സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Monday, 10 September 2018

നീ അവരെ വെറുതേ വിടൂ

നീ  അവരെ  വെറുതേ  വിടൂ..
നിന്റെ നാശം  ക്ഷണിപ്പവത് അവരല്ല
അവരുടെ  മടിയിലോ പണത്തിനു  കനമില്ല..
നീ  അവരെ  വെറുതേ  വിടൂ..

അവർ നിത്യവർത്തി കണ്ടെത്തും മാനുജർ
അവർ നിന്നെ നിഷേധിക്കാതെ കഴിയുന്നവർ
അവർ സ്വജീവിതം മറയില്ലാതെ  കാട്ടുന്നവർ
നീ  അവരെ  വെറുതേ  വിടൂ....

അവർ നിന്റെ  ചിതക്കായ്  മണ്ണ്  കട്ടെടുത്തവരല്ല
അവർ നിന്റെ കൽസ്തനങ്ങളെ തച്ചുടച്ചവരല്ല
അവർ നിന്റെ  മൺമലകളെ  അറുത്തിട്ടവരല്ല
അവർ നിന്റെ  വന്യമന്ദാരങ്ങളെ കൊയ്തവരല്ല
അവർ  നിന്റെ  തണ്ണീർനിലങ്ങളെ  തരിശാക്കിയവരല്ല
നീ  അവരെ  വെറുതേ  വിടൂ...

അവരല്ല നിന്റെ  നൽപ്പാട്ടുകളെ വികൃതമാക്കിയത്
അവരല്ല  നിന്റെ അടിയൊഴുക്കിന് തടയണയിട്ടത്
അവരല്ല നിന്റെ  പാതാള സ്മരണകളിൽ കനലിട്ടത്
അവരല്ല നിന്റെ താഴ്‌വാരചായ്‌വിൽ  ബഹുനിലമിനാരം-
കെട്ടിയതു..  നീ അവരെ  വെറുതെ  വിടൂ...

നിന്റെ സൗന്ദര്യ സ്രോതസുകൾ നശിപ്പിച്ചവരുടെ 
കണക്കുകളെവിടെയാ  സൂക്ഷിച്ചത്.. 
മലകൾ തകർത്തവർ, കാടുകയ്യേറിയവർ
പുഴകളെ  വാറ്റിയവർ,  നീർത്തടം  നികത്തിയവർ
മാലിന്യകൂമ്പാരമൊരുക്കിയവർ..
അസന്തുലിതാ മണ്ഡലം  തീർക്കുന്നവർ..
എല്ലാത്തിനുമോ കൂട്ട് നിൽക്കുന്ന വെള്ളക്കോമരങ്ങൾ
ഇവരല്ലയോ  നിന്റെ പുസ്‍തകത്തിലെ..
ചുവന്ന വരയിട്ട  പേരുകൾ..
ഇവരെപ്പോഴും ധനമതഹന്തകൊണ്ട് സംരക്ഷിതർ
ഇവരെപ്പോഴും നിന്നെ മർദിച്ചു നടക്കുന്നവർ
ഇവരെ  തിരഞ്ഞൊന്നു  പിടിക്കുന്ന ശക്തിയായ് നീ വരിക
ശക്തിയായി നീ  വീണ്ടും വരിക..

ആ  പാവമാം നന്മതന്നുറവിടങ്ങളെ  വെറുതെ വിടൂ...
നീ  അവരെ  വെറുതേ  വിടൂ...

-രാജീവ്‌ ഇലന്തൂർ(8/9/18)
x

2 comments: