്മയുടെ കൊടുമുടിയില്‍

No comments:

Post a Comment