സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!
Showing posts with label sneham. Show all posts
Showing posts with label sneham. Show all posts

Tuesday, 23 October 2012

അന്ധനായ സ്നേഹത്തിന്റെ കൂട്ടുകാരന്‍

ആലസ്യം അശക്തമാക്കിയ മനസ്
നിറങ്ങളെ വെല്ലുവിളിക്കും മിഴികള്‍
അന്തര്‍നാളം അനാദിയില്‍ 
അഴ്നിറങ്ങുന്നു..

ഉരലിന്നു ചുറ്റും കറങ്ങുന്ന-
ഉറുമ്പിന്നു ലോകം ഇട്ടാവട്ടം.
ധീരത ചോര്‍ന്ന ചിത്തത്തില്‍
വൈര്യം നിറച്ചിട്ടെന്തു കാര്യം

കുരുടന്റെ ഊന്നുവടിക്കും-
ബലമില്ലാതെ വന്നാല്‍-
"കരളിന്റെ സ്നേഹം ഭയമായ്-
ഒഴുകിടും,നദിയായി മാറിടും
പിന്നെ കടലിലേക്കെത്തിടും

പാലായനം ചെയ്ത   വഴിയും-
മറന്നുപോയിടും"

സ്നേഹം അന്ധമാക്കിയ
മനസിന്‍ വിലാപം മുറുകുന്നു...
ഒടുവില്‍, അന്തരംഗത്തിന്‍
തിരിനാളം എരിഞ്ഞൊടുങ്ങിടാം
അന്തരത്തിന്‍ അന്തിയാമങ്ങളില്‍ മൂകമായ്...

Tuesday, 16 October 2012

അവസാനം നീ മാത്രം.

നിന്നെ തലോടിയ വിരലിന്റെ ദാഹം-
എന്നേക്കുമായ് പോയ് മറഞ്ഞു.
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളൊക്കയും-
 മറവിക്കു കൂട്ടായ് മാറി.
നിന്നെ കണികണ്ട മിഴികളില്‍-
ചുവന്ന ഇരുട്ടും മൂടി.
നിന്നെയുറക്കിയ മാറിലെ സ്പന്ദം-
തുടിക്കാന്‍ കൊതിച്ചു നിലച്ചിടുന്നു.
നിന്നെയുണര്‍ത്തിയ ചൊടിയിലെ മൗനവും
താരാട്ടുപാട്ടു നിര്‍ത്തിടുന്നു.

നിന്നെ ചേര്‍ത്തുറക്കിയ രാത്രികള്‍
നിഴലായ്ച്ചുരുങ്ങി നിന്നിലേക്കണയുന്നു.
നീയുഴിഞ്ഞെടുത്ത എന്‍ ആത്മാവിന്‍-
ചിരാതില്‍ നീ നറുവെണ്ണയൊഴുക്കി-
യെന്‍ വര്‍ണ്ണമേലാപ്പണിയുമോ?
മിഴാവില്‍ തുള്ളും കളിപ്പാവയായ്-
കനവിലേക്കണയില്ല ഞാന്‍.
മനശംഖിലെ അഴിതന്‍ അര്‍ദ്രത
അലിയിച്ചിടട്ടെ ഞാന്‍ കടമെടുത്ത-
ജീവിതത്തിന്‍ അഴലുകള്‍..

Wednesday, 26 September 2012

നിനക്കുവേണ്ടി കുറിച്ചത്..

ആ മരത്തണലത്തു-  
    നീ വന്നീടുമ്പോള്‍
കാറ്റായ് മാറാന്‍
     ദാഹിച്ചു ഞാന്‍...
ആ മഴയത്തു-
    നീ നടന്നപ്പോള്‍
കുടയായ് മാറാന്‍
    മോഹിച്ചു ഞാന്‍..

മധുരമാം ഗാനം-
    കേള്‍ക്കുമ്പോള്‍..
മധുരമാ മാറില്‍-
    ചേരുമ്പോള്‍..
ഉള്ളിന്റെയുള്ളിലെ-
    കനലുകളൊക്കയും
കണ്ണുനീര്‍ത്തുള്ളീയായ്-
    മാറുന്നു..

സന്ധ്യാദീപം-
    തെളിയുമ്പോള്‍..
രാവിന്‍ ഈണം-
    പാടുമ്പോള്‍..
ജന്മാന്തരത്തിലെ-
    ബന്ധങ്ങളൊക്കയും
തോരാ മഴയായ്-
    പെയ്തിടുന്നു...


Tuesday, 29 May 2012

വിടപറയും മുന്‍പെ

അടര്‍ന്നുവീണ നിന്‍വാക്കുകള്‍ വീണു തകരാതെ-
കണ്ണീര്‍ താലോലിച്ച  വെമ്പലുകളായ്
തകരുമെന്‍ മനമോടെ  കനിവില്ലാതെ കേട്ടുപോയ്-
കാതില്‍ ഇരമ്പുന്ന ഘോഷമായ്

ഞാന്‍ നിനക്കേകിയ സ്നേഹമാം-
കരുതലിനെ എന്നേക്കുമായൊരു നന്ദിയോതി.
മിഴിയിലെ നാണവും മൊഴിയിലെ മൗനവും
എങ്ങോ അറിയാതെ പോയ് മറഞ്ഞു

അടക്കിപ്പിടിച്ച നിന്‍ സ്നേഹവികാര രാഗങ്ങളെ-
യുടുക്കുകൊട്ടിപ്പാടുവാനിന്നു പാണനാരില്ല.
മഴയില്ല.. കാറ്റില്ല.. നിന്നെത്തലോടുവാന്‍,എങ്കിലു-
മെന്‍ കരങ്ങളെന്തൊ കൊതിച്ചു മടിച്ചിടുന്നു.

പറയല്ലെ നീയെന്നെ സ്നേഹിച്ചിരുന്നില്ലെയെന്നു-
സ്നേഹിച്ചിരുന്നെങ്കിലും പിരിയുകയാണു നാം
ഓര്‍മ്മക്കു ചിറകുള്ള കാലം വരെയും രാഗ-
മേഘവിഹായസിലൂടെ ഏകനായ് പറന്നിടാം

കുറ്റപ്പെടുത്തില്ല നിന്നെ ഞാനെങ്കിലും-
നീ എന്നെ കുത്തിനോവിച്ചിടുക വീണ്ടുമെന്‍-
നോവിന്റെ ആഴങ്ങളില്‍ നിന്നുയരെട്ടെ-
സ്നേഹത്തിന്‍ അഗ്നിപര്‍വതസ്ഫോടനങ്ങള്‍

പെയ്തിറങ്ങുക നീയെന്നില്‍ മഴയായ്-
തോരട്ടെ നിന്‍ കണ്മേഘങ്ങള്‍തന്‍ ദ്യുതിരോഷം
തടയുകയില്ല നിന്നെ ഞാന്‍, ഇറക്കിവക്കുകയെന്‍-
സ്നേഹത്തിന്‍ കയ്പുചുവക്കും വിഴിപ്പുഭാണ്ഡം

കാണാതെ കണ്ടു സ്നേഹിച്ചു നാം..
പറയാതെ പറഞ്ഞു സ്നേഹിച്ചു നാം..
അറിയാതെ അറിഞ്ഞു സ്നേഹിച്ചു നാം,എങ്കിലും-
പിരിയാതെ പിരിഞ്ഞു തളര്‍ന്നു നാം..
പിരിയാതെ പിരിഞ്ഞു പിളര്‍ന്നു നാം..

സ്നേഹമെന്ന ചോദ്യത്തിനുത്തരം തന്നു നീ-
യടുത്തെത്തിയാനാളില്‍ നിഴലിനെ പോലും മറന്നുപോയ്-
ഇന്നാ നിഴലുകള്‍ പോലും നിന്നെ തേടിയീ-
ചുടു നിലാവിലൂടെ എകനായ് ഉഴറിയലയുന്നു..

Monday, 21 May 2012

വിവാഹം

മുദ്രണം ചെയ്തുനിന്‍ മനസു
എന്‍ ചുവപ്പു മഷികൊണ്ടു.
പതിഞ്ഞതില്‍ തീയതിയും
മറക്കാന്‍ പറ്റാത്ത സ്ഥലവും

നമ്രശിരസ്കയായ് നില്‍ക്കുന്ന നിന്നെ-
കറങ്ങുന്ന ഭൂമിയെ കടിഞ്ഞാ-
ണിടും പോല്‍ പൂത്താലി-
ച്ചരടു കൊണ്ടൊരാണ്‍കെട്ടു കെട്ടി

ഉയരുന്നു കുരവയും പുഷ്പ-
വര്‍ഷവും ശുഭമുഹൂര്‍ത്തത്തില്‍
നിനച്ചുപോയ്  വിവാഹമൊ-
ഈ സ്വര്‍ഗത്തില്‍ വച്ചു തന്നെയൊ

ചുറ്റുമുണ്ടൊരു പത്തായിരം പേര്‍
സാക്ഷിയായ് പൂമാലയും ചാര്‍ത്തി
വെറ്റില വച്ചെനിന്‍ വലംകൈകൊര്‍ത്ത്
പുതുജീവന മണ്ഡലം വലംവച്ചു

മനസിന്‍ പടിവാതിലില്‍ വലം-
കാല്‍ വച്ചു കയറി നീ
നിന്നിലെ എന്നിലും, എന്നിലെ നിന്നിലും
തെളിയുന്ന ദീപമായ് ഈ സംഗമം

Saturday, 19 May 2012

നിലാവിന്‍ നീലിമയില്‍

മന്ദഹാസം തൂകി നില്‍ക്കുമെന്‍-
കാമിനിയാം നിലാവെ..
പടരുന്ന എന്നിലെ ജ്വാലയില്‍-
കുളിര്‍പൊഴിക്കുക..
അന്ധമാം മിഴിയിലെ അന്ധവികാരങ്ങള്‍-
ഒഴുക്കിക്കളയുക.
എന്നിലെ പവിഴ മുല്ലമൊട്ടുകളെ-
തൊട്ടുവിടര്‍ത്തുക
ആ മധുര സുഗന്ധമാസ്വദിച്ചു-
നുകരുക
രാക്കിളിതന്‍ ഒളിപ്പാട്ടിനൊരു
ശ്രുതിമീട്ടി നില്‍ക്കുക
രാവിന്‍ വാര്‍മുടി വരിഞ്ഞുകെട്ടി
വദനപ്രസാദം പരത്തുക
പളുങ്കിന്‍ നീഹാര ബിന്ദുക്കളെ-
ഉണര്‍ത്തിടുക
മന്ദസമീരനെ മലരിന്‍ മണമോടെ-
മാടിവിളിക്കുക
താഴ്വാരത്തിന്‍ പുല്‍ത്തകിട്ടില്‍-
നീല മെത്തവിരിക്കുക
അതില്‍ അഴകില്‍ പുഞ്ചിരി-
മൊട്ടുകള്‍ വിതറുക
ഉഡുക്കളായുള്ളൊരീ ആഭരണങ്ങളും
ഉടയാടയുമെനിക്കേകുക
നയനം നിറയും നമ്രത-നിന്‍
നുണക്കുഴിയില്‍ നിറക്കുക
വരൂ,മരതകമേട്ടിലെ നിലാക്കിളികളായ്
വെള്ളി നീരാളം പുതച്ചിടാം
അര്‍ദ്ര നിലാവെ നിന്‍ നീലിമയിലെന്നെ
ആലിംഗനം കൊണ്ടുമൂടുക
ഒരു നിശാവൃഷ്ടിയായ് ചുംബനമഴ-
എന്നില്‍ പൊഴിച്ചിടുക

നിലാവെ,
അലിയട്ടെ നിന്നില്‍ ഞാന്‍..
തഴുകട്ടെ നിന്നെ ഞാന്‍..
അറിയട്ടെ നിന്ന ഞാന്‍..
പുലരുവോളം മായാതെ നീ..
പോകാതെ നീ.. നിലനില്‍ക്കു എന്നില്‍

Tuesday, 1 May 2012

പ്രണയം

പ്രിയേ,എനിക്കു  കാണുവാന്‍ കഴിയുന്നില്ല
കാരണം ഞാന്‍ നിന്നെ മാത്രം കാണുന്നു.

പ്രിയേ,എനിക്കു മൊഴിയുവാന്‍ കഴിയുന്നില്ല
കാരണം എന്റെ മൊഴികള്‍ നിനക്കു മാത്രം

പ്രിയേ,എനിക്കു കേള്‍ക്കുവാന്‍ കഴിയുന്നില്ല
കാരണം നിന്‍ സ്വരം മാത്രമെന്‍ കാതില്‍

പ്രിയേ,എനിക്കു ഗന്ധമറിയുന്നില്ല
കാരണം നിന്‍ സുഗന്ധം മാത്രം ഞാന്‍ അറിയുന്നു.

പ്രിയേ,എനിക്കു ചിന്തകള്‍ ഇല്ല
കാരണം എന്റെ ചിന്തകള്‍ നീയാണു.

പ്രിയേ,എനിക്കു നടക്കുവാന്‍ കഴിയുന്നില്ല
കാരണം ഞാന്‍ നിന്നൊടൊപ്പം നടന്നീടുന്നു.

പ്രിയേ,എനിക്കു ഓര്‍മ്മകള്‍ ഇല്ല
കാരണം നിന്‍ ഓര്‍മ്മകള്‍ എന്നില്‍ നിറഞ്ഞിടുന്നു.

പ്രിയേ,എനിക്കു ചുംബനമേകാനറിയില്ല
കാരണം ഞാന്‍ നിന്നെ മാത്രം ചുംബിച്ചിടുന്നു.

പ്രിയേ,എന്റെ കൈകള്‍ നിശ്ചലം
കാരണം  എന്‍ കൈകള്‍ നിന്നെപ്പുണര്‍ന്നിടുന്നു.

പ്രിയേ,എനിക്കു സ്നേഹിക്കുവാന്‍ കഴിയുന്നില്ല
കാരണം ഞാന്‍ നിന്നെ മാത്രം സ്നേഹിക്കുന്നു.

Thursday, 12 April 2012

അത്താഴം

മഴ പെയ്തുതോര്‍ന്നൊരീ യാമത്തില്‍
ഇരുള്‍ വീണ ഓലപ്പുരതന്‍ ഉമ്മറപ്പടിയിലവള്‍
തണുപ്പിന്‍ വിറയിലോടെ
കണ്ണുനട്ടിരുന്നു, ആരെയോ കാത്തിരുന്നു

ചാരെയിരുന്നു കരഞ്ഞ പൈതലിന്‍
വായൊന്നുപൂട്ടാനവള്‍ക്കായില്ല
ഒട്ടിയ വയറുമായ് ഓരത്തിരുന്നൊരീ-
യുണ്ണിടെ കണ്ണിലെ കണ്ണീരുവറ്റിയുറങ്ങി

റാന്തല്‍ വിളക്കു തിരിതാഴ്ത്താന്‍
മടിക്കുന്നു നിനക്കുവേണ്ടി
മുടിക്കെട്ടും അരക്കെട്ടുമൊരുപോലെ-

മുറുക്കീ നീ പിന്നെയും കാത്തിരുന്നു

അന്നമില്ല!! ഈ അല്ലലുമായവള്‍
അഴലിലുഴറി നീറുന്നു.

വെറുമൊരു പഥികനല്ലവളുടെ കാന്തന്‍
അവര്‍ക്കായ് കരുതുമൊരു പാഥേയ-
മെന്നുമീ  ഭാണ്ഡത്തിനുള്ളില്‍
അതാണാക്കാത്തിരിപ്പിന്‍ അര്‍ത്ഥം

ഇരുളിനെ ഭേദിച്ചവനെത്തുമെന്നോര്‍ത്തി-
രിപ്പൂ അവള്‍ പതിവായ്
എന്നുമീ അത്താഴവിരുന്നേകിയെ
അവനുറങ്ങാറുള്ളീപ്പുരക്കീഴില്‍

പതിവുതെറ്റാതെയണഞ്ഞു അവന്‍-
തന്‍ പൈതലിനെ വരിയെടുത്തു
ചുംബനമേകിയാ നിദ്രഭേദിച്ചു-
തരളമാം മാറോടണക്കവെ

ഭാണ്ഡമഴിച്ചവള്‍ മൂന്നായ് പകുത്തീ
പാഥേയം,തന്‍ കുഞ്ഞിനുമേറ്റവും നല്‍കി
ഒരു പിടിച്ചോറുരുട്ടി കുഞ്ഞിന്‍ വായില്‍ പകരവെ
തന്‍ കണ്‍തടങ്ങളും ആര്‍ദ്രമായ്
അവളുടെ മുഖത്തെ ചന്ദ്രോദയം
സാക്ഷിയായ് അവന്റെ പങ്കും കഴിച്ചു

"ആരുണ്ടറിയുന്നീ പൊതിച്ചോറില്‍
ഉറഞ്ഞൊരി പാഷാണ തല്പം"

അവനേകിയ വിഷാംശം കഴിച്ചവശയായ്
അവര്‍ വിറയാര്‍ന്നു വീഴവെ
കണ്‍കൂംബി കിടന്നൊരാ പൈതലില്‍
ചുണ്ടില്‍ മറായാതെയെന്നുമീ പാല്പ്പുഞ്ചിരി

അന്തിയുറങ്ങും മുന്‍പ് കഴിക്കുന്നതാണത്താഴം
ഇന്നീ അത്താഴമൊ കഴിച്ചു മൂവരും
എന്നേക്കുമായുറങ്ങാന്‍..!!!
എന്തിനെന്നറിയില്ല??? ഈ ചോദ്യവുമെന്‍ മനസില്‍ കിടപ്പൂ.!!!

Wednesday, 4 April 2012

ഓര്‍മ്മയില്‍ പ്രിയസഖീ

ഇലപ്പൂക്കള്‍ പൊഴിഞ്ഞൊരീ-
ജീവിതസായാഹ്നത്തിലിന്നു-
ഞാന്‍ തനിയെ നടന്നുനീങ്ങവെ
അടിതെറ്റി വീഴാതെയെന്നെ-
കാത്തൊരീ  മധുരമാം ഒര്‍മകള്‍

"
കാര്‍ത്തിക വിളക്കിന്നരികില്‍ തെളിഞ്ഞൊരാ-
മുഖമെന്‍ മനസില്‍ തിരിതെളിയിച്ച നാള്‍
ഒരു ജന്മസുകൃതമായ് അണിയിച്ച താലിയു-
മായ് സഖിയെന്‍ വാമഭാഗം ചേര്‍ന്നൊരാ വേളയില്‍

പിന്നെയോരൊ ദിനങ്ങളും പോരാതെ-
വന്നുനിന്‍ പ്രേമത്തിന്‍ ആഴത്തിലെത്താന്‍
മനസില്‍കുറുകിയ കിന്നരിപ്രാവിന്റെ
മധുരസ്വരങ്ങളെന്‍ ജീവിതതാളമായ്

 സ്നേഹം നിറഞ്ഞ അക്ഷയ പാത്രമാണെന്‍-
സഖി പകര്‍ന്നോരൊ അമൃതകണങ്ങളും
ബാക്കിവച്ചെപ്പൊഴൊ യാത്രയായെന്‍
വാമഭാഗവും ശൂന്യമായ് "

ഇന്നെന്റെ യാത്രയിലിടറുന്ന
കാലടി കാക്കുവാനരുമില്ല
കൂട്ടായുണ്ടൊരീ ഓര്‍മ്മതന്‍ ഊന്നുവടിയുമായ്
നിന്നിലേക്കെത്തുവാന്‍ യാത്ര തുടരുന്നു..
http://www.youtube.com/watch?v=Q_OfYhEWKak

Monday, 26 March 2012

മഴത്തുള്ളിയുടെ പുനര്‍ജന്മം

ആകാശനീലിമയിലെ സുന്ദരി-
യാകാന്‍ കൊതിച്ചൊരി വിണ്മേഘമിന്നു-
കാര്‍മുകിലായ് മാറിയേതോ-
കര്‍ക്കിടക രാവിന്‍ പേറ്റുനോവുമായ്

അമ്മയിന്നു ഗര്‍ഭം ധരിച്ചൊരീ മഴകണം
ജന്മം കാത്തിരിപ്പായീരാവില്‍
സൃഷ്ടികര്‍ത്താവിന്നനുഗ്രഹിച്ചൊരീ നേരത്ത്
പുഷ്ടിയാമൊരു നീര്‍ബിന്ദുവിന്നുജാതമായ്

അടര്‍ന്നുപോയൊരീ തുള്ളിയിന്നു പുക്കിള്‍-
ക്കൊടി ബന്ധമില്ലാതെയൊന്നുകാണാതെ
ക്ഷണികമായൊരീ യാത്രയിലിന്നുകൂട്ടായ്
കണികകള്‍ ഒരോന്നുവന്നുചേരവെ

മിന്നല്‍ പ്രകാശത്തിന്നഴകില്‍
കനല്‍ പോലെതെളിഞ്ഞൊരീമുത്ത്
ഭൂമിതന്‍ മാറോട്ചേരവെ
മമജീവനിന്നണഞ്ഞു പുതുജീവനേകാന്‍

പ്രയാണമായേതോ സാഗരമാം സ്മശാന-
മായൊരീ നീര്‍പരപ്പില്‍
താതനിന്നുദിച്ചുണര്‍ന്നീ പഞ്ചാശ്വത്തിനൊപ്പം
കാത്തിരുന്നീക്കണം മറ്റൊരുപുനര്‍ജന്മത്തിനായ്

Saturday, 3 March 2012

നിശബ്ദം ഒരു വിരഹം

സന്ധ്യമായും നേരം, രാവിന്‍-
ഗന്ധമണയും നേരം
കാത്തിരുന്നു നിന്‍ ശബ്ദവീചികളെ-
യീ,തത്തകൊഞ്ചല്‍ പോലെ

തിരിയണഞു നിന്നൊരാ വിളക്കി-
നരികെ നിന്നും ഞാനകലവെ.
തിരികെവരാന്‍ കൊതിക്കുമ്പൊളും
തിരികെനോക്കുവനെന്‍ അയനമനുവദിച്ചീലാ

എത്രരാത്രികളിലെന്‍ മനസിലെ
നേത്രതന്തുവിനെയുണര്‍ത്തി നീ-
രചിച്ച മധുര സ്നേഹഗാനമിന്നു-
വാചാലമാകുവാന്‍  മാത്രമായ്

അടര്‍ന്നു വീണൊരീ മുന്തിരിമുത്തിനെ
പടര്‍ന്ന വള്ളിയില്‍ ചേര്‍ത്തുവച്ചിടുമൊ
ക്ഷാമമില്ലെന്നും നിന്‍ കണ്ണീര്‍ത്തുള്ളിക്കു
സമമെന്‍ മനസുമെരിയുന്നീച്ചിതയില്‍

വീണ്ടും മുഴങ്ങീടുമോ നിന്‍ മണിനാദം
വണ്ടിനെ പോലെയെന്‍ ചെവിയില്‍ മൂളീടുമോ
മറക്കാന്‍ കഴിയാത്തൊരോര്‍മ്മയായ്
തറച്ചുപോയ് നിന്‍ സ്നേഹശബ്ദവീചികളെന്നില്‍