സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!
Showing posts with label rajeev. Show all posts
Showing posts with label rajeev. Show all posts

Tuesday, 21 May 2013

പുനർജനി

മടങ്ങാനെനിക്കിന്നു നേരമായ് 
തുടക്കം തിരയാനെനിക്കിന്നു കാലമായ് 
ഓർമ്മതൻ പൊരുളിന്റെ ചുരുളഴിച്ചീടുവാൻ 
എത്രകാതം നടക്കും,
 ഞാൻ എത്ര കാതം നടക്കും 

വരണ്ട വാർദ്ധക്യ ശകലങ്ങലപ്പോഴും 
ഓർമ്മച്ചെപ്പ് തുറക്കുവാൻ തുടിക്കുന്നു 
നരമൂടിയ ഇങ്ങേത്തലക്കും കാലിനു-
മിപ്പുറം  ബലക്ഷയത്തണ്ടായ് ശയിക്കുന്നു 

വാനപ്രസ്ഥച്ചിതലുകൾ തീർത്ത മണ്‍കൂനയില-
ടിഞ്ഞിരുന്നൂ  വാല്മീകി  പ്രകൃതം
സ്മിതപൂരിതം പിന്നെയോർത്താലതു 
ക്ലേശം ചുമന്നു തീർത്ത വികൃതം 

യൗവ്വനത്തുരത്തുകൾ ചുഴിയാൽ ചുറ്റി -
ക്കറങ്ങി, നീർബിന്ദുവിലൊടുങ്ങവെ 
ഹൃദയം ശോണിതം,പ്രണയക്കറയിൽ
അർദ്ധനഗ്നാംഗന നടനമാടിയനാൾ 

ബാല്യകൗമാരം കോമരംതുള്ളി പടവാ-
ളെടുത്തു ഛിഹ്നം വിളിച്ചു 
ആത്മസംഘർഷച്ചെരുവുകൾ മതിലുകൾ-
ക്കപ്പുറം വച്ചുറങ്ങിയ ബാല്യം 

ഇതിനെല്ലാമപ്പുറമാവാം തുടക്കവു-
മൊടുക്കവുമായ ഉദ്ബിന്ദുവിൻ കരം 
അവിടെക്കാണെൻ യാത്ര, റാന്തൽ 
വിളക്കിൻ തിരിയണഞ്ഞ നിമിഷത്തിലേക്ക്



Monday, 7 January 2013

സ്വാര്‍ത്ഥം

ദാഹിക്കുന്നുവോ,
വീണ്ടും..
ദാഹിക്കുന്നുവോ,
വീണ്ടും..

പരവശനായ് വട്ടം-
കറങ്ങിയനേരം, 
കണ്ടൊരാ പാപിയെ,
പെരുമയില്ലാ പാപിയെ

നിണം വിതുമ്പുന്ന- 
കത്തിയും കറക്കി-
സ്വയം നെഞ്ചകം 
പൊളിച്ച, പാപിയെ.

ചുറ്റുവട്ടമായിരം 
കൃത്രിമക്കണ്ണുകള്‍
മിന്നുന്നു,കവലയിലാ 
നരച്ചവെട്ടം ചിമ്മുന്നു

നിഷ്ക്രിയമാം-  
മനസിലെ താലം-
ഊതിക്കെടുത്തിയ കൂട്ടരാം 
നാട്ടുകാരിവര്‍ 

ചിന്തിതമെങ്കിലും 
ചത്തുചതഞ്ഞ ഹൃത്തടം, 
ദാഹമായ് നോക്കിടുന്നു.

ഈ  കാഴ്ച്ചക്കുമപ്പുറമെനിക്കും..
ദാഹമുണ്ടാം..

ചുടുചോര
കുടിക്കുവാനുള്ള ദാഹം..
ഈ  ചുടുചോര
കുടിക്കുവാനുള്ള  
അടങ്ങാത്ത ദാഹം..

Friday, 23 November 2012

വൈകി എത്തിയ സൂര്യന്‍

നിന്നിലെ മൗനമേ, നീറുന്ന കാറ്റിനെ
നെഞ്ചോട് ചേര്‍ത്തങ്ങു നീയുറക്കൂ
മഴയും തോര്‍ന്നില്ല, കനവും മാഞ്ഞില്ല
ഉണര്‍ത്തും വെയിലും വൈകിടുന്നൂ

കിഴക്കില്‍ പൂക്കുന്ന പുഷ്പമാം നിന്നെഞാന്‍
കണ്മിഴിക്കോണില്‍ ഉറക്കിയില്ലേ..
മാറാല മൂടിയ വീടിന്റെ കോണിലെ
ജാലകച്ചില്ലകള്‍ തുറക്കാറായ്

പതിവിന്റെ താളം മറന്നു പോകുന്നീ-
പഴമയില്‍ മുങ്ങിയ കാലചക്രം
ഇനിയും ഉണരാന്‍ മടിക്കും വേളയില്‍
താരാരാജാവിന്‍ ഒളിഞ്ഞുനോട്ടം

പൂജ്യനായ് വന്നെന്റെ പാദം കവര്‍ന്നൂ
തട്ടിവിളിച്ചി,ട്ടുണര്‍ത്തിടുന്നു
പരിഭവം കാട്ടീയീ മിഴികള്‍ നീട്ടി
നീരസഭാവത്തിന്‍ നോക്കിഞാനും

സ്വാന്തന കിരണം ചൊരിഞ്ഞീ മേനിയില്‍
ഇടവം ചതിച്ച കഥയോതി.
കഥയെ,ത്രമാറി തണുത്തെന്‍ മനവും
അശ്രുപൊഴിഞ്ഞൊരു വര്‍ഷമായ്

കാലമേ കാണുക നീയെന്റെ സൂര്യനെ
കാണാമറയത്തോളിച്ചിടാതെ..
സംസര്‍ഗ മിഥ്യയാം കണികയില്‍ കോര്‍ത്തു-
ഭൂമിതന്‍ മാറില്‍ കിടക്കൂന്നൂ ഞാന്‍

ചിത്രം കടപ്പാട് : ഗൂഗിള്‍.. 

 ഈ കവിത ഇവിടെ കേള്‍ക്കാം..

Thursday, 1 November 2012

അരികിലെത്തുമ്പോള്‍..

മിഴിനീരാഴിയിലെ കളിത്തോണിയായെന്‍ മനം
അഴിമുഖം കാണാതെയലഞ്ഞിടുന്നു.

തുരുമ്പെടുത്തു നീറുന്ന നങ്കൂരമകുടവും
നരച്ചൊരീ കണ്ണുമായ് വികലമായ് നോക്കീടുന്നു.

സാനുവിന്‍ ഓജസ്സു കൂടുന്നീയാഴിയില്‍
താനെ തുഴയുവാന്‍ ത്രാണിയും ചോര്‍ന്നുപോയ്

അശിനിപാതം പൊഴിച്ചിട്ടീ കാര്‍മേഘവും-
ലേശം കരുണയില്ലാതെയാര്‍ത്തുല്ലസിച്ചിടുന്നു

ദിക്കുകെട്ടനാഥമായ് ആടിയുലഞ്ഞീത്തോണി-
അക്കരക്കരയിലെ തീരം കൊതിച്ചിടുന്നു

ദിക്പഥം മുഴുവനും ജലവര്‍ഷഘോഷം
നൗകതന്‍ പഥസഞ്ചാരമോ മറഞ്ഞുപോയ്

ആരെത്തിടും അരികിലേക്കഭയമായ്-
ദൂരയീതീരം തേടും മനസിന്റെയുള്ളില്‍

തഴുകലില്‍ സ്പര്‍ശമായ് അരികിലെത്തുമ്പോള്‍
മിഴിനീരാഴി വറ്റിവരണ്ടിടും,കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും

ഈ കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും..


ചിത്രം കടപ്പാട് : ഗൂഗിള്‍..

Saturday, 13 October 2012

തിരികെ..

പ്രാര്‍ത്ഥനപ്പൂക്കള്‍ പൊഴിഞ്ഞ യാമത്തില്‍
മിഴിനീര്‍ വാര്‍ന്നൊരീ കവിള്‍തടത്തില്‍
സ്നേഹത്തിന്‍ കൈവിരല്‍ തലോടലുമായ്
പ്രിയനെന്‍ ചാരത്തണഞ്ഞിരുന്നെങ്കില്‍

തിളങ്ങുന്ന മുള്ളുവേലിച്ചരടില്‍ നീയെന്‍
ഭാരതാംബയെ കാവലായ് കാത്തിടുമ്പോള്‍
അര്‍ദ്രമായ് ഞാനെന്‍ പുണ്യമാം താലിച്ചരടില്‍
പിടിച്ചുരുവിടുന്നു ഇടറിയ പദധ്വനികള്‍

വെടിയൊച്ചമുഴങ്ങുന്ന വേളയിലെന്‍ മനതാരില്‍
ഹൃദയം ചെണ്ടമേളം മുഴക്കുന്നു..
എങ്ങനെയുണ്ണും ഞാന്‍ എങ്ങനെയുറങ്ങും ഞാന്‍
എല്ലാം പാതിവഴിക്കുപേക്ഷ കാട്ടിടുന്നു.

എവിടെയാണെങ്കിലും അങ്ങെന്‍ മാനസരാജ്യത്തിന്‍
സര്‍വ്വസൈന്യാധിപനായ് വാഴിടുന്നു.
മഹത്വംനിറഞ്ഞ മുഖമോര്‍ത്തിടുമ്പോള്‍
അഭിമാനപാരവശ്യം പൂണ്ടു അവേശയാകുന്നു.

"തിരികെയെത്തിടാം" എന്നോതിയാത്രയായനാള്‍
സ്നേഹത്തിന്‍ "സല്യൂട്ട്"  -
ചുംബനമായ് പൊഴിച്ചുപോയ്

വീണ്ടും ഒരു "തിരികെ"
സ്വാര്‍ത്ഥതയല്ലാത്ത മോഹമല്ലിത്..
"വീണ്ടും ഒരു തിരികെ"
കണ്ണിലെ നിശാപുഷ്പത്തെ പാതിവിടര്‍ത്തി
ഞാന്‍ കാത്തിരിപ്പൂ....
വീണ്ടും തീരികെ വരാന്‍....



Wednesday, 26 September 2012

നിനക്കുവേണ്ടി കുറിച്ചത്..

ആ മരത്തണലത്തു-  
    നീ വന്നീടുമ്പോള്‍
കാറ്റായ് മാറാന്‍
     ദാഹിച്ചു ഞാന്‍...
ആ മഴയത്തു-
    നീ നടന്നപ്പോള്‍
കുടയായ് മാറാന്‍
    മോഹിച്ചു ഞാന്‍..

മധുരമാം ഗാനം-
    കേള്‍ക്കുമ്പോള്‍..
മധുരമാ മാറില്‍-
    ചേരുമ്പോള്‍..
ഉള്ളിന്റെയുള്ളിലെ-
    കനലുകളൊക്കയും
കണ്ണുനീര്‍ത്തുള്ളീയായ്-
    മാറുന്നു..

സന്ധ്യാദീപം-
    തെളിയുമ്പോള്‍..
രാവിന്‍ ഈണം-
    പാടുമ്പോള്‍..
ജന്മാന്തരത്തിലെ-
    ബന്ധങ്ങളൊക്കയും
തോരാ മഴയായ്-
    പെയ്തിടുന്നു...


Sunday, 23 September 2012

അച്ചുവാര്‍ത്ത ജീവിതങ്ങള്‍

പട്ടിണി കിടക്കുന്ന-
വയറിന്‍ ചുവട്ടില്‍..
പക്ഷപാതം കാണിക്കുന്ന

തെരുവ്നായ്കള്‍..
ഒരുപറ്റുകിടാങ്ങള്‍.. 
ചൂഷണത്തിന്‍ ആലയില്‍
അച്ചുവാര്‍ത്തൊരു..
 ലോഹകഷണമാകുന്നു.

ചിലരതിനെ 

അന്ധപ്രതിമകളാക്കുന്നു..
ചിലരതിനെ
 ബധിരമൂകമാക്കുന്നു..
മറ്റുചിലരതനിനെ 

വികലമാക്കുന്നു..
തഥാ ചൂഴ്നെടുത്തിടും 

ബാല്യകണങ്ങളെ
തെരുവില്‍ വില്‍ക്കുന്നു.. 
പൊള്ള ലേലം വിളിക്കുന്നു..

നൂലുപൊട്ടിച്ച 
 പട്ടങ്ങളിവരില്‍
അന്ധരാഗങ്ങള്‍-
 നിറച്ചിടുന്നന്യര്‍.
കളങ്കമറിയാത്തവര്‍-
കളങ്കിതമാകുന്നു
രാക്കൂട്ടിനു-
കൂട്ടില്‍ കിടത്തി

വെളിച്ചമില്ലാ 
 പരത്താനവരില്‍...
വെളിച്ചമില്ലാ 
 പരത്താനവരില്‍...
ദിനചക്രത്തിന്‍-
 തീഷ്ണത
കൊന്നൊടുക്കുന്നീ  
 പുതു നാമ്പിനെ..

തിരിച്ചറിഞ്ഞിടുക 

തിരുത്തുക നാം..
തിരിച്ചറിഞ്ഞിടുക 

തിരുത്തുക നാം..  
അര്‍ഹമാം-
അറിവിന്‍ കിരണം,-
ചൊരിഞ്ഞൊരു -
പുണ്യകര്‍മംകൂടി ചെയ്തിടാം.
പ്രഭയൊരുങ്ങിക്കിടക്കും-
 നിലങ്ങളില്‍..
പുതുവിത്തുപാകി-

വളര്‍ത്തിയെടുക്കാം..

Wednesday, 12 September 2012

വലിച്ചെറിഞ്ഞ ചോറിന്റെ കഥ

അരിമണി നറുമണി നട്ടുവളര്‍ത്തിയ-
ഞാറ്റുമണ്ണിന്‍ തോറ്റം പാട്ടേ.-
കേള്‍കൂ നീയീഅനാഥപുത്രന്‍-
തന്‍ വിലാപകവ്യം

പാഴായ്ക്കിടപ്പതും പഴുതില്ലാ-
തറയില്‍ പറ്റിപ്പിടിച്ചതും ഞാന്‍
അയ്യോ!! അരും ചവിട്ടല്ലെയെന്നെ
ഒരു കാവ്യകഥകൂടി പറഞ്ഞിടട്ടേ

പണ്ടൊരു പാടത്തൊരു ചേറില്‍
വിത്തായ് വീണു പിടഞ്ഞുഞാന്‍
തണുത്തമണ്ണിന്‍ ലാളനമെന്നുടെ
നീറ്റലുമാറ്റി യൊരുക്കി മയക്കി

ഉഴുതുമറിച്ചു നിലം വിരിച്ചു
ഞാറ്റുപാട്ടിന്‍ താളമോടേ....
വിയര്‍പൊഴുക്കി മണ്ണിന്നുടയോന്‍
കടഞ്ഞെടുത്തൂ പുഞ്ചപ്പാടം..

കഷ്ടപ്പാടിന്‍ തീഷ്ണതയില്ലാ-
തായിരം കൈകളെന്നെത്തലോടിയീ-
മണ്ണിന്‍ മനസില്‍ കിടന്നൂവളരാനന്നെ
വര്‍ഷമേഘമനുഗ്രച്ചിടുന്നൂ...

തളിരായ് കിളിര്‍ത്തുഞാന്‍..
കതിരില്‍ വളര്‍ന്നു ഞാന്‍
തഴുകാന്‍ വീണ്ടുമെത്തിയോരൊ
കരുതലില്‍ ഹസ്തവര്‍ഷങ്ങള്‍

ചിങ്ങപുലരിയില്‍ വിളഞ്ഞു തെളിഞ്ഞു
പൊന്നണിഞ്ഞു പരന്നു കിടക്കും-
നെല്ലിന്‍ന്നിടയില്‍ വിളങ്ങിയ
ഏഴരപ്പൊന്നിന്‍ അഴാകാണു ഞാന്‍

കൊയ്ത്തു പാട്ടിന്‍ താളമേറി
അരുമകരങ്ങള്‍ എത്തിടുമ്പോള്‍
നിരയായ് നിന്നുകൊടുത്തീയീ-
അരിവളിന്‍ ചുമ്പനമേല്‍ക്കാന്‍

പുഴുങ്ങിയുണക്കി വിരിച്ച പരമ്പില്‍
പവിഴം പോല്‍ വാണുവിളങ്ങി..
കുത്തിപ്പൊടിച്ചിട്ടു പുറംചട്ട മാറ്റി
പുറത്തെടുത്തീ നറുമണീ തിങ്കളെ..

പുത്തരിച്ചോറായ് തിളച്ചുമറിഞ്ഞുഞാന്‍
പുണ്യമായ് മാറുമെന്നോര്‍ത്തുമാത്രം..
പുത്തരിച്ചോറായ് തിളച്ചുമറിഞ്ഞുഞാന്‍
പുണ്യമായ് മാറുമെന്നോര്‍ത്തുമാത്രം..

എങ്കിലുമെന്നെയാരൊ വലിച്ചെറിഞ്ഞൂ..
നിറഞ്ഞ വയറിന്‍ എച്ചിലായീ..

എങ്കിലുമെന്നെയാരൊ വലിച്ചെറിഞ്ഞൂ..
പുച്ഛമാം ഭാവത്തിന്‍ മൂര്‍ച്ഛയോടെ.

ഇക്കഥയൊന്നോര്‍ത്തുകൊള്‍ക വിളവിന്റെ-
കഥയൊന്നോര്‍ത്തുകൊള്‍ക !!!


Tuesday, 4 September 2012

ചാലയുടെ വെമ്പല്‍

ചക്രവാകം എത്തിടുമ്പോള്‍
ചത്തിടുന്ന ചിന്തകള്‍
കെട്ടണഞ്ഞീ  ജീവനങ്ങള്‍
 അഗ്നിരേവടത്തിന്‍ കൈകളാല്‍

ചുഴലിയെത്തി തുള്ളിയാടി-
അഗ്നിമാലയണിഞ്ഞതാല്‍
കറുത്തവണ്ടി ചുമലെടുത്ത-
വാതകേതു ഛിന്നമായ്

രാത്രീകരന്‍ വന്നെത്തിയെങ്ങൊ-
രാത്രിക്കു തീക്കൂട്ടുവച്ചിടാന്‍
ആരും തണുത്തു വിറച്ചില്ലെങ്കിലും
തീതുപ്പുടിന്നരാത്രിയായ്

പൊട്ടിത്തെറി, അലര്‍ച്ച, മുഴക്കങ്ങള്‍
അറുത്തിട്ടു പഞ്ചഭൂതപ്രതിമകളെ-
ഗ്രസിച്ചുല്ലസിച്ചാടി തിമിര്‍ത്തൂയീ-
പഞ്ചഭൂതങ്ങളില്‍ പ്രഥമന്‍

ഒളിയുദ്ധം നടന്ന രണഭൂമിയില്‍
കഴുകന്‍ കണ്ണുകള്‍ പരക്കുന്നു
കരച്ചിലിന്‍ ധ്വനിമുഴക്കം -
നിറഞ്ഞു കറുത്തു- ഈ ചാല
 
വെന്തുരികിയ അരുമകളും
പാതിയില്‍ നിലച്ചജീവനുകളും
ശേഷിപ്പതു ദുരന്തമുദ്രണമായ്

പ്രാര്‍ഥനാമൃതം ചൊരിഞ്ഞിടാം
നമുക്കീ മണ്ണില്‍ കൈകോര്‍ത്തിടാം
പുല്‍ക്കൊടിയിനിയും തളിര്‍ക്കട്ടീ മണ്ണില്‍..
പുല്‍ക്കൊടിയിനിയും തളിര്‍ക്കട്ടീ മണ്ണില്‍..

Monday, 23 July 2012

ഞാനൊരു ഗംഗ

നേരിന്റെ  നെറുകിലൂടൊഴുകുന്ന ഗംഗയില്‍
ആരിന്നു വിഷവിത്തു പാകി
തിരിഞ്ഞൊന്നു നോക്കൂ ഉത്തംഗമായൊരീ
ജഢയിലെ പുണ്യമാം പ്രണയശൃഷ്ടിയെ

പവിത്രമീ ആത്മാവു ഒഴുകുന്ന പുളിനങ്ങള്‍
പുണ്യമായ്,മാറിയിക്കാലമത്രയും
കാലാന്തരത്തില്‍ ഒളിപ്പിച്ചു വയ്ക്കും
പാപങ്ങളൊക്കെ ഒഴുക്കിക്കളഞ്ഞിടും
മോക്ഷപ്രദായിക ഈ ഗംഗ

ഞാനൊരു ഗംഗ, മനുഷ്യ ഗംഗ
തീരങ്ങളില്ലാതെ ഓളങ്ങളില്ലാതെ
ശാന്തമായ് ഒഴുകുന്ന ഗംഗ
ആരൊക്കെയോ വന്നു സ്നാനം-
ചെയ്തുപോയീ  സ്നേഹഗംഗയില്‍
പിന്നീടു പാപത്തില്‍ച്ചുട്ട രക്തം വീണു-
മലിനമായ് ഈ ഗംഗ
പിന്നെയാരൊക്കെയൊ വലിച്ചെറിഞ്ഞ വിഷവിത്തു-
കിടന്നു മുളച്ചുപോയീസ്നേഹഗംഗയില്‍,
മോചനം കിട്ടിയോ നിനക്കെന്നെസ്നേഹിച്ച-
പാപത്തില്‍ നിന്നുമെന്നേക്കുമായ്

പ്രവാഹം തുടര്‍ന്നു ഞാനാം ഗംഗ-
അനസ്യൂതമെന്നതു തന്നെയോര്‍ത്ത്

വീണ്ടും ഭഗീരഥന്മാരെത്തിടുന്നു
വഴിതിരിച്ചുവിട്ടു മറ്റൊരു മനസിനെ-
പുണ്യമാക്കാന്‍
പുതുപാപങ്ങളേറാന്‍ പോകട്ടെ-
ഞാനിന്നീ ഭഗീരഥനൊപ്പം

Sunday, 15 July 2012

വര്‍ണ്ണവിവേചനം

പകലുണ്ട് രാവുണ്ട് ഭൂമിയില്‍-
മദ്ധ്യേ തേങ്ങുന്ന സന്ധ്യയുമുണ്ട്
പേറുണ്ട് മൃതിയുണ്ട് ഭൂമിയില്‍
മദ്ധ്യേ വിളറിടും മനുജരുമുണ്ട്

ഇരുണ്ടും വെളുത്തും കറങ്ങുന്ന ഭൂമിയില്‍-
ഇരുളിന്റെ വര്‍ണ്ണവ്യത്യാസമുണ്ട്
എങ്കിലും നീയെന്റെ ചോരകാണൂ-
നിറഭേതമില്ലാത്ത ചോരകാണൂ

കാര്‍മേഘമുണ്ട്, തൂവെണ്മേഘമുണ്ടീ-
വാനില്‍,ഉദാത്തമായ് കാണുമോ നീ
ഇരുമേഘപടലമില്ലാതെയിന്നീ ഭൂവില്‍
വര്‍ഷവും ഗ്രീഷ്മവുമുണ്ടോ

അര്‍ക്കരനോടൊന്നു ചോദിപ്പൂഞാന്‍-
രജതമായ് എന്നിലേക്കണയുമോ നീ ?
ഭൂമിയില്‍ സ്വച്ഛത പരത്തുന്ന നേരത്തു-
നിന്നയും ഞാനൊ മറന്നു പോയി
ഈ സൂര്യനും കേണു മറഞ്ഞു പോയി

നിന്റെ വെളുപ്പിനെ എന്നിലേക്കേകുക
നീ കൂട്ടുകാരാ
തുല്യതയില്ലാതെ ദൂരത്തു നില്‍കുന്ന-
സ്നേഹത്തെയേകു നീ കൂട്ടുകാരാ
വകഭേതമില്ലാതെയി,ത്തീണ്ടലില്ലാതെ-
കൈകോര്‍ത്തിരിക്കൂ നീ കൂട്ടുകാരാ
ആകാരമില്ലാത്തൊരാകാശത്തിന്നു നാം
ആലംബമായൊന്നു മാറിനില്‍ക്കാം


Thursday, 5 July 2012

ശവപ്പറമ്പ്

ചാവുഗന്ധം ചുമന്നു  നില്‍ക്കും
ശവപ്പറമ്പിന്‍ കല്ലറക്കാടുകള്‍
കൂരിരുട്ടീന്‍ മറ വീഴിടുമ്പോള്‍
കുരച്ച്കൂവി കരയും ശ്വാനവര്‍ഗം

ആണിനും പെണ്ണിനും ഒരിമിച്ചൊരു-
മണ്ണില്‍ക്കിടക്കാമിവിടെ ജീവകണമില്ലാതെ
ആര്‍ജ്ജിതമായതൊന്നും അരച്ചുതിന്നുവാന്‍
മര്‍ത്യനു കഴിയാത്ത മണ്ണിത്

കോലപ്രേതാദികള്‍ കോമരം തുള്ളും
കൊലക്കായ് വാളെടുക്കാതെ
അത്രിജന്‍ മറഞ്ഞ അമാവാസിയില്‍
പിത്തരസം ബാധിച്ചുന്മത്തരായവര്‍

ക്ഷുദ്രമായ് ദ്രവിച്ചു കിടക്കുംജഡങ്ങള്‍ക്കീടയില്‍
ഉദ്യമം മറന്നലയുന്ന ആത്മാക്കള്‍
കരഞ്ഞിടുന്നു പലകോണുകളിരുന്നു-
പരേതമായ വ്യര്‍ഥമോഹങ്ങളൊര്‍ത്ത്.

ഇക്കാഴ്ചകളൊക്കേ കണ്ടു മടുത്തു-
രിക്കുകയണു ഞാനീ  ശിലാവനികയില്‍
ആരൊക്കൊയൊ വന്നു തിരികൊളുത്തി-
ചിരിമറച്ചു മെല്ലെ മന്ത്രിച്ചിടാന്‍-
പണിതതാണിക്കല്ലറ പിരമിഡുകള്‍.

അണിയത്ത് ഈ ഓര്‍മ്മയുടെ ശവപ്പറമ്പില്‍..!!
അണിയത്ത് ഈ ഓര്‍മ്മയുടെ ശവപ്പറമ്പില്‍..!!

Tuesday, 26 June 2012

ഓര്‍മ്മയുടെ മറവികളില്‍












"മറക്കുമോയെന്നെ നീ.. കാഴ്ച്ചയുടെ അഴങ്ങളില്‍
മറക്കുമോയെന്നെ നീ.. മൊഴികളുടെ ഉച്ചത്തില്‍
മറക്കുമോയെന്നെ നീ..  മനസിന്റെ മാറാപ്പുകളില്‍
മറക്കുമോയെന്നെ നീ.. ഓര്‍മ്മയുടെ കൊടുമുടിയില്‍"

നിന്‍ മിഴിനീര്‍കണത്തിനെന്നെ അറിയാതിരുന്നെങ്കില്‍
നിന്‍ കണ്‍പീലി എന്‍നേര്‍ക്കു കൊട്ടിയടഞ്ഞിരുന്നെങ്കില്‍
നിന്‍ കാഴ്ച്ചക്കു  തിമിരം ബാധിച്ചിരുന്നെങ്കില്‍
മറക്കാം- നിനക്കെന്നെ കാഴ്ചയുടെ ആഴങ്ങളില്‍


നിന്‍ ചുണ്ടുകള്‍ നാണിച്ചു വിറച്ചിരുന്നില്ലെങ്കില്‍
നിന്‍ മൊഴികളെനിക്കു കാവ്യഗീതികളല്ലെങ്കില്‍
നിന്‍ മാറ്റൊലികളെന്‍ മുന്നില്‍ മൂകമാരുന്നെങ്കില്‍
മറക്കാം- നിനക്കെന്നെ മൊഴികളുടെ ഉച്ചത്തില്‍

നിന്‍ മാനസകോട്ടയിലെന്നെ ബന്ധിച്ചിരുന്നില്ലെങ്കില്‍
നിന്‍ ഹൃദയത്തുടിപ്പുകളെന്നെ മന്ത്രിച്ചിരുന്നില്ലെങ്കില്‍
നിന്‍ മനസില്‍ ഞാനെന്ന കേടു ബാധിച്ചിരുന്നില്ലെങ്കില്‍
മറക്കാം- നിനക്കെന്നെ മനസിന്റെ മാറാപ്പുകളില്‍

നിന്‍ നിനവിന്‍ ഹസ്തങ്ങളെന്നെ തിരഞ്ഞിരുന്നില്ലെങ്കില്‍
നിന്‍ നീര്‍ച്ചാലുകള്‍തന്‍ ഉറവിടം ഞാനല്ലയെങ്കില്‍
നിന്‍ ഓര്‍മ്മക്കു എന്നെയോര്‍ത്തു മറവിസംഭവിച്ചെങ്കില്‍
മറക്കാം- നിനക്കെന്നെ ഓര്‍മ്മയുടെ കൊടുമുടിയില്‍

Thursday, 21 June 2012

കടത്തുകാരന്‍

ഇരുകര ഇരുപതു തുഴപ്പാടുകൊണ്ടെ-
റിഞ്ഞു തുഴഞ്ഞിടും കടത്തുകാരാ..


ഞാനൊന്നു പുക്കു നിന്റെ തോണിയിതേലും
തുഴഞ്ഞോളൂ തുഴഞ്ഞോളൂ ഞാനുമുണ്ടെ..

തലേക്കേട്ടും കാവിമുണ്ടും നനഞ്ഞിട്ടില്ല
കഴക്കോലും ഊന്തിയിന്നു നില്‍ക്കുന്നിത..


പറഞ്ഞിടും ഇന്നാട്ടിലേ  കഥകളൊക്കെ

കഴുത്തോളം വെള്ളമുണ്ടെന്നുറക്കെപ്പാടും..
 
കൈകള്‍രണ്ടും താളത്തില്‍ തുഴയമര്‍ത്തും
നൗകയിന്നു മറുകര എത്തിച്ചിടാന്‍..


ഒഴുക്കെല്ലാം വെടിപ്പാക്കി പാറിച്ചിടും
കാഴ്ചക്കാര്‍ ഞങ്ങളെല്ലാം കളിപ്പാവകള്‍..

അഞ്ചുപേരുടെ അഞ്ചുരൂപ കടത്തുകാശ്

അഞ്ചുവയറു നിറച്ചിടാന്‍ വഞ്ചിതള്ളുന്നൂ..

നഞ്ചുമില്ല നാണ്യമില്ല അറകളില്‍..
പുഞ്ചിരിച്ചു മൊഞ്ചുകാട്ടി വഞ്ചിതള്ളുന്നു...

Saturday, 16 June 2012

സ്വം

കാറ്റുവന്നണച്ചിടാതെ കാക്കുന്നു-
യെന്നിലെ അണയാത്ത ദീപത്തെയിന്നും
ചകിതനായ് ജീവിതത്തിരയെണ്ണിയീ-
തീരത്തു മണല്‍ത്തരിപുല്‍കിനില്പൂ

ഇന്നെന്‍ ഹൃത്തിനെ രണ്ടായിമുറിച്ചിടാ-
ലെനിക്കൊരു ഭ്രാതാവിനെ പ്രാപ്യമൊ.
കഥകള്‍പറഞ്ഞിരിക്കാനും,കാലം
പാടുന്ന കവിതകള്‍ ഏറ്റുചൊല്ലാനു-
മെനിക്കൊരു ഭ്രാതാവിനെ പ്രാപ്യമൊ.

അമ്പരമുറ്റത്തിനിയുമലങ്കാരമില്ല-
യിന്നെന്‍ മനസും തീരവുമൊരുപോലെ.
അശ്രുകണങ്ങളാല്‍ മറ്റൊരാഴി-
തീര്‍ത്തിടുവനിനി ത്രാണിയുമില്ല

സ്വന്തമെന്തന്നറിയതെ,കേണു-
സോപാനസംഗീതം പാടിയെന്‍ മനസിന്‍-
നട തുറക്കട്ടെ ഞാനിന്നു,ദേവനെ
കണ്ടു കണ്‍പാര്‍ത്തു നിന്നിടട്ടെ.

ഞാനും പിന്നെ ഞാനും മാത്രമായിന്നു-
കൈകള്‍കോര്‍ത്തു ചുറ്റിനടന്നിടാമീ-
സ്വച്ഛന്ദ തീര പ്രദക്ഷിണവഴിയില്‍ -
കുറുകുന്ന പ്രാവുകള്‍ സാക്ഷിയായ്

Monday, 11 June 2012

ജന്മദിനം,ഒരു കുറിപ്പ്

ഒരു ദിനം കൂടി കറുത്തിരുണ്ടു-
കണ്‍ മൂലയിലൊളിക്കാനൊരുങ്ങവെ
തിരികെയൊരു യാത്രയിതസാധ്യമെന്ന-
തോന്നലിലൊരു ജന്മദിനം പോകവെ

പൊഴിഞ്ഞ നക്ഷത്രപ്പൂക്കളെയീ ധരയില്‍-
വെട്ടിക്കീറി തിരഞ്ഞുനോക്കിയൊരു
പുഷ്പവര്‍ഷം നടത്താന്‍, ഒരു
വര്‍ണപ്രതല പ്രതാപ പൊന്നാടയൊരുക്കാന്‍

കഴിഞ്ഞയാത്രയിലെ കാലടി തിരയാന്‍
ഭൂതക്കാണ്ണാടി  ഒരുക്കിയിതെന്‍ ജീവിത-
താളുകളില്‍,ഈ പഴയഗ്രന്ഥങ്ങളില്‍.
എഴുതിവച്ചിരുന്നൂ ഓര്‍മ്മാക്ഷരങ്ങള്‍

അച്ഛ്നോടൊപ്പം..
അമ്മയോടൊപ്പം.. നടന്ന-
വഴികളെ നന്ദിയോടെ സ്മരിക്കാമീദിനത്തില്‍
കുറുക്കുവഴികളില്ലതെ കടന്നുപോയ്
ഇക്കാലമത്രയും നേര്‍വഴിമാത്രമായവര്‍ മുന്നിലും

വര്‍ഷം ഒന്നുകൂടി കുറിച്ചിടാമീദിനത്തില്‍
ഒരു പുരാവസ്തുവിന്‍ പിറവിക്കായ്
ദ്രവിച്ചൊടുങ്ങട്ടെ പുത്തന്‍ ജീവിത-
ച്ചൊവയുടെ  കറുത്തക്ലാവുപിടിച്ച്..

Friday, 8 June 2012

മഞ്ചാടി

തിളങ്ങും കണ്ണുകള്‍,ഒരു നിലാപുഞ്ചിരി
അതായിരുന്നെന്‍ ചിറകുമുളക്കും ബാല്യം
എല്ലാം തുടിക്കുന്ന പ്രായം, ആഗ്രഹിക്കും പ്രായം
മനസുകള്‍ തിരിച്ചറിയാത്ത കാലം

വളപ്പൊട്ടുകളായിരം വര്‍ണം വിതറിടും
കുരുന്നിലകളും വിശറിയായ് മാറിടും
വെയിലും നറുനിലാവായ് മാറിടും
ഞങ്ങളാ മരച്ചുവട്ടില്‍ ഇരുന്നിടുമ്പോള്‍

അക്കരക്കരയിലേക്കെന്‍ ബാല്യത്തെ-
വലിച്ചെറിഞ്ഞു, അവിടെത്തളിര്‍ത്തുപുതു-
മഞ്ചാടിമരങ്ങള്‍,പൊഴിഞ്ഞു മഞ്ചാടിമുത്തുകള്‍-

അവിടെ വീണ്ടും പുതുബാല്യങ്ങളുണ്ടാക്കി

വഴിമാറാത്തിരീ നദിയും,പെയ്തുതീരാത്ത മഴകളും
അപ്പൊഴുമീ മഞ്ചാടിമണികളാരെയോ തിരഞ്ഞിരുന്നു
ഒരു പുഞ്ചിരിയെ,ഒരു ബാല്യത്തെ
നിങ്ങള്‍ക്കൊപ്പം ഉല്ലസിച്ചിടുവാനിനി ഞാനില്ലെ??

എല്ലാം പോയ്മറഞ്ഞിടാം..
എല്ലാം എവിടെയൊ പോയ് മറഞ്ഞിടാം..
കമ്പ്യൂട്ടറായ്.. ഇന്റെര്‍നെറ്റായി..
ടെലിവിഷനായ് പോയ് മറഞ്ഞിടാം..

Sunday, 3 June 2012

അപരിചിത

കഥയില്ലാതെയുള്ളോരീ ജീവിതത്തിനു-
കാവലായെത്തിയ തളിരമ്പിളിയൊ നീ
പരിപാലനമായ് പഴയൊരോര്‍മ്മായായ്
ഈ തുലാവര്‍ഷവേളയിളൊരു വിളക്കു വീശി

എന്നെയി നാലുകാലിന്നു മുകളില്‍-
ക്കിടത്തിയിട്ടിന്നു കാലമേറയായ്
ചലനമറ്റയെന്‍ ദേഹത്തിനു ദേഹി-
മാത്രം കൂട്ടായ് കിടക്കുന്നു ഞാന്‍

ആതുരമാം മനവും കായവും
കാലമാംചക്രത്തിലൂടെ ഉരുണ്ടുകളിച്ചിടും
ആ തേര്‍തെളിക്കാനെത്തിയ
വെള്ള പുതച്ചിടും മാലാഖയൊ നീ

അന്ത്യമാം സത്യം തേടിക്കിടക്കുമെന്‍
സ്വപ്നത്തിന്‍ ചിരാതു കൊളുത്തി നീ-
ആരൊക്കെയായ് മാറിയീനിമിഷത്തില്‍-
ഓര്‍ത്തുപോയ് ഞാന്‍ എന്‍ അമ്മയെ

അറിയില്ല നീയാരാണെന്നീ വേളയില്‍
ഏകനാമെന്നിലെ ജീവനെ തൊട്ടുവൊ നീ-
യേകും മരുന്നുകളൊക്കെ ജീവനാഡിയെ-
ത്തലോടി മനസിലെ തൂവല്‍സ്പര്‍ശമായ്

ഇനിയൊരു ജന്മമുണ്ടെങ്കിലെന്‍ മകളാകുമൊ നീ
സ്നേഹം പാടി നടക്കുമെന്‍ ഈണമായിടുമൊ
അടഞ്ഞിടുന്നെന്‍ കണ്ണുകള്‍ നിന്നെ നോക്കി
പോകട്ടെ  ഞാന്‍, ഈ കടപ്പാടുകള്‍ ബാക്കിയായ്

Wednesday, 23 May 2012

ഗദ്ഗദങ്ങള്‍

ചുവന്ന രക്തക്കടല്‍ ചുറ്റിക്കിടക്കും-
മനമാം മരതകദ്വീപിലുണ്ടൊരു-
പവിഴം കാക്കും മനസ്വിനി, മീട്ടുന്ന-
ശ്രുതികളല്ലോ ഈ ഗദ്ഗദങ്ങള്‍..


മൂകമാം ദ്വീപിനെയുണര്‍ത്തി-
യിവള്‍ തന്‍ കരങ്ങളാല്‍
ലാളന പരിലസിതം കൊടുത്തു-
തന്‍ തംബുരു രാഗധാരയായ്..

ഓര്‍മ്മകളായവള്‍ ശബ്ദലേഖനം ചെയ്തു-
യീ സ്വരതന്ത്രികള്‍ തന്‍ സംഗീതം-
പിന്നയീ മരതകത്തുരുത്തിലെ മായത്ത-
ഉണര്‍ത്തുപാട്ടായ് മുഴങ്ങിടാന്‍.

ആനന്ദ കേളിരവം മുഴക്കിയിവളെപ്പൊഴൊ-
വ്യഥതന്‍ പരിതാപ ശ്രുതിയും തുടുത്തു
ഈ രണ്ടു രാഗവും എന്‍ മിഴികളെ-
യാര്‍ദ്രത തന്‍ ആലേപനം ചാര്‍ത്തി.

ഗദ്ഗദ സംഗീത മഴ ചൊരിയുകയെന്‍-
മാനസസുന്ദരി  ഈ പവിഴം കാക്കുക്ക-
യീ മാനസ ദ്വീപിലെ നാഗമായ്.
സാന്ദ്രമാം സംഗീതമെന്‍ മനസിന്‍-
അടിത്തട്ടിന്‍ ആഴങ്ങളില്‍ ഊളിയിടട്ടെ

Monday, 21 May 2012

വിവാഹം

മുദ്രണം ചെയ്തുനിന്‍ മനസു
എന്‍ ചുവപ്പു മഷികൊണ്ടു.
പതിഞ്ഞതില്‍ തീയതിയും
മറക്കാന്‍ പറ്റാത്ത സ്ഥലവും

നമ്രശിരസ്കയായ് നില്‍ക്കുന്ന നിന്നെ-
കറങ്ങുന്ന ഭൂമിയെ കടിഞ്ഞാ-
ണിടും പോല്‍ പൂത്താലി-
ച്ചരടു കൊണ്ടൊരാണ്‍കെട്ടു കെട്ടി

ഉയരുന്നു കുരവയും പുഷ്പ-
വര്‍ഷവും ശുഭമുഹൂര്‍ത്തത്തില്‍
നിനച്ചുപോയ്  വിവാഹമൊ-
ഈ സ്വര്‍ഗത്തില്‍ വച്ചു തന്നെയൊ

ചുറ്റുമുണ്ടൊരു പത്തായിരം പേര്‍
സാക്ഷിയായ് പൂമാലയും ചാര്‍ത്തി
വെറ്റില വച്ചെനിന്‍ വലംകൈകൊര്‍ത്ത്
പുതുജീവന മണ്ഡലം വലംവച്ചു

മനസിന്‍ പടിവാതിലില്‍ വലം-
കാല്‍ വച്ചു കയറി നീ
നിന്നിലെ എന്നിലും, എന്നിലെ നിന്നിലും
തെളിയുന്ന ദീപമായ് ഈ സംഗമം