സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Monday, 26 March 2012

മഴത്തുള്ളിയുടെ പുനര്‍ജന്മം

ആകാശനീലിമയിലെ സുന്ദരി-
യാകാന്‍ കൊതിച്ചൊരി വിണ്മേഘമിന്നു-
കാര്‍മുകിലായ് മാറിയേതോ-
കര്‍ക്കിടക രാവിന്‍ പേറ്റുനോവുമായ്

അമ്മയിന്നു ഗര്‍ഭം ധരിച്ചൊരീ മഴകണം
ജന്മം കാത്തിരിപ്പായീരാവില്‍
സൃഷ്ടികര്‍ത്താവിന്നനുഗ്രഹിച്ചൊരീ നേരത്ത്
പുഷ്ടിയാമൊരു നീര്‍ബിന്ദുവിന്നുജാതമായ്

അടര്‍ന്നുപോയൊരീ തുള്ളിയിന്നു പുക്കിള്‍-
ക്കൊടി ബന്ധമില്ലാതെയൊന്നുകാണാതെ
ക്ഷണികമായൊരീ യാത്രയിലിന്നുകൂട്ടായ്
കണികകള്‍ ഒരോന്നുവന്നുചേരവെ

മിന്നല്‍ പ്രകാശത്തിന്നഴകില്‍
കനല്‍ പോലെതെളിഞ്ഞൊരീമുത്ത്
ഭൂമിതന്‍ മാറോട്ചേരവെ
മമജീവനിന്നണഞ്ഞു പുതുജീവനേകാന്‍

പ്രയാണമായേതോ സാഗരമാം സ്മശാന-
മായൊരീ നീര്‍പരപ്പില്‍
താതനിന്നുദിച്ചുണര്‍ന്നീ പഞ്ചാശ്വത്തിനൊപ്പം
കാത്തിരുന്നീക്കണം മറ്റൊരുപുനര്‍ജന്മത്തിനായ്

Tuesday, 20 March 2012

ജനാലകള്‍ തുറക്കുംബോള്‍

ഇരുള്‍ നിറഞ്ഞൊരീ മൂകമാം മുറിയിലെന്‍
നിഴലിനെ തേടിയലഞ്ഞുപോകവെ
കണ്ണില്‍നിറഞ്ഞൊരി കറുപ്പെന്നേ-
മറ്റൊരു ഗാന്ധാരിയാക്കിയൊ


കുത്തഴിഞ്ഞൊരിമുടിയുമായ് ഞാന്‍-
കുത്തിയിരുന്നീ മുറിക്കോണില്‍
കണ്ണീര്‍ക്കണങ്ങളുമിരുട്ടിലലിഞ്ഞുപോയ്-
നിറമറിയാതെ
ഒരു നുറുങ്ങുവെട്ടവുമെനിക്കേകാന്‍ മറന്നു-
പൊയൊരീ മിന്നാമിന്നികള്‍
അലയുന്നുഞാനീ കൂട്ടിലൊരു
പ്രകാശകിരണത്തിന്‍ നേര്‍രേഖയെ


അടഞ്ഞൊരീ ജനാലയിലൂടൊരു നേര്‍ത്ത-
വെളിച്ചം  കണ്ടുവെങ്കില്‍
ആര്‍ക്കും തുറക്കാത്തൊരീപ്പൂട്ടിന്‍
അഴികള്‍ താനെതുറന്നുവെങ്കില്‍
ജലകണമില്ലാത്തൊരീ ശരീരമിന്നു
പാഴ്ത്തടിയായ് ഇരുട്ടില്‍ വീഴവെ-
യേതൊ പ്രകാശരൂപന്‍ എന്നെ കൊണ്ടു-
പോകാനെന്നിലേക്കണയവെ
കേട്ടുഞാന്‍ ജാനാലകള്‍ തുറക്കുന്ന ശബ്ദം
കണ്ടുഞാനാ പ്രാകാശരൂപനെ സുസ്മേരവാദനനായീ-
കൊടുംതപസ്സിന്നൊടുവില്‍                                       [ക്യാന്‍സര്‍രോഗികളുടെ സ്മര ണക്ക്..                                                 

Tuesday, 13 March 2012

മരത്തണലുകള്‍

തണലെന്ന വിരിമാറില്‍ ചായുവാനായ്
നടുവൊത്ത ചില്ലയില്‍ ഊഞ്ഞല്‍ കെട്ടാന്‍
കിളികള്‍ക്കു കൂട്ടായ് മാറുവാനായ്
തളിരോടെ ഞാന്‍ ഒരു മരവുംവച്ചു

വളര്‍ന്നു ഞാന്‍ അറിയാതെ നിന്നോടൊപ്പം
പടര്‍ന്നു നിന്‍ തണലുമെന്‍ മണിമുറ്റത്ത്
തുള്ളിക്കളിച്ചു എന്‍ പിള്ളകളവിടെ-
നീതന്ന മാമ്പഴവുമാസ്വദിപ്പൂ

എന്‍ പ്രിയതമയൊന്നുമെ സ്നേഹിച്ചുപോയ് നിന്നെ-
പ്പരിപാലിച്ചു വളര്‍ത്തിയൊരരുമയായ്
രാത്രിയിലാകവെ മാമ്പൂമണം പുതച്ചു-
ഞാനെന്‍ പത്നിയെപ്പുണര്‍ന്നുപോയ്

കയ്യിലൊരു വടിവന്നുചേരവെയെന്‍-
മുടിയാകെ വെള്ള പുതക്കുംബോളും
നീയും നിന്‍ തണലും എനിക്കാശ്വാസമായ്
എനിക്കൊരു മധുരനൊംബരക്കാറ്റായ്

മരണക്കിടക്കയില്‍ഞാന്‍ മെല്ലെ കണ്‍തുറന്നു-
നോക്കുമ്പോളും നീ വീശിക്കൊണ്ടിരിക്കുന്നു
അങ്കലാപ്പായെന്‍ മനമിതോര്‍ത്തു
എനിക്കൊപ്പമിന്നു ചിതക്കായ് ബലിയാകുന്നതു നീയൊ...!!!!

Saturday, 3 March 2012

എന്റെ സ്വകാര്യം

എന്റെ മാത്രമായ് ഓര്‍ത്തുവച്ചൊരീ
മുഖപ്രസാദമഴകെ എന്‍ മലരെ
ഇഷ്ട്മാണെങ്കിലും സഖീ ഞാനിതുവരെ-
യൊന്നുമോതീല്ല ചെമ്മെ

ഓരൊ പുലരിയും ജനിച്ചു നിന്നെക്കാണുവാന്‍
വെയില്‍നാളമണയുമ്പോളും നിറഞ്ഞൊരീ
പുഞ്ചിരിയുമായ് ഞാന്‍ ചാരവെ
നിറഞ്ഞുനിന്നീ വിണ്‍മുഖവുമോരൊ കനവിലും

വഴിയരികില്‍ നീ നടക്കും പാതയോരത്തു
കാത്തിരുന്നു നിന്നോടെന്തൊ ഓതുവാനായ്
എന്നിട്ടും പറയാന്‍ കഴിഞ്ഞില്ലെന്‍
വാക്കുകള്‍ മറനീക്കി വന്നീല്ലാ

കടന്നുപോയോരൊ ദിനങ്ങളും,നിന്നെ-
ധ്യാനിച്ച സമാന്തര രേണുവായ്
അറിഞ്ഞിരിക്കുമോ നീയെന്നുള്ളില്‍
അലയടിക്കും തിരപോലെയുള്ളൊരീ പ്രണയനൊമ്പരം

നീയറിയാതെ നിന്നെയറിയാന്‍ ശ്രമിച്ചൊരീ സ്നേഹം
കാറ്ററിയാതെ മഴയറിയാതെ വെയിലറിയാതെ
കാത്തുവച്ചൊരീ സ്നേഹം
എന്നുമെന്റെയീ സ്വകാര്യസ്വത്തല്ലയോ..

നിശബ്ദം ഒരു വിരഹം

സന്ധ്യമായും നേരം, രാവിന്‍-
ഗന്ധമണയും നേരം
കാത്തിരുന്നു നിന്‍ ശബ്ദവീചികളെ-
യീ,തത്തകൊഞ്ചല്‍ പോലെ

തിരിയണഞു നിന്നൊരാ വിളക്കി-
നരികെ നിന്നും ഞാനകലവെ.
തിരികെവരാന്‍ കൊതിക്കുമ്പൊളും
തിരികെനോക്കുവനെന്‍ അയനമനുവദിച്ചീലാ

എത്രരാത്രികളിലെന്‍ മനസിലെ
നേത്രതന്തുവിനെയുണര്‍ത്തി നീ-
രചിച്ച മധുര സ്നേഹഗാനമിന്നു-
വാചാലമാകുവാന്‍  മാത്രമായ്

അടര്‍ന്നു വീണൊരീ മുന്തിരിമുത്തിനെ
പടര്‍ന്ന വള്ളിയില്‍ ചേര്‍ത്തുവച്ചിടുമൊ
ക്ഷാമമില്ലെന്നും നിന്‍ കണ്ണീര്‍ത്തുള്ളിക്കു
സമമെന്‍ മനസുമെരിയുന്നീച്ചിതയില്‍

വീണ്ടും മുഴങ്ങീടുമോ നിന്‍ മണിനാദം
വണ്ടിനെ പോലെയെന്‍ ചെവിയില്‍ മൂളീടുമോ
മറക്കാന്‍ കഴിയാത്തൊരോര്‍മ്മയായ്
തറച്ചുപോയ് നിന്‍ സ്നേഹശബ്ദവീചികളെന്നില്‍

ചെറു പുഞ്ചിരി

ആടിക്കളിക്കാം നമുക്കീ 
ആവണിക്കാലത്ത്

തുള്ളിക്കളിക്കാം 

നമുക്കീ മഴക്കാലത്ത്

ഏന്നുമോര്‍ക്കും 

കഥകള്‍ പറഞ്ഞീരിക്കാം
നമുക്കീ തണല്‍-

മരങ്ങളില്‍..

കണ്ണാരം പൊത്തിക്കളിച്ചീടാം
കാതോരം പാട്ടുകള്‍ 

പാടി നടന്നീടാം

പിന്നെയോരോ കായ്മണികള്‍ 

പറുക്കി നടന്നീടാം

എന്നുമോര്‍ക്കും മധുരമീക്കാലം..

കല്പടവുകള്‍


എന്റെ ഏകാന്തതയിലെ 
പുണ്യമല്ലെ നീ..
ഏകനായ് ഞാന്‍ തേടും 
സത്യമല്ലെ നീ

എന്‍ എകാന്തത- 
വാചലമാകുന്നു
നിന്‍ സത്യത്തെ 
അംഗീകരിക്കുമ്പോള്‍

നിനക്കായ് കാത്തിരുന്നു 
ഈ പടവില്‍ ഒരു
നറു നിലാവയ് നീ വരുമൊ

നിന്‍ അരികില്‍ വരാന്‍ 
കൊതിച്ചു ഞാന്‍
ഈ പടവില്‍ ചേര്‍ന്നിരിക്കാന്‍  
മോഹിച്ചു.

കയ്യിലിരുന്ന കല്ലുകള്‍ ഈ കുളത്തില്‍ 
ഓളമുണ്ടാക്കുമ്പോള്‍
എന്‍ മനസു നിന്നെ 
തേടുകയല്ലേ

എന്നും ഈ മനസു 
നിനക്കായ് മാത്രം
ആ ഓളങ്ങള്‍ എന്നിലേക്കു 
അണയുന്നു

ഈ തണുപ്പും ഈര്‍പ്പം 
നിറഞ്ഞ പായലും
നമുക്ക് സ്വന്തമാവാന്‍ മാത്രമോ

എല്ലാം നമുക്കു മാത്രം , 
തണുപ്പ് നിന്നെ പുണരാന്‍
പായലുകള്‍ മെത്തയാക്കാന്‍

സ്നേഹമോടെ നാം തെളിനീര്‍ കുളത്തില്‍-
മുഖം നോക്കുമ്പോള്‍-
ആരൊ വലിച്ചെറിഞ്ഞു
ചെറുകല്ലുകള്‍...
കാലമാകും  പാറക്കല്ലുകള്‍

താരാട്ട്

കണ്ണാ.. താമരക്കണ്ണാ..
നിന്‍ മിഴിയഴകൊ ചിരിയഴകൊ.. 

അമ്മക്കെന്തിഷ്ട്ം...

പൊന്നെ പൊന്മകനെ കണ്ണാ..
ഓടിവായോ.. ചാരെവായോ..

വെണ്ണയുണ്ണാന്‍ വാ..

ഓടക്കുഴലിന്‍ താളമൊടെ..
അലഞ്ഞുലഞ്ഞാടുന്ന ചേലയോടേ...
നിര്‍ത്തമാടൂ ലീലകാട്ടൂ..
കണ്ണാ പൊന്നുണ്ണീ..

മയില്‍പ്പീലിതന്‍ ചേലോടെ..
മന്ദസ്മിതത്തിന്‍ അഴകോടേ..
ചായുറങ്ങൂ ചരിഞ്ഞുറങ്ങൂ..
കണ്ണാ എന്‍ മകനേ...

കുഞ്ഞുപ്രണയം


കണ്ണും കണ്ണും കണ്ടു കൊതിച്ചു -
കണ്ടാല്‍ മിണ്ടൂല്ലേ
മിണ്ടാപ്പൂച്ചക്കു കല്യാണത്തിനു-
മാല കൊരുത്തില്ലേ..
ആരും കാണാ പുസ്തകത്താളിലെ 
കഥ പറഞ്ഞില്ലേ..
ആരും കാണാ പൊന്മയില്‍ 
പീലി നീ ഒളിച്ചു വച്ചീല്ലേ..
കണ്ണാടിക്കടവത്തു 
ചൂണ്ടയെറിഞ്ഞീല്ലേ..
അന്നു മതിയോളം ചക്കരമാമ്പഴം 
തിന്നാന്‍ കൊതിച്ചീല്ലേ.
ആരും അറിയാതെ പറയാതെ മഴ മഴയോ...
കാണാമറയത്ത് കാണാതിരുന്നപ്പോള്‍ 
കാണാന്‍ കൊതിച്ചില്ലേ..
കണ്മിഴിക്കോണിലെ കണ്മഷിക്കൂട്ടുകള്‍ 
കഥപറഞ്ഞീല്ലേ..
ഒന്നും മിണ്ടാതെ അറിയാതെ മഴ മഴയോ..

അറിയാതെ.


നിനക്കാത്ത നേരം കദനങ്ങള്‍
ഓമനിക്കും നേരം
അറിയതെ ആരും-
തെളിയിച്ചില്ല ഈ വിളക്കില്‍
പ്രകാശം പരത്തുന്ന ഓര്‍മ്മകള്‍
അറിയാതെ തെളിഞ്ഞുവോ-
അറിയാതെ മാഞ്ഞുവോ
ഈ കണ്ണാടിയില്‍-
പടര്‍ന്ന മഞ്ഞുതുള്ളികള്‍
തെളിഞ്ഞ മുഖമോ ,വാടിയ മുഖമോ
ഞാന്‍ നനവാര്‍ന്ന-
കണ്ണാടിയില്‍ തിരഞ്ഞു.
കാണുന്നു നിന്നെ ഞാന്‍-
അറിയാതെ
തെളിഞ്ഞ ഛായാചിത്രമായല്ല, 
പിന്നെ കണുന്നു ഞന്‍
ഒരു മധുരമാം ഓര്‍മ്മയായ്
ഒരു നാദം തേടിവ്ന്നു, 
എന്നില്‍ താളം ഉയര്‍ന്നു.
പക്ഷെ എനിക്കും,
ഒരു മഞ്ചാടി പറിക്കാന്‍ തോന്നി
എല്ലാം അറിയതെ...അറിയതെ..