സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday 6 December 2018

രാജിക്കത്ത്

എൻ്റെ പ്രണയചക്രവാളത്തിൽ 
നിത്യവസന്തപ്രതീകമായൊരു  
ചുമന്ന പൂവുണ്ടായിരു;ന്നവിടെ- 
പരാഗിണിയായൊരു ശലഭമുണ്ട്   
പൂവ് കൊഴിയാതിരിക്കാനും, 
ശലഭം ആയുസ്സിനുവേണ്ടിയും 
അനന്തതയോടു കേണിരുന്നു. 
തേന്മഴയാൽ  ചുറ്റുമുള്ള ലോകം 
മധുര മനോഞ്ജമായിരുന്നു.

ഒന്നിൻ്റെയും പൂജ്യത്തിൻ്റെയും 
ലോകത്തിലേക്ക് ഞാൻ തള്ളപ്പെട്ടു 
അവിടെ   മുഴുവൻ ഒരേനിറമുള്ള 
പ്രകാശമാണ്; പൂവിൻ്റെ വൈകാരിക 
ഉദയാസ്തമനങ്ങൾ  നിശ്ചലമായ് 

ഈ ചക്രവാളസീമയിൽ 
പുലരിയും സന്ധ്യയും 
കറുപ്പിൻ്റെ മൂടുപടമണിഞ്ഞു. 
ഗഗനത്തിലെ  ശീല്കാരമേഘങ്ങൾ 
തണുത്തുറഞ്ഞുപോയി 
വിരലുകളാൽ ഞെരുങ്ങു-
ന്നക്ഷരങ്ങൾ പകരുന്ന ചിന്താഭാരം 
താങ്ങാതെ; കുളിരുപകരുന്ന- 
കണ്ണാടിക്കൂട്ടിലെയിരിപ്പിടം 
മുള്ളുകളായി തറച്ചു 

ഉടലിൻ്റെ ബാഷ്പാരേണുക്കളിലിനിയും 
മധുരം ബാക്കിയുണ്ടാം; ജീവൽത്തുടിപ്പിലെ 
കളഞ്ഞുപോയൊരെൻ പ്രണയമാനസത്തെ 
തിരികെവിളിക്കണം;പച്ചപുതച്ചൊരു 
ചുമന്നകലികയിൽ  നിന്നൊരു പൂവാകണം.
അതിനൊരു കത്ത് അനിവാര്യം..
അതിനൊരു കത്ത് അനിവാര്യം..
Respected Sir, 
I regret  to inform you of my resignation 
from my current position as Software Engineer...

1 comment:

  1. മനോഹരമായ എഴുത്ത്
    സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete