സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday, 19 May 2012

നിലാവിന്‍ നീലിമയില്‍

മന്ദഹാസം തൂകി നില്‍ക്കുമെന്‍-
കാമിനിയാം നിലാവെ..
പടരുന്ന എന്നിലെ ജ്വാലയില്‍-
കുളിര്‍പൊഴിക്കുക..
അന്ധമാം മിഴിയിലെ അന്ധവികാരങ്ങള്‍-
ഒഴുക്കിക്കളയുക.
എന്നിലെ പവിഴ മുല്ലമൊട്ടുകളെ-
തൊട്ടുവിടര്‍ത്തുക
ആ മധുര സുഗന്ധമാസ്വദിച്ചു-
നുകരുക
രാക്കിളിതന്‍ ഒളിപ്പാട്ടിനൊരു
ശ്രുതിമീട്ടി നില്‍ക്കുക
രാവിന്‍ വാര്‍മുടി വരിഞ്ഞുകെട്ടി
വദനപ്രസാദം പരത്തുക
പളുങ്കിന്‍ നീഹാര ബിന്ദുക്കളെ-
ഉണര്‍ത്തിടുക
മന്ദസമീരനെ മലരിന്‍ മണമോടെ-
മാടിവിളിക്കുക
താഴ്വാരത്തിന്‍ പുല്‍ത്തകിട്ടില്‍-
നീല മെത്തവിരിക്കുക
അതില്‍ അഴകില്‍ പുഞ്ചിരി-
മൊട്ടുകള്‍ വിതറുക
ഉഡുക്കളായുള്ളൊരീ ആഭരണങ്ങളും
ഉടയാടയുമെനിക്കേകുക
നയനം നിറയും നമ്രത-നിന്‍
നുണക്കുഴിയില്‍ നിറക്കുക
വരൂ,മരതകമേട്ടിലെ നിലാക്കിളികളായ്
വെള്ളി നീരാളം പുതച്ചിടാം
അര്‍ദ്ര നിലാവെ നിന്‍ നീലിമയിലെന്നെ
ആലിംഗനം കൊണ്ടുമൂടുക
ഒരു നിശാവൃഷ്ടിയായ് ചുംബനമഴ-
എന്നില്‍ പൊഴിച്ചിടുക

നിലാവെ,
അലിയട്ടെ നിന്നില്‍ ഞാന്‍..
തഴുകട്ടെ നിന്നെ ഞാന്‍..
അറിയട്ടെ നിന്ന ഞാന്‍..
പുലരുവോളം മായാതെ നീ..
പോകാതെ നീ.. നിലനില്‍ക്കു എന്നില്‍


2 comments:

  1. "നിലാവേ, അലിയട്ടെ നിന്നില്‍ ഞാന്‍..
    തഴുകട്ടെ നിന്നെ ഞാന്‍.. അറിയട്ടെ നിന്ന ഞാന്‍..
    പുലരുവോളം മായാതെ നീ.. പോകാതെ നീ.. നിലനില്‍ക്കൂ എന്നില്‍"

    നല്ല വരികള്‍ രാജീവേ.. ഇഷ്ടായി.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു ഒരുപാട് നന്ദിയും സ്നേഹവും..ഹരിത.

      Delete