സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Monday 29 October 2018

മലയാള നാട്

മധുര മലയാള നാടേ
സജല വാഹിനി ഭൂവേ
ഹരിത ചാരുത മാലേ
സുരഭി സുന്ദര ലോലേ

വർഷ മോഹിനി ധന്യേ
സഹ്യ - സാഗര രൂപേ
പുണ്യ പൂജന വന്ദ്യേ
കേര കേദാര ജന്യേ

സത്യ മാനസ മാനീ
സമത ലോചന നാഥേ
അമര ഭാഷിണി ദായീ
ചരണ വന്ദനം കൃപേ

എഴുതിയത് : രാജീവ് ഇലന്തൂർ

Thursday 18 October 2018

തുഷാരം

മാഞ്ഞുവോ പ്രിയമേഘമേ നീ 
മഴയിലൂറി വിതുമ്പീ
ലാളനത്തിൻ നിനവുണർത്തി
തെന്നലായ്  അലയുന്നു  ഞാൻ.

അന്തിയാമത്തിലന്നു മാഞ്ഞുപോ-
മന്ധമാമനുരാഗവും
ഉയരുന്നുവോയെൻ മൗനരാഗവും 
താരമായീ വിണ്ണിലും
നനയുന്നു ഞാനിന്നോർമയിൽ 
ഈ  വഴി മറന്നൊരു  പാതയിൽ 
ഇന്നേകനായ്  ഞാൻ  മാറവേ
ഉരുകി ഒഴുകിയെൻ  നൊമ്പരം 

അന്തരംഗത്തിലാദ്യമായ് കുറുകുന്ന
പ്രാവുകൾ മൂകമായ്
തഴുകുന്നുവോ നിൻ അലകളിൽ 
പ്രണയാർദ്രമായീ തീരവും
കരളിൽ തിളങ്ങുംമുത്തുപോൽ 
തെളിയുന്ന മുഖമോ ഇന്നിതാ
ഇന്നാർദ്രമായ് ഞാൻ  തേടവേ
തഴുകി ഉണരുമെൻ മർമരം 


-രാജീവ് ഇലന്തൂർ 

Thursday 11 October 2018

ഹൃദയവും ഹൃദയവും

മഴ പെയ്തു
രക്തവും വെള്ളവും ചേർന്നു .
പൂ വിരിഞ്ഞു 
ഗന്ധവും കാറ്റും അലിഞ്ഞു. 
നിഴൽ അകന്നു
സന്ധ്യയും രാത്രിയും ലയിച്ചു.
പുഞ്ചിരി തൂവി
ഹൃദയവും ഹൃദയവും ഒന്നായി.