സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday 15 November 2018

നുണക്കുഴി

നിശ്ചലദീപ്തയാം പ്രണയമേ ഞാനൊരു-
നിശാസഞ്ചാരിയായലയുന്നതു കണ്ടുവോ
ജലതരംഗസമ്മോഹന സംഗമമകലും പോലെ
ഹൃദയതാളമർമ്മരങ്ങളകുന്നുവോ

നിന്റെ ശൃംഗാരഹർഷങ്ങളിൽ നുണക്കുഴി
പതിവിലുമേറ്റമായി കുഴിഞ്ഞിരിക്കുന്നു
കള്ളനോട്ടവും പ്രണയച്ചുഴിയിലെ ശീല്കാരവും
പൊടിക്കൈകളായെറിഞ്ഞുവോ

മൃദുമേനി തുളുമ്പുമാപീനകുടം ചുരത്തിയ
സ്നേഹത്തിന്റെ സ്പർശരേണുക്കളെവിടെ
വട്ടപൊട്ടുകുത്തി കണ്മഷി കറുപ്പെഴുതിയ
കണ്ണിലെ  കടലോളം സ്വപ്നങ്ങളെവിടെ

കറുത്തനൂലുമാലയുടെയറ്റത്തുകണ്ട
മുത്തിന്റെ താളവും  മറന്നുവോ
കറുത്തകരയുള്ള വെളുത്ത സാരി മോഹിപ്പിച്ചൊ-
രുദ്ദീപനങ്ങളെ പടുകുഴിയിലും  തള്ളിവിട്ടോ

ഒറ്റക്കാലിൽ കെട്ടിയ കറുത്തചരടുകൊണ്ട്-
നിനക്കു ചൂടിയ പാദസരം കിലുങ്ങാതെയായ്
പഴയകിനാക്കളുടെ പട്ടുനൂലിനാൽ
നെയ്തതെടുത്ത ശീലയിലെന്നെ പൊതിഞ്ഞുവോ

പുഞ്ചിരിപ്പാലിന്റെ മധുരം നിറച്ചിട്ടു
പുകയുന്ന ലഹരിയിൽ മൂടിയെന്നെ.
വലിയ ഗർത്തങ്ങളുള്ള നിന്റെ മനസിന്റെ
ഉയരവും താഴ്ചയുമറിയാതെ
ഞാൻ ചതിക്കപ്പെട്ടു പെണ്ണേ !


-രാജീവ് ഇലന്തൂർ

2 comments: