സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!
Showing posts with label arike. Show all posts
Showing posts with label arike. Show all posts

Tuesday, 25 December 2012

നീയെന്റെ കൂട്ടുകാരന്‍

ധാരയായ് ഒഴുകുന്ന മണമുള്ള സ്നേഹം
ആരുമാല്‍ മറക്കാന്‍ കഴിയാത്ത സ്നേഹം
നീയെന്റെ സൗരഭം നുകര്‍ന്ന കൂട്ടുകാരന്‍
നീയെന്റെ ജാലകം തുറന്നിട്ട കൂട്ടുകാരന്‍

ചിത്തത്തിലെ മഴക്കാറു മഴവില്ലായ്  മാറിടും
നിന്റെ മൃദുഹാസം പെയ്തൊഴിയുമ്പോള്‍.
ഹൃദ്യമായ് പാടുന്ന കുരുവിയും കൂട്ടായെത്തിടും
നിന്റെ മൊഴികള്‍ കളകളമൊഴുകുമ്പോള്‍.

സ്നേഹത്താളിയോലയില്‍ ആദ്യാക്ഷരം കുറിച്ചു-
നിത്യവസന്തമായ് സൗഹൃദം വിരിഞ്ഞ നാള്‍
പുല്‍ച്ചെടിത്തട്ടിലെ മഞ്ഞുതുള്ളിയെ കണ്ണോടണക്കെ-
കാഴ്ച്ചക്കു കുളിര്‍മ പകുത്തുനല്‍കിയ നാളുകള്‍

മഷിത്തണ്ടു പറിക്കുവനൊരുങ്ങുന്ന നേരം
കൈകോര്‍ത്തീത്തുമ്പിയെ പിടിക്കുവാന്‍ നേരം
തോര്‍ത്തിട്ടു പരലിനെ കോരുവാന്‍ നേരം
നിന്‍ സ്വപ്നച്ചങ്ങലയിലെ മലരായ് പൂത്തുപോയ്

ചള്ളകുഴച്ചൊരു വീടുണ്ടാക്കിയ മണ്ണില്‍
ചിരട്ട പൊതിഞ്ഞൊരു മണ്ണപ്പമൊരുക്കി നീ
ആടിയുലഞ്ഞൊരു ചില്ലയിലൂഞ്ഞാലിന്‍
ആയം കൂട്ടിത്തന്നൊരു കൈകള്‍ കാണ്‍പൂ

താരങ്ങളെ കണ്ടുറങ്ങുമ്പോഴും, നിശാ-
നീലിമയെ നിന്നിലേക്കൊളുപ്പിച്ചു ഞാന്‍
മുറിനിക്കറിന്‍ വള്ളിയില്‍ പിടിച്ചുവലിച്ചു
പൊയൊരു വിദ്യാലയദിനം പൊഴിഞ്ഞുപോയ്

മഴവെള്ളം ചെപ്പിക്കളിച്ച നാലുമണിനേരങ്ങള്‍
പുഴയായ് ഒഴുകിപ്പോയതു കണ്ടുഞാന്‍
പിന്നയുമീപ്പുഴ ഒഴുക്കു തുടരുന്നു, ഇന്നിന്റെ-
മാലിന്യം പേറി, ആരുമില്ലാതെ...

ചിത്രം കടപ്പാട് : ഗൂഗിള്‍.. 


Thursday, 1 November 2012

അരികിലെത്തുമ്പോള്‍..

മിഴിനീരാഴിയിലെ കളിത്തോണിയായെന്‍ മനം
അഴിമുഖം കാണാതെയലഞ്ഞിടുന്നു.

തുരുമ്പെടുത്തു നീറുന്ന നങ്കൂരമകുടവും
നരച്ചൊരീ കണ്ണുമായ് വികലമായ് നോക്കീടുന്നു.

സാനുവിന്‍ ഓജസ്സു കൂടുന്നീയാഴിയില്‍
താനെ തുഴയുവാന്‍ ത്രാണിയും ചോര്‍ന്നുപോയ്

അശിനിപാതം പൊഴിച്ചിട്ടീ കാര്‍മേഘവും-
ലേശം കരുണയില്ലാതെയാര്‍ത്തുല്ലസിച്ചിടുന്നു

ദിക്കുകെട്ടനാഥമായ് ആടിയുലഞ്ഞീത്തോണി-
അക്കരക്കരയിലെ തീരം കൊതിച്ചിടുന്നു

ദിക്പഥം മുഴുവനും ജലവര്‍ഷഘോഷം
നൗകതന്‍ പഥസഞ്ചാരമോ മറഞ്ഞുപോയ്

ആരെത്തിടും അരികിലേക്കഭയമായ്-
ദൂരയീതീരം തേടും മനസിന്റെയുള്ളില്‍

തഴുകലില്‍ സ്പര്‍ശമായ് അരികിലെത്തുമ്പോള്‍
മിഴിനീരാഴി വറ്റിവരണ്ടിടും,കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും

ഈ കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും..


ചിത്രം കടപ്പാട് : ഗൂഗിള്‍..