സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Monday, 9 December 2013

മഴ

അകത്തെ മുറിയില്‍
ഇരുള്‍വെട്ടിയ മിന്നല്‍
പുറത്തെ വരാന്തയില്‍
തൂവാനമാട്ടം

ചിരിച്ചിപ്പി മഴനീര്‍
വിഴുങ്ങി മൗനം ഭജിച്ചു
മകനെന്‍ നെഞ്ചില്‍
അമര്‍ന്നു ഞരങ്ങീ

പൂവിലെ തേന്‍കണം
 മായം കലര്‍ന്നു
അതിരിലെ കല്ലിന്റെ
 മണ്ണും ഒലിച്ചുപൊയ്

സന്ധ്യക്കു സിന്ദൂരമില്ലാത്ത
നേരം കനത്തു
ചിറകിന്റെ നാമ്പുകള്‍
കുതിര്‍ന്നിരിക്കാമെന്റെ
പക്ഷിക്കു, ചേക്കേറിടും
ചില്ലകള്‍ ആടിത്തിമിര്‍ത്തു

ഇടിനാദം പൊതിഞ്ഞ രഹസ്യം
പ്രപഞ്ചം കവര്‍ന്നു
കാതിലെ ശബ്ദം പലരിലും
ഒരുപോല്‍ മുഴങ്ങി

രാത്രിയിലെന്റെ ചെറുവള്ളം
ഒഴുകില്ല.
കരപൂകി നിന്നൊരാ കടത്തുവള്ളം
പറഞ്ഞു.

ആലിപ്പഴം ഓടില്‍ താളം
തിമിര്‍ത്തു
എന്റെ ഉള്ളിലെ നാവിനും
എന്തോ മധുരം ചുവച്ചു

നീളെ കൈവഴിത്തോടുകള്‍
കവിഞ്ഞീടാം,
വരമ്പുകള്‍ വഴുക്കു
കൂട്ടിയെടുത്തിടാം

ജനലിന്റെ ചാരെ
മഴയുടെ ശ്ബ്ദം
കണ്ണട മങ്ങിയിരിക്കുന്നു
മഴയുടെ  സൗന്ദര്യം
കാണുവാന്‍.
എങ്കിലും എന്റെ
നെഞ്ചിലെ മഴക്കും
അതേ താളമാവാം


Monday, 4 November 2013

പുലരി

മിഴിമാഞ്ഞ ദൂരം അതിലൂടെ യാത്ര 
കനലൂതും കാറ്റില്‍ പരാഗം എരിഞ്ഞു

വിരല്‍തുമ്പു നീട്ടീ, ഗദ്ഗദം  പാടി
നിലാവിന്റെ യാത്രാ  കിഴക്കിലേക്കായ്


തളിരുകള്‍ തുള്ളിയില്‍ താലം എടുത്തു
കുളിരിന്റെ  മാറില്‍ വെണ്‍കതിര്‍ പൂകി


അതിരിന്റെ വെട്ടം അലിവിന്റെ ബാഷ്പം
കവര്‍ന്നു, പൂവിന്റെ ഉള്ളം തുടിച്ചു.

ചരല്‍ക്കുന്നുമിന്നി, തുമ്പികള്‍ പാറി
ശ്യാമം പരന്നൂ, കിളികള്‍ പറന്നു

പുഴകളില്‍ ഓളം ചുഴലാട്ടമാടി
കരയില്‍ കതിര്‍പുഞ്ചിരി പൂവിട്ടുനിന്നു

ആഴിയില്‍ മുഖം നോക്കിമിനുക്കി-
കതിരോന്‍ ഇന്നിന്റെ യാത്ര തുടങ്ങി.
 
വാരിജവദനം തരലിളിതയായ് നിന്നീ-
പുലരിതന്‍ പാലൊളി ഉള്ളില്‍ വിളങ്ങി

Tuesday, 29 October 2013

ആര്‍ദ്രം

ശൈലസമം മമ ചിത്തം ചീന്തിയ
അരുവിയിലേതോ മധുകണം
മമത പൂത്തീട്ടുള്‍വനത്തില്‍, ശലഭ-
മൊഴുക്കിയ തീര്‍ത്ഥമാവാം !

അക്ഷിക്കു പാത്രമോ..? നീണ്ടൊരീ
വനികയില്‍ അനുരാഗപുഷ്പഹരം
തൂവര്‍ഷമോ മറന്നീത്തലത്തില്‍
രോമാഞ്ച വര്‍ഷമായ് പൂവസന്തം

ബാഹ്യമുഖം കല്ലില്‍ മെയ്തെടുത്ത്
മാനസപുത്രന്റെ കല്‍ത്തുറുങ്കാക്കി
ആര്‍ദ്രമാം മാനസപൊയ്കയില്‍ വിരിയും-
മലരായ് ഉള്‍വനം പൂകി നില്പ്പൂ

മാറ്റൊലികൊണ്ട പരിജനമനവും
മധുകണം നുകരാന്‍ തേടിയെത്തും
ശിലതന്‍ കാതില്‍ മെല്ലെയോതും
നിര്‍മ്മല സ്നേഹ മന്ത്രതരംഗം

Wednesday, 16 October 2013

ഒറ്റക്കുന്ന്

പച്ചവിരിച്ചൊരു കുന്നിൻ ചരുവിലെ 
ഒറ്റയടിപ്പാത !
ചുവപ്പുകലർന്നൊരു  വാനം കണ്ടേൻ
എന്തൊരു ചേലാണേ  !


പൊങ്ങിപ്പറന്നുപോം  പക്ഷികളെല്ലാം
ചേക്കേറും കൂടിതാണേ !
മെല്ലെയൊളിച്ചൊരു പകലിന്റെ പവിഴത്തെ
ചുംബിച്ച  മേടാണേ !


ചുറ്റുമുളങ്കാട്‌  വേലിക്കകത്തൊരു വീട്ടിൽ
തെളിയുന്ന ദീപമുണ്ടേ !
ആർദ്രമായ്‌ നില്ക്കുന്ന പുല്ച്ചെത്തട്ടിലെ
വാസികളേവരുമുണ്ടേ !


അരുവിത്തടത്തിലെ ആശാനു കീഴിൽ
പരലുകൾ പാഞ്ഞിടുന്നേ !
രാത്രിയിലങ്ങനെ കുന്നിൻ മുകളിൽ
താരവസന്തം പൂത്തിടുന്നേ !




Saturday, 20 July 2013

പിഞ്ചുമർദ്ദനം

പഴുതുപൂട്ടി പിറന്നു മണ്ണില്‍
അഴികള്‍ കാവലായ്നിന്നു മുന്നില്‍
കരുണകാട്ടിയ കാട്ടാള ഹസ്തം
അരിഞ്ഞെടുത്തു തളിരിന്‍ സ്വപ്നം

ഒറ്റയാനായ് പറ്റമാകാന്‍, ചുറ്റുവട്ടം-
പെറ്റിടുന്നു നന്മ വറ്റിയ കണ്ണുകള്‍
മുലമണം ചെപ്പിടാന്‍, അറവുകാലന്‍
അലഞ്ഞിടും ചോര ചത്ത വീഥിയില്‍

വിണ്ടുകീറിയ ഭൂമിയില്‍, പുക്കിള്‍ക്കൊടി
കണ്ടിടാതെ തണ്ടുവാറ്റിയസുരതം
കരച്ചിലിന്റെ നെറുകയില്‍, കറുത്തിടും
പുരപൊളിച്ചൊരീ സ്വര്‍ഗം

Tuesday, 16 July 2013

ഇടവഴികളിലൂടെ..

നീയൊരു ഇര, ദൂരയൊരു കര
വെയിലൊളി മായുകയോ
നിന്റെ ചിരിയൊളി മറയുകയൊ

വെണ്ണിലത്താലങ്ങളില്ല ,മണ്‍ചിരാതുമില്ല
ഈ ഇടവഴിയൊഴുകുകയാം ഭയകണംതൂവി !

മാംസഭോജി ദംക്ഷ്ട്ര രാകിമൂര്‍ച്ചകൂട്ടിന്നു
ഇവിടെ നീ തനിച്ചാവുന്നു

ഭക്ഷണമാവുന്നു
ഇരുതല വാളായ് ഈ ഇടവഴിയെന്നും

കനല്‍ക്കണം ബാക്കിപത്രം
നീറിത്തിളങ്ങി തെളിഞ്ഞു നില്‍ക്കുന്നു
എല്ലം ഈ ഇടവഴി സാക്ഷി.

Wednesday, 10 July 2013

മഴയുടെ ലാളനമോടേ..

ഇന്നിനിയോർമ്മകൾ ഓമനിക്കും 
മഴയുടെ ലാളനമോടേ..
ഇന്നിനിയോർമ്മകൾ ഓമനിക്കും 
മഴയുടെ  ലാളനമോടേ..
ഇടവഴി  പറയും കഥകളിലൂടെ 
നീയെന്റെ ചാരത്തണഞ്ഞൂ..
പിന്നിലെ മൌനമായ് പാടി..

പുലർമഞ്ഞു വീഴുന്ന പടിവാതിലിൽ 
പൂത്ത, പ്രണയവസന്തം നീ..
അലയുന്ന കാറ്റിന്റെ ഉടയാടയായ് വന്നു-
എന്നെ പൊതിഞ്ഞങ്ങു നീ..
പിന്നെ, എന്തോ പറഞ്ഞങ്ങു പോയ്..

മൂകമായ് മൂളുന്ന മനസിന്റെ പാട്ടിൽ 
നിറയുന്ന രാഗമായ് നീ..
കണ്ണിലെ കനവുകൾ കാവലായ് നിൽക്കെ 
ദൂരേക്കു പോകയായ് നീ..
പിന്നെ, നിനവിന്റെ ബാഷ്പമായ് ഞാൻ..


ചിത്രം : ഗൂഗിള്‍
[ഗാനശാഖ ]

Sunday, 16 June 2013

മിഴിയിലെ കവിത

മിഴിയില്‍ നിറയും കവിതേ..
എന്റെ മഴയായ് തുളുമ്പും കവിതേ..
സ്വപ്നം വിരിയിച്ച കവിതേ..
കണ്ണില്‍ താളം ഉതിര്‍ക്കുന്ന കവിതേ..

ഈമഹാഗീതികളെല്ലാം ഒളിപ്പിച്ചു
മൗനം ചൊരിയുന്ന കവിതേ..
ചേമ്പിലത്താളിലെ തുള്ളിപോല്‍
പ്രണയം ഒഴുക്കിയ കവിതേ..

ദുഃഖങ്ങളത്രയുമെല്ലാം തൂവിക്കളഞ്ഞു-
പുഴയായ് ഒഴുകിയ കവിതേ..
മനമൊരു പമ്പരമാകുമ്പൊളൊക്കയും
മാനസിയായ് വരും കവിതേ..

കണ്ണിലെ കാണാവിളക്കായെന്നും
ചിരിതൂകി നിന്നൊരു കവിതേ..
എന്നിലെ എന്നെനീ ഞാനാക്കിമാറ്റിയ
ഐശ്വര്യ ദേവതേ.. എന്റെ കവിതേ..

Saturday, 8 June 2013

പ്രണയം പകർന്നവളെ

പ്രണയം പകർന്നവളെ..
എന്റെ പ്രണയം കവർന്നവളെ..
ചിറകുള്ള സ്വപ്നം  നിദ്രാതടത്തിൽ
നീന്തിടും അരയന്നമായ്..
നീന്തിടും അരയന്നമായ് ..

പൂമുഖംവിരിയുന്ന സന്ധ്യയിൽ 
ദീപം വിളങ്ങുന്നപോലേ..
മിഥുനം പൂത്തയുഗത്തിലെ 
വരവേണിയായഴകോടേ..

നിലാവിന്റെ  തീരം ചൊടിയിൽ 
വിരിച്ചെന്റെ കരപടം തേടിനിന്നൂ..
നീയെന്റെ ഉൾത്തടം കുളിരാൽപൊതിഞ്ഞൂ..
കരിയിലക്കാറ്റിലിളകുന്ന വാർമുടി 
എൻനേർക്കുനീളെ പറന്നൂ..

ഈ ജന്മതീരത്തു നീകാത്തു നിന്നപോൽ
മറ്റാരുമില്ലഭൂവിൽ .
നിന്റെ പ്രണയതീരം പുല്കിയി-
ത്തിരയായ് പുണരുന്നു ഞാനും


Tuesday, 21 May 2013

പുനർജനി

മടങ്ങാനെനിക്കിന്നു നേരമായ് 
തുടക്കം തിരയാനെനിക്കിന്നു കാലമായ് 
ഓർമ്മതൻ പൊരുളിന്റെ ചുരുളഴിച്ചീടുവാൻ 
എത്രകാതം നടക്കും,
 ഞാൻ എത്ര കാതം നടക്കും 

വരണ്ട വാർദ്ധക്യ ശകലങ്ങലപ്പോഴും 
ഓർമ്മച്ചെപ്പ് തുറക്കുവാൻ തുടിക്കുന്നു 
നരമൂടിയ ഇങ്ങേത്തലക്കും കാലിനു-
മിപ്പുറം  ബലക്ഷയത്തണ്ടായ് ശയിക്കുന്നു 

വാനപ്രസ്ഥച്ചിതലുകൾ തീർത്ത മണ്‍കൂനയില-
ടിഞ്ഞിരുന്നൂ  വാല്മീകി  പ്രകൃതം
സ്മിതപൂരിതം പിന്നെയോർത്താലതു 
ക്ലേശം ചുമന്നു തീർത്ത വികൃതം 

യൗവ്വനത്തുരത്തുകൾ ചുഴിയാൽ ചുറ്റി -
ക്കറങ്ങി, നീർബിന്ദുവിലൊടുങ്ങവെ 
ഹൃദയം ശോണിതം,പ്രണയക്കറയിൽ
അർദ്ധനഗ്നാംഗന നടനമാടിയനാൾ 

ബാല്യകൗമാരം കോമരംതുള്ളി പടവാ-
ളെടുത്തു ഛിഹ്നം വിളിച്ചു 
ആത്മസംഘർഷച്ചെരുവുകൾ മതിലുകൾ-
ക്കപ്പുറം വച്ചുറങ്ങിയ ബാല്യം 

ഇതിനെല്ലാമപ്പുറമാവാം തുടക്കവു-
മൊടുക്കവുമായ ഉദ്ബിന്ദുവിൻ കരം 
അവിടെക്കാണെൻ യാത്ര, റാന്തൽ 
വിളക്കിൻ തിരിയണഞ്ഞ നിമിഷത്തിലേക്ക്



Friday, 12 April 2013

വേനല്‍










താഴ്വാരം കാറ്റിന്റെ പാത വെട്ടുന്നു
കിളിവാതിലുകള്‍ നോക്കുകുത്തികളാകുന്നു
പുല്‍തട്ടുകള്‍ സുര്യന്റെ ഇരിപ്പടമാകുന്നു
സര്‍വത്രജലം ഉള്ളില്‍ തീകൂട്ടി കരപാകുന്നു
ഇമവെട്ടിത്തെളിഞ്ഞതു കറുപ്പുകാണാന്‍..
കരിപുരണ്ട ജീവിതങ്ങളുടെ കറുപ്പുകാണാന്‍..


Tuesday, 26 March 2013

പ്രണയപുഷ്പം

എന്റെ പ്രണയപുഷ്പം വാടിക്കരിഞ്ഞുപോയ് 
നിന്നിളം കാറ്റോട്ടം തോറ്റനാൾ ആനന്ദചിത്തനസ്തമിക്കുന്നുവോ ,പുഞ്ചിരി-
കുണ്ഡത്തിൻ  ആഴങ്ങളിൽ 

ഒറ്റദിക്കോരം വളർന്നൊരു പൂവിന്റെ 
എട്ടുദിക്കെല്ലം കവർന്നൊരു വണ്ടുനീ
ഇളകും ഇതളുകൾ ക്ഷയിച്ചു ചടഞ്ഞു 
പ്രാപ്യമല്ലീസ്നേഹഗന്ധ,മെന്നോതിനീ 

അതാര്യമായിന്നശേഷഭൂവിൽ എന്നും-
മയങ്ങി,യേകത്വമേറ്റുകിടക്കാം 
ഓർമ്മകൾ പൂക്കുമായിരിക്കും സിരകളിൽ
നിന്റെ ഗ്രീഷ്മം പതിയാത്ത സൂനമായ്

പിൻവിളിയില്ലാതെയറ്റുവീഴുന്നിതാ 
വിശുദ്ധിപ്രണയ കപടപുഷ്പം 
ഗന്ധമറിഞ്ഞവരൊക്കെയും കണ്ടാൽ 
തത്ത്വം  പറഞ്ഞങ്ങു മാറിനില്കും 
ചിത്രം : ഗൂഗിള്‍

Saturday, 16 March 2013

പെയ്തൊഴിഞ്ഞൊരോർമ്മയിൽ

കോളേജിനെ വെർപിരിഞ്ഞു പോവുകയാണ്. ക്ലാസ് മുറികളും നീളൻ ഇടനാഴികളും കളിനേരങ്ങനളും സൌഹൃദങ്ങളും പ്രണയവും പിന്നിൽ വെടിഞ്ഞു ആ പടിവാതിലിൽ കടക്കുമ്പോൾ മനസ് പറയുന്നതെനന്തായിരിക്കും -

പെയ്തൊഴിഞ്ഞൊ--
രോർമ്മയിൽ
പൂവിടും വസന്തമായ്‌ 
തളിരിലം ചില്ലയിൽ 
പാറിടും ശലഭം നാം  

ഹൃദയമൊന്നു  പാടുവാൻ 
 മിഴികളൊന്നു കാണുവാൻ 
കത്തിരിപ്പില്ലീവഴിയിൽ 
കാലമോ കടന്നുപോയ് 

തണലുവീശി നിന്നപോൽ 
കൈകൾകോർത്തു നിന്നു നാം 
നെഞ്ചിലുള്ളൊരു സ്നേഹമെല്ലാം 
നിനവിലൂടൊഴുകിടാം 

ചിത്രം : ഗൂഗിള്‍
[ഗാനശാഖ ]

Saturday, 9 March 2013

വീര്യം കെടുത്താത്ത പോരാളി

ജീവനൂറ്റം വരെ ജ്വലിക്കുന്നു രക്തം 
അമ്മേ, നിനക്കായ് പൊടിയുന്നീ രക്തം 
അടരുന്ന കണ്ണീരിനറ്റം വരെ 
കത്തിപ്പടരുന്നീ മാതൃസ്നേഹം 

സ്മരണതന്‍ വേരുകള്‍ ആഴ്ന്നിറങ്ങുമ്പോഴും 
 പുണ്യസ്മരണയായ് നിന്ന ജനനി 
കുമ്പിട്ടുനിന്നെന്‍ ശിരസ്സെങ്കിലും 
വീര്യം കെടുത്താത്ത പോരാളി ഞാന്‍ 

സൃഷ്ടിയില്‍ പൂവിട്ടീ ധരണിയില്‍ വാര്‍ത്തൊരു
ചെന്താരകമാണെന്‍ മനസ്സ് 
മതമല്ല,സ്നേഹം വളര്‍ത്തിയ മണ്ണിന്‍റെ- 
കാവലായ് മാറിയ സൂര്യനും ഞാന്‍ 

മറുവാക്കുമിണ്ടാതെ നന്ദിയോതുന്നു ഞാന്‍ 
എല്ലാവരെയും നമസ്കരിക്കുന്നു ഞാന്‍ 
കാഹളം മുഴങ്ങുന്നെങ്കിലും നാടിന്‍റെ-
ത്രാണനം പേറുവാനയില്ലെനിക്കും

അമ്മയോടിന്നു ഞാന്‍ മാപ്പുചൊല്ലുന്നു 
നിങ്ങളോടിന്നു ഞാന്‍ മാപ്പുചൊല്ലുന്നു 
കുമ്പിട്ടുനിന്നെന്‍ ശിരസ്സെങ്കിലും 
വീര്യം കെടുത്താത്ത പോരാളി ഞാന്‍

ചിത്രം : ഗൂഗിള്‍


Sunday, 24 February 2013

പടയണിക്കാലം

പടയണിത്താളം ഉയരുന്നു മേളം
കരയാകെ തപ്പുതാളം
ഈ കരയാകെ തപ്പുതാളം
കൈതൊഴുന്നേന്‍ ദേവി 
അടിയനീ മുന്നില്‍
തുള്ളിയുറഞ്ഞൊരു കോലമായ്

കാവുണരുന്നൂ ചൂട്ടുകത്തുന്നൂ
കാപ്പൊലിയാല്‌ക്കളം കടയുന്നു
ദാരികനിഗ്രഹം പൂര്‍ണാര്‍ത്ഥം ദേവി
പടയണിരൂപേണ സമര്‍പ്പയാമീ

സ്തുതിപ്പാട്ടും തുടികൊട്ടും ദേവി
അരങ്ങില്‍നിന്നിട വാഴ്ത്തിനാലേന്‍
രാത്രിമുറിച്ചിട്ടുദിച്ചൊരു മേളം 
കണ്‍പാര്‍ത്തിന്നിഹം പൂരിതമായ് 

മംഗളരൂപിണി കല്യാണമൂര്‍ത്തി 
ഭൈരവിയായ് കളം നിറഞ്ഞീടുക
അടവിയടുത്താല്‍ മനസ്സിന്നുനീറ്റല്‍ 
അടുത്തൊരാണ്ടിന്‍ കാത്തിരുപ്പാല്‍ 

ചിത്രം കടപ്പാട് : സീനായ് സ്റ്റുഡിയൊ, ഇലന്തൂര്‍ 




Sunday, 10 February 2013

ഞാന്‍ ഭാരതവാദി.

ഹിന്ദുവിനായ്  വാദിച്ചിടാതെ ..
മുസ്ലിമിനായ് 
വാദിച്ചിടാതെ ..
ക്രിസ്ത്യനായ്‌ 
വാദിച്ചിടാതെ ..

ഭാരതത്തിനായ്  വാദിക്കുവിന്‍...
ഭാരതത്തിനായ്  വാദിക്കുവിന്‍...

ഒരു ജനത നാം  !
ഒരു ശബ്ദം നാം !
ഒരു വികാരം നാം !
ഇത് നമ്മുടെ ഭാരതം..!!

     
ഉറക്കെ പറയുവിന്‍....
ഇത് നമ്മുടെ ഭാരതം..!!
ഞാനോ  ഭാരതവാദിയെന്ന്..
ഞാനോ  ഭാരതവാദിയെന്ന്..

ജയ് ഭാരത് മാതാ..!!
ജയ് ഭാരത് മാതാ..!!


Wednesday, 6 February 2013

പൂത്തുമ്പിയെ നീ..

തുള്ളിക്കളിക്കും തുമ്പികളെല്ലാം 
വമ്പോടു ചേര്‍ന്നെന്നരികിലെത്തി.
ആഷാഢമാസത്തില്‍ ആരാമമാകെ-
ഇഷ്ടം കൊതിച്ചിട്ടുരുമ്മിനിന്നൂ..

പാതികൂമ്പിയാ പൂമൊട്ടുകള്‍ക്കും..
ഒളികണ്ണെറിയാന്‍ കൊതിയായി നില്കെ..
പൂത്തുമ്പിയെ നീ..പൂത്തുമ്പിയെ നീ..
ചുറ്റിപ്പറന്നു നടക്കുക..

ഇത്തിരിത്തെന്നലോടിക്കളിക്കുന്നു 
മൂവന്തിയില്‍ മൂളിപ്പാട്ടുകള്‍ പാടി പറക്കുക
ഇലകളൊ കുമ്പിട്ടൊതുങ്ങിനിന്നിങ്ങനെ-
ഈ വഴിയൊന്നങ്ങു  വന്നീടുവാന്‍..

അഴകോടിനിയിന്നു മിഴിയോരം ചേര്‍ന്നു-
അകലേക്ക്‌ പോകല്ലേ  തുമ്പികളെ 
പുഷ്പം ചൊരിഞ്ഞൊരാ  പുഞ്ചിരി കണ്ടിട്ടും 
ദൂരേക്കു പോകല്ലേ  തുമ്പികളെ ..


[ബാലസാഹിത്യം]
ചിത്രം കടപ്പാട് : ഗൂഗിള്‍  

Tuesday, 15 January 2013

പഞ്ചവടി

ഗൗതമിതീരം വിളങ്ങിനിന്നീ 
പഞ്ചവടിതന്നുടെ ഭംഗിയാലേ.

അഗസ്ത്യനാം മുനിയിന്നു കാട്ടിയീപൂവനം
ആരണ്യമദ്ധ്യത്തില്‍ മോദമോടെ

ലോകനാംരാമനും സീതയും
ലക്ഷ്മണ-
നോടൊത്തു, പൂകിയീ വാസഭൂവില്‍

തല്‍ക്ഷണം രാമനും സൗമ്യഭാവം വെടിഞ്ഞു-
ഗ്രനായ് മാറിയീ ഭാവിയോര്‍ത്ത്.

എങ്കിലും ചുറ്റുമുള്ളാഭംഗി കണ്ടിട്ടു-
ശാന്തനായ് മാറിയിന്നീ ഭവാനും

പൂക്കളും ശാന്തമാം താമരപൊയ്കയും
നിര്‍ഭയം പാടുന്ന പക്ഷികളും

ലാസ്യമായ് ആടുന്നീ  മയൂരവൃന്ദവും-
പൂമണം വീശിയിളംതെന്നലും

ലക്ഷ്മണന്‍ തീര്‍ത്തൊരു പര്‍ണ്ണശാലയില്‍
മൂവരും മോദമായ് വാണിടുന്നു.

കൂട്ടിനായ് എത്തിയാ ജഡായുംകൂടി
കാവലായ് മറിയീ ഹര്‍മ്മ്യത്തിനും

ശാന്തിയും സംതൃപ്തിയും പരന്നീ-
പ്പഞ്ചവടിയും വിളങ്ങിനിന്നു

ജാനകി-രാമ പ്രണയം വളര്‍ന്നീ
ഗോദാവരിതന്‍ തെളിനീരുപോല്‍

ഋതുക്കളും മാറുന്നു,പൂക്കളും വിരിയുന്നു
നിത്യവസന്തമായിപ്പൂവനം

അങ്ങനെ വാണൊരു നേരത്തെത്തിയ
സുന്ദരി രാക്ഷസി ശൂര്‍പണഖ

ഫാലം അരിഞ്ഞൊരാ വാളുമായ് ലക്ഷ്മണന്‍
കോപം ജ്വലിച്ചുതിളച്ചുനിന്നു

അപമാനഭാരം പേറിയാ രാക്ഷസി
ചെന്നെത്തി രാവണ സന്നിധിയില്‍

പകരമായ് മാനായ് മാരീചനോടൊപ്പം
വന്നെത്തി രാവണന്‍ വനസമീപെ

സീതമോഹിച്ച മാനിന്റെ പിന്നാലെ
രാമനും പോയിന്നു വിധിയോര്‍ത്തുമാത്രം

മാരിചന്‍ വഞ്ചന കാട്ടിയനേരത്ത്-
ജാനകിഹൃദയം തകര്‍ന്നുപോയി

ഭിക്ഷുവായ് ചെന്നെത്തി, ലക്ഷ്മണരേഖ-
മുറിച്ചിന്നു സീതയെ കവര്‍ന്നുപോയി

രാമന്റെയുള്ളം വിതുമ്പിയാ ശാലയില്‍
ദേവിയെക്കാണാതെ അലഞ്ഞിടുന്നു.

പഞ്ചവടിയും വിതുമ്പിയി ദുഃഖത്തില്‍
സാക്ഷിയായ് നില്പതു മാത്രമായി.




ചിത്രം കടപ്പാട് : ഗൂഗിള്‍.. 

Monday, 7 January 2013

സ്വാര്‍ത്ഥം

ദാഹിക്കുന്നുവോ,
വീണ്ടും..
ദാഹിക്കുന്നുവോ,
വീണ്ടും..

പരവശനായ് വട്ടം-
കറങ്ങിയനേരം, 
കണ്ടൊരാ പാപിയെ,
പെരുമയില്ലാ പാപിയെ

നിണം വിതുമ്പുന്ന- 
കത്തിയും കറക്കി-
സ്വയം നെഞ്ചകം 
പൊളിച്ച, പാപിയെ.

ചുറ്റുവട്ടമായിരം 
കൃത്രിമക്കണ്ണുകള്‍
മിന്നുന്നു,കവലയിലാ 
നരച്ചവെട്ടം ചിമ്മുന്നു

നിഷ്ക്രിയമാം-  
മനസിലെ താലം-
ഊതിക്കെടുത്തിയ കൂട്ടരാം 
നാട്ടുകാരിവര്‍ 

ചിന്തിതമെങ്കിലും 
ചത്തുചതഞ്ഞ ഹൃത്തടം, 
ദാഹമായ് നോക്കിടുന്നു.

ഈ  കാഴ്ച്ചക്കുമപ്പുറമെനിക്കും..
ദാഹമുണ്ടാം..

ചുടുചോര
കുടിക്കുവാനുള്ള ദാഹം..
ഈ  ചുടുചോര
കുടിക്കുവാനുള്ള  
അടങ്ങാത്ത ദാഹം..