സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Sunday 19 August 2012

ഓണം തിരുവോണം

മനസില്‍ വിരിയുന്ന
      മലരാണീപ്പൊന്നോണം..
കനവില്‍ നിറയുന്ന
      കഥയാണീപ്പൊന്നോണം.
അഴലുകള്‍ മാറ്റുന്ന
      പുതുനിലാവായ്..
അരികിലെത്തീയെന്‍
      തിരുവോണം..
അരികിലെത്തീയെന്‍
      തിരുവോണം.

ചിങ്ങത്തുടിപ്പിന്റെ
       ചിന്തുകള്‍ പാടുന്ന-
പൂത്തുമ്പിയെങ്ങും
        നിറഞ്ഞുനില്‍ക്കെ
ഓര്‍മ്മകള്‍ പൂക്കളം
       ഒരുക്കുന്ന-
തിരുമുറ്റത്തൊരുകോണില്‍
      ഞാനും നിന്നിടുന്നൂ..
ഒരു കോണില്‍
       ഞാനും നിന്നിടുന്നൂ..

ഉത്രാടരാത്രിയില്‍ 
       എത്തുന്ന ലാവിന്റെ
കസവൊളിയിന്നെന്‍
         പുതുശ്ശീലയായ്..
ചന്ദനക്കുറിയിട്ടു 
         ചഞ്ചലമിഴികളാല്‍
ചൈത്രസുഗന്ധിക
         വിരിഞ്ഞു നില്‍ക്കേ..
ഈ ചൈത്രസുഗന്ധിക
         വിരിഞ്ഞു നില്‍ക്കേ..

Sunday 12 August 2012

നക്ഷത്ര സഞ്ചാരം

ദിക്കുകള്‍ ഏതെന്നറിയാതെ ജനിച്ച-
താരകം ദിക്കോടുദിക്കലഞ്ഞു നടന്നിടുന്നു
കറുത്ത മാനമനോഹരിക്ക് വെള്ളി-
പൊട്ടുകുത്തുകള്‍ക്കിടയില്‍ തിളക്കമായ്

ഭൂമിയില്‍ പിറക്കും മുന്‍പേയെന്നോടു-
കഥകള്‍ പറയാന്‍ തുടങ്ങിയ താരകം-
തലയില്‍ കുറിക്കാന്‍ നാരായമായ്
കാത്തിരുന്ന പോല്‍ കത്തിജ്ജ്വലിക്കുന്നു

വിന്യസിച്ചു ഒരു ജീവിത കഥയിന്നപോല്‍-
കുറിച്ചിട്ടു ശിരസിലെ വേരുപടലങ്ങളില്‍
ജനിച്ചിടാം നിന്റെ പേരിലിന്നീ ഭൂമിയില്‍
കടിഞ്ഞാണ്‍ നിന്റെ കയ്യിലെ ചാട്ടവാറാകരുതെ

ഗ്രഹത്തിന്‍ അഭ്രപാളിയില്‍ ആഴ്ന്നിറങ്ങും
അര്‍ത്ഥവാക്കുകള്‍ കുറിച്ചിടും ജ്യോതിഷലോകം
തെളിച്ചിടും അവ ജാതകമെന്ന മട്ടിലെന്നപോല്‍
പിന്നെ ഹരിച്ചും ഗുണിച്ചുമീ  ജനനമരണാവൃത്തിയില്‍

നക്ഷത്രമെ നീയെന്റെ കഥയാരോടു ചൊല്ലി?
ഇതു രഹസ്യമല്ലയെന്നതു ഞാനറിവൂ
അക്ഷുണ്ണരെന്‍ കിളിവാതില്‍ മുട്ടിവിളിച്ചീ-
അന്തര്‍ലീന തപസില്‍ കഠാരവച്ചു

നക്ഷത്രമെ നീയെന്റെ കവിതയെഴുതിയൊ?
അവാച്യമായതൊന്നുമില്ലെങ്കിലും
ആരൊക്കൊയൊ ഈരടിപദങ്ങളായ്-
താളത്തില്‍ പാടി തിമിര്‍ക്കുന്നു.

ജീവിതരാശി തിരഞ്ഞു ഞാനെന്‍
പൂര്‍ണ്ണഛായയെ അപൂര്‍ണമായ് നോക്കീടവെ
ഗതിവിഗതികള്‍ നിന്റെ കടങ്കഥക്കു-
ഉത്തരം പറയാതെ പകച്ചു നില്‍ക്കുന്നു