സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday, 1 November 2012

അരികിലെത്തുമ്പോള്‍..

മിഴിനീരാഴിയിലെ കളിത്തോണിയായെന്‍ മനം
അഴിമുഖം കാണാതെയലഞ്ഞിടുന്നു.

തുരുമ്പെടുത്തു നീറുന്ന നങ്കൂരമകുടവും
നരച്ചൊരീ കണ്ണുമായ് വികലമായ് നോക്കീടുന്നു.

സാനുവിന്‍ ഓജസ്സു കൂടുന്നീയാഴിയില്‍
താനെ തുഴയുവാന്‍ ത്രാണിയും ചോര്‍ന്നുപോയ്

അശിനിപാതം പൊഴിച്ചിട്ടീ കാര്‍മേഘവും-
ലേശം കരുണയില്ലാതെയാര്‍ത്തുല്ലസിച്ചിടുന്നു

ദിക്കുകെട്ടനാഥമായ് ആടിയുലഞ്ഞീത്തോണി-
അക്കരക്കരയിലെ തീരം കൊതിച്ചിടുന്നു

ദിക്പഥം മുഴുവനും ജലവര്‍ഷഘോഷം
നൗകതന്‍ പഥസഞ്ചാരമോ മറഞ്ഞുപോയ്

ആരെത്തിടും അരികിലേക്കഭയമായ്-
ദൂരയീതീരം തേടും മനസിന്റെയുള്ളില്‍

തഴുകലില്‍ സ്പര്‍ശമായ് അരികിലെത്തുമ്പോള്‍
മിഴിനീരാഴി വറ്റിവരണ്ടിടും,കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും

ഈ കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും..


ചിത്രം കടപ്പാട് : ഗൂഗിള്‍..

Tuesday, 23 October 2012

അന്ധനായ സ്നേഹത്തിന്റെ കൂട്ടുകാരന്‍

ആലസ്യം അശക്തമാക്കിയ മനസ്
നിറങ്ങളെ വെല്ലുവിളിക്കും മിഴികള്‍
അന്തര്‍നാളം അനാദിയില്‍ 
അഴ്നിറങ്ങുന്നു..

ഉരലിന്നു ചുറ്റും കറങ്ങുന്ന-
ഉറുമ്പിന്നു ലോകം ഇട്ടാവട്ടം.
ധീരത ചോര്‍ന്ന ചിത്തത്തില്‍
വൈര്യം നിറച്ചിട്ടെന്തു കാര്യം

കുരുടന്റെ ഊന്നുവടിക്കും-
ബലമില്ലാതെ വന്നാല്‍-
"കരളിന്റെ സ്നേഹം ഭയമായ്-
ഒഴുകിടും,നദിയായി മാറിടും
പിന്നെ കടലിലേക്കെത്തിടും

പാലായനം ചെയ്ത   വഴിയും-
മറന്നുപോയിടും"

സ്നേഹം അന്ധമാക്കിയ
മനസിന്‍ വിലാപം മുറുകുന്നു...
ഒടുവില്‍, അന്തരംഗത്തിന്‍
തിരിനാളം എരിഞ്ഞൊടുങ്ങിടാം
അന്തരത്തിന്‍ അന്തിയാമങ്ങളില്‍ മൂകമായ്...

Tuesday, 16 October 2012

അവസാനം നീ മാത്രം.

നിന്നെ തലോടിയ വിരലിന്റെ ദാഹം-
എന്നേക്കുമായ് പോയ് മറഞ്ഞു.
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളൊക്കയും-
 മറവിക്കു കൂട്ടായ് മാറി.
നിന്നെ കണികണ്ട മിഴികളില്‍-
ചുവന്ന ഇരുട്ടും മൂടി.
നിന്നെയുറക്കിയ മാറിലെ സ്പന്ദം-
തുടിക്കാന്‍ കൊതിച്ചു നിലച്ചിടുന്നു.
നിന്നെയുണര്‍ത്തിയ ചൊടിയിലെ മൗനവും
താരാട്ടുപാട്ടു നിര്‍ത്തിടുന്നു.

നിന്നെ ചേര്‍ത്തുറക്കിയ രാത്രികള്‍
നിഴലായ്ച്ചുരുങ്ങി നിന്നിലേക്കണയുന്നു.
നീയുഴിഞ്ഞെടുത്ത എന്‍ ആത്മാവിന്‍-
ചിരാതില്‍ നീ നറുവെണ്ണയൊഴുക്കി-
യെന്‍ വര്‍ണ്ണമേലാപ്പണിയുമോ?
മിഴാവില്‍ തുള്ളും കളിപ്പാവയായ്-
കനവിലേക്കണയില്ല ഞാന്‍.
മനശംഖിലെ അഴിതന്‍ അര്‍ദ്രത
അലിയിച്ചിടട്ടെ ഞാന്‍ കടമെടുത്ത-
ജീവിതത്തിന്‍ അഴലുകള്‍..

Saturday, 13 October 2012

തിരികെ..

പ്രാര്‍ത്ഥനപ്പൂക്കള്‍ പൊഴിഞ്ഞ യാമത്തില്‍
മിഴിനീര്‍ വാര്‍ന്നൊരീ കവിള്‍തടത്തില്‍
സ്നേഹത്തിന്‍ കൈവിരല്‍ തലോടലുമായ്
പ്രിയനെന്‍ ചാരത്തണഞ്ഞിരുന്നെങ്കില്‍

തിളങ്ങുന്ന മുള്ളുവേലിച്ചരടില്‍ നീയെന്‍
ഭാരതാംബയെ കാവലായ് കാത്തിടുമ്പോള്‍
അര്‍ദ്രമായ് ഞാനെന്‍ പുണ്യമാം താലിച്ചരടില്‍
പിടിച്ചുരുവിടുന്നു ഇടറിയ പദധ്വനികള്‍

വെടിയൊച്ചമുഴങ്ങുന്ന വേളയിലെന്‍ മനതാരില്‍
ഹൃദയം ചെണ്ടമേളം മുഴക്കുന്നു..
എങ്ങനെയുണ്ണും ഞാന്‍ എങ്ങനെയുറങ്ങും ഞാന്‍
എല്ലാം പാതിവഴിക്കുപേക്ഷ കാട്ടിടുന്നു.

എവിടെയാണെങ്കിലും അങ്ങെന്‍ മാനസരാജ്യത്തിന്‍
സര്‍വ്വസൈന്യാധിപനായ് വാഴിടുന്നു.
മഹത്വംനിറഞ്ഞ മുഖമോര്‍ത്തിടുമ്പോള്‍
അഭിമാനപാരവശ്യം പൂണ്ടു അവേശയാകുന്നു.

"തിരികെയെത്തിടാം" എന്നോതിയാത്രയായനാള്‍
സ്നേഹത്തിന്‍ "സല്യൂട്ട്"  -
ചുംബനമായ് പൊഴിച്ചുപോയ്

വീണ്ടും ഒരു "തിരികെ"
സ്വാര്‍ത്ഥതയല്ലാത്ത മോഹമല്ലിത്..
"വീണ്ടും ഒരു തിരികെ"
കണ്ണിലെ നിശാപുഷ്പത്തെ പാതിവിടര്‍ത്തി
ഞാന്‍ കാത്തിരിപ്പൂ....
വീണ്ടും തീരികെ വരാന്‍....



Wednesday, 26 September 2012

നിനക്കുവേണ്ടി കുറിച്ചത്..

ആ മരത്തണലത്തു-  
    നീ വന്നീടുമ്പോള്‍
കാറ്റായ് മാറാന്‍
     ദാഹിച്ചു ഞാന്‍...
ആ മഴയത്തു-
    നീ നടന്നപ്പോള്‍
കുടയായ് മാറാന്‍
    മോഹിച്ചു ഞാന്‍..

മധുരമാം ഗാനം-
    കേള്‍ക്കുമ്പോള്‍..
മധുരമാ മാറില്‍-
    ചേരുമ്പോള്‍..
ഉള്ളിന്റെയുള്ളിലെ-
    കനലുകളൊക്കയും
കണ്ണുനീര്‍ത്തുള്ളീയായ്-
    മാറുന്നു..

സന്ധ്യാദീപം-
    തെളിയുമ്പോള്‍..
രാവിന്‍ ഈണം-
    പാടുമ്പോള്‍..
ജന്മാന്തരത്തിലെ-
    ബന്ധങ്ങളൊക്കയും
തോരാ മഴയായ്-
    പെയ്തിടുന്നു...


Sunday, 23 September 2012

അച്ചുവാര്‍ത്ത ജീവിതങ്ങള്‍

പട്ടിണി കിടക്കുന്ന-
വയറിന്‍ ചുവട്ടില്‍..
പക്ഷപാതം കാണിക്കുന്ന

തെരുവ്നായ്കള്‍..
ഒരുപറ്റുകിടാങ്ങള്‍.. 
ചൂഷണത്തിന്‍ ആലയില്‍
അച്ചുവാര്‍ത്തൊരു..
 ലോഹകഷണമാകുന്നു.

ചിലരതിനെ 

അന്ധപ്രതിമകളാക്കുന്നു..
ചിലരതിനെ
 ബധിരമൂകമാക്കുന്നു..
മറ്റുചിലരതനിനെ 

വികലമാക്കുന്നു..
തഥാ ചൂഴ്നെടുത്തിടും 

ബാല്യകണങ്ങളെ
തെരുവില്‍ വില്‍ക്കുന്നു.. 
പൊള്ള ലേലം വിളിക്കുന്നു..

നൂലുപൊട്ടിച്ച 
 പട്ടങ്ങളിവരില്‍
അന്ധരാഗങ്ങള്‍-
 നിറച്ചിടുന്നന്യര്‍.
കളങ്കമറിയാത്തവര്‍-
കളങ്കിതമാകുന്നു
രാക്കൂട്ടിനു-
കൂട്ടില്‍ കിടത്തി

വെളിച്ചമില്ലാ 
 പരത്താനവരില്‍...
വെളിച്ചമില്ലാ 
 പരത്താനവരില്‍...
ദിനചക്രത്തിന്‍-
 തീഷ്ണത
കൊന്നൊടുക്കുന്നീ  
 പുതു നാമ്പിനെ..

തിരിച്ചറിഞ്ഞിടുക 

തിരുത്തുക നാം..
തിരിച്ചറിഞ്ഞിടുക 

തിരുത്തുക നാം..  
അര്‍ഹമാം-
അറിവിന്‍ കിരണം,-
ചൊരിഞ്ഞൊരു -
പുണ്യകര്‍മംകൂടി ചെയ്തിടാം.
പ്രഭയൊരുങ്ങിക്കിടക്കും-
 നിലങ്ങളില്‍..
പുതുവിത്തുപാകി-

വളര്‍ത്തിയെടുക്കാം..

Wednesday, 12 September 2012

വലിച്ചെറിഞ്ഞ ചോറിന്റെ കഥ

അരിമണി നറുമണി നട്ടുവളര്‍ത്തിയ-
ഞാറ്റുമണ്ണിന്‍ തോറ്റം പാട്ടേ.-
കേള്‍കൂ നീയീഅനാഥപുത്രന്‍-
തന്‍ വിലാപകവ്യം

പാഴായ്ക്കിടപ്പതും പഴുതില്ലാ-
തറയില്‍ പറ്റിപ്പിടിച്ചതും ഞാന്‍
അയ്യോ!! അരും ചവിട്ടല്ലെയെന്നെ
ഒരു കാവ്യകഥകൂടി പറഞ്ഞിടട്ടേ

പണ്ടൊരു പാടത്തൊരു ചേറില്‍
വിത്തായ് വീണു പിടഞ്ഞുഞാന്‍
തണുത്തമണ്ണിന്‍ ലാളനമെന്നുടെ
നീറ്റലുമാറ്റി യൊരുക്കി മയക്കി

ഉഴുതുമറിച്ചു നിലം വിരിച്ചു
ഞാറ്റുപാട്ടിന്‍ താളമോടേ....
വിയര്‍പൊഴുക്കി മണ്ണിന്നുടയോന്‍
കടഞ്ഞെടുത്തൂ പുഞ്ചപ്പാടം..

കഷ്ടപ്പാടിന്‍ തീഷ്ണതയില്ലാ-
തായിരം കൈകളെന്നെത്തലോടിയീ-
മണ്ണിന്‍ മനസില്‍ കിടന്നൂവളരാനന്നെ
വര്‍ഷമേഘമനുഗ്രച്ചിടുന്നൂ...

തളിരായ് കിളിര്‍ത്തുഞാന്‍..
കതിരില്‍ വളര്‍ന്നു ഞാന്‍
തഴുകാന്‍ വീണ്ടുമെത്തിയോരൊ
കരുതലില്‍ ഹസ്തവര്‍ഷങ്ങള്‍

ചിങ്ങപുലരിയില്‍ വിളഞ്ഞു തെളിഞ്ഞു
പൊന്നണിഞ്ഞു പരന്നു കിടക്കും-
നെല്ലിന്‍ന്നിടയില്‍ വിളങ്ങിയ
ഏഴരപ്പൊന്നിന്‍ അഴാകാണു ഞാന്‍

കൊയ്ത്തു പാട്ടിന്‍ താളമേറി
അരുമകരങ്ങള്‍ എത്തിടുമ്പോള്‍
നിരയായ് നിന്നുകൊടുത്തീയീ-
അരിവളിന്‍ ചുമ്പനമേല്‍ക്കാന്‍

പുഴുങ്ങിയുണക്കി വിരിച്ച പരമ്പില്‍
പവിഴം പോല്‍ വാണുവിളങ്ങി..
കുത്തിപ്പൊടിച്ചിട്ടു പുറംചട്ട മാറ്റി
പുറത്തെടുത്തീ നറുമണീ തിങ്കളെ..

പുത്തരിച്ചോറായ് തിളച്ചുമറിഞ്ഞുഞാന്‍
പുണ്യമായ് മാറുമെന്നോര്‍ത്തുമാത്രം..
പുത്തരിച്ചോറായ് തിളച്ചുമറിഞ്ഞുഞാന്‍
പുണ്യമായ് മാറുമെന്നോര്‍ത്തുമാത്രം..

എങ്കിലുമെന്നെയാരൊ വലിച്ചെറിഞ്ഞൂ..
നിറഞ്ഞ വയറിന്‍ എച്ചിലായീ..

എങ്കിലുമെന്നെയാരൊ വലിച്ചെറിഞ്ഞൂ..
പുച്ഛമാം ഭാവത്തിന്‍ മൂര്‍ച്ഛയോടെ.

ഇക്കഥയൊന്നോര്‍ത്തുകൊള്‍ക വിളവിന്റെ-
കഥയൊന്നോര്‍ത്തുകൊള്‍ക !!!


Tuesday, 4 September 2012

ചാലയുടെ വെമ്പല്‍

ചക്രവാകം എത്തിടുമ്പോള്‍
ചത്തിടുന്ന ചിന്തകള്‍
കെട്ടണഞ്ഞീ  ജീവനങ്ങള്‍
 അഗ്നിരേവടത്തിന്‍ കൈകളാല്‍

ചുഴലിയെത്തി തുള്ളിയാടി-
അഗ്നിമാലയണിഞ്ഞതാല്‍
കറുത്തവണ്ടി ചുമലെടുത്ത-
വാതകേതു ഛിന്നമായ്

രാത്രീകരന്‍ വന്നെത്തിയെങ്ങൊ-
രാത്രിക്കു തീക്കൂട്ടുവച്ചിടാന്‍
ആരും തണുത്തു വിറച്ചില്ലെങ്കിലും
തീതുപ്പുടിന്നരാത്രിയായ്

പൊട്ടിത്തെറി, അലര്‍ച്ച, മുഴക്കങ്ങള്‍
അറുത്തിട്ടു പഞ്ചഭൂതപ്രതിമകളെ-
ഗ്രസിച്ചുല്ലസിച്ചാടി തിമിര്‍ത്തൂയീ-
പഞ്ചഭൂതങ്ങളില്‍ പ്രഥമന്‍

ഒളിയുദ്ധം നടന്ന രണഭൂമിയില്‍
കഴുകന്‍ കണ്ണുകള്‍ പരക്കുന്നു
കരച്ചിലിന്‍ ധ്വനിമുഴക്കം -
നിറഞ്ഞു കറുത്തു- ഈ ചാല
 
വെന്തുരികിയ അരുമകളും
പാതിയില്‍ നിലച്ചജീവനുകളും
ശേഷിപ്പതു ദുരന്തമുദ്രണമായ്

പ്രാര്‍ഥനാമൃതം ചൊരിഞ്ഞിടാം
നമുക്കീ മണ്ണില്‍ കൈകോര്‍ത്തിടാം
പുല്‍ക്കൊടിയിനിയും തളിര്‍ക്കട്ടീ മണ്ണില്‍..
പുല്‍ക്കൊടിയിനിയും തളിര്‍ക്കട്ടീ മണ്ണില്‍..

Sunday, 19 August 2012

ഓണം തിരുവോണം

മനസില്‍ വിരിയുന്ന
      മലരാണീപ്പൊന്നോണം..
കനവില്‍ നിറയുന്ന
      കഥയാണീപ്പൊന്നോണം.
അഴലുകള്‍ മാറ്റുന്ന
      പുതുനിലാവായ്..
അരികിലെത്തീയെന്‍
      തിരുവോണം..
അരികിലെത്തീയെന്‍
      തിരുവോണം.

ചിങ്ങത്തുടിപ്പിന്റെ
       ചിന്തുകള്‍ പാടുന്ന-
പൂത്തുമ്പിയെങ്ങും
        നിറഞ്ഞുനില്‍ക്കെ
ഓര്‍മ്മകള്‍ പൂക്കളം
       ഒരുക്കുന്ന-
തിരുമുറ്റത്തൊരുകോണില്‍
      ഞാനും നിന്നിടുന്നൂ..
ഒരു കോണില്‍
       ഞാനും നിന്നിടുന്നൂ..

ഉത്രാടരാത്രിയില്‍ 
       എത്തുന്ന ലാവിന്റെ
കസവൊളിയിന്നെന്‍
         പുതുശ്ശീലയായ്..
ചന്ദനക്കുറിയിട്ടു 
         ചഞ്ചലമിഴികളാല്‍
ചൈത്രസുഗന്ധിക
         വിരിഞ്ഞു നില്‍ക്കേ..
ഈ ചൈത്രസുഗന്ധിക
         വിരിഞ്ഞു നില്‍ക്കേ..

Sunday, 12 August 2012

നക്ഷത്ര സഞ്ചാരം

ദിക്കുകള്‍ ഏതെന്നറിയാതെ ജനിച്ച-
താരകം ദിക്കോടുദിക്കലഞ്ഞു നടന്നിടുന്നു
കറുത്ത മാനമനോഹരിക്ക് വെള്ളി-
പൊട്ടുകുത്തുകള്‍ക്കിടയില്‍ തിളക്കമായ്

ഭൂമിയില്‍ പിറക്കും മുന്‍പേയെന്നോടു-
കഥകള്‍ പറയാന്‍ തുടങ്ങിയ താരകം-
തലയില്‍ കുറിക്കാന്‍ നാരായമായ്
കാത്തിരുന്ന പോല്‍ കത്തിജ്ജ്വലിക്കുന്നു

വിന്യസിച്ചു ഒരു ജീവിത കഥയിന്നപോല്‍-
കുറിച്ചിട്ടു ശിരസിലെ വേരുപടലങ്ങളില്‍
ജനിച്ചിടാം നിന്റെ പേരിലിന്നീ ഭൂമിയില്‍
കടിഞ്ഞാണ്‍ നിന്റെ കയ്യിലെ ചാട്ടവാറാകരുതെ

ഗ്രഹത്തിന്‍ അഭ്രപാളിയില്‍ ആഴ്ന്നിറങ്ങും
അര്‍ത്ഥവാക്കുകള്‍ കുറിച്ചിടും ജ്യോതിഷലോകം
തെളിച്ചിടും അവ ജാതകമെന്ന മട്ടിലെന്നപോല്‍
പിന്നെ ഹരിച്ചും ഗുണിച്ചുമീ  ജനനമരണാവൃത്തിയില്‍

നക്ഷത്രമെ നീയെന്റെ കഥയാരോടു ചൊല്ലി?
ഇതു രഹസ്യമല്ലയെന്നതു ഞാനറിവൂ
അക്ഷുണ്ണരെന്‍ കിളിവാതില്‍ മുട്ടിവിളിച്ചീ-
അന്തര്‍ലീന തപസില്‍ കഠാരവച്ചു

നക്ഷത്രമെ നീയെന്റെ കവിതയെഴുതിയൊ?
അവാച്യമായതൊന്നുമില്ലെങ്കിലും
ആരൊക്കൊയൊ ഈരടിപദങ്ങളായ്-
താളത്തില്‍ പാടി തിമിര്‍ക്കുന്നു.

ജീവിതരാശി തിരഞ്ഞു ഞാനെന്‍
പൂര്‍ണ്ണഛായയെ അപൂര്‍ണമായ് നോക്കീടവെ
ഗതിവിഗതികള്‍ നിന്റെ കടങ്കഥക്കു-
ഉത്തരം പറയാതെ പകച്ചു നില്‍ക്കുന്നു