സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday, 5 July 2018

മാനസസരസ്

നീലയും വെള്ളയും

വിദ്യാലയ ഓർമ്മകൾ 
പകരുന്ന  നിറങ്ങളെപ്പോഴും 
നീലയും വെള്ളയും തന്നെ 

കുപ്പായ രഹസ്യങ്ങൾ  
ഒളിച്ചിടാതെ, വരാന്തയിൽ
നീളെ ഓടിക്കളിച്ചൊരു കാലം 
പിന്നെ തുള്ളികളിച്ചോരു കാലം 

മഴയത്തു  നനഞ്ഞു  നടന്നു 
പോകും സ്വപ്നസഞ്ചാരികൾ  
നമ്മെളെന്നും  ധരിച്ചിരുന്നത് 
നീലയും  വെള്ളയും  തന്നെ

നീല തൂവൽ പക്ഷിയായ് 
പാദസരങ്ങൾ കിലുക്കി 
പറന്ന  പെൺകിളി പാടിയ 
പാട്ടുകൾ കൊതിയോടെ 
കേട്ടിരുന്നെത്ര  കാതോരങ്ങൾ

വെളുത്തൊരാകാശവും 
നീല സാഗരവും  പോലെ ;
ലയിച്ചിരുന്ന  പ്രണയ സല്ലാപ
പുഷ്പങ്ങൾ വിരിഞ്ഞ തീരങ്ങൾ 
ഈ  നിറങ്ങളല്ലാതെ മറ്റെന്തു?

ഓണത്തിങ്കൾ പൂവ്

ഇന്നലെ രാവിന്റെ കളിത്തോഴിയായ് 
അമ്പിളി പൂന്തോണി ഒഴുകിയെത്തി
ഓണ നിലാവിന്റെ കയ്യിൽ പിടിച്ചവൾ 
പോന്നോണ പൂവായ് വിരിഞ്ഞു നിന്നു 

കളിവാക്കുചൊല്ലി  ചിരിതൂകവേ 
മനസ്സിൽ നിറയ്ക്കാം  കുഞ്ഞോർമകൾ 
കിളിവാതിൽ നീളെ കണ്ണായാക്കാം
നിന്നിലെ സുഗന്ധമായ് മാറാം പൂവേ..

കണ്ണാരംപൊത്തി  കളിയാടാവേ 
മുന്നിൽ വരയ്ക്കാം പൂക്കളങ്ങൾ 
വെയിലൊളിയിൽ  മിന്നും  മധുനുകരാം 
തിരുവോണ സ്വപ്‌നങ്ങൾ ചൊല്ലാം പൂവേ..

പൂങ്കാറ്റായ്.. സംഗീതമേ

പൂവിരിയുന്നൊരു കൂട്ടിലേ
പൂങ്കാറ്റായ്.. സംഗീതമേ..  
തേൻ ചൊരിയുന്നൊരു പാട്ടിലേ 
അനുരാഗ താളങ്ങളേ... 
മഴയായ് പൊഴിയും  ആവോളവും 
നിനവിൽ  നിറയും  ശലഭങ്ങളായ് 
സംഗീതമേ... ഈ  കൂട്ടിലെ..
സംഗീതമേ... 
ചിറകടിയുണരും  കുളിരോളമായ് 
കുറികിടാം ഈണങ്ങളായ്... 
സംഗീതമേ.... ഈ  കൂട്ടിലെ 
സംഗീതമേ...
(പൂവിരിയുന്നൊരു....)                       

പലായനം

ഒരു ദേശത്തൊരുപാട് പൂക്കൾ 
ഒരേ നിറത്താൽ 
ഒരുപോലെ  വിരിഞ്ഞിവർ
ഒരുപോലെ മണം  പരത്തിയവർ 
ഒരേ  തേൻ രുചി പകരുന്നവർ.. 
കാറ്റത്താടി മറ്റുദേശത്തെ
വിലാസിനികളാം പൂക്കളെ നോക്കിനിന്നു, 
ഇങ്ങനെയെങ്കിലും; 
ഇവരോ  പരസ്‌പരം ശത്രുക്കളത്രേ..
മുള്ളുകൾ പടവാളായ് വീശി നടന്നവർ 
പുറമെ കണ്ടാൽ  സുന്ദരം..
തമ്മിൽ തമ്മിൽ പോരും... 
യുദ്ധം നിത്യം.. നശിച്ചൊരു 
ദേശത്തു എങ്ങനെ വാഴും... 
ചിന്തകൾ വിതറിയ ദേശം തേടി 
പലായനമായവർ  
അവിടെ വിരിയാം മറ്റൊരു 
പൂവായ്..  ഉള്ളിൽ രക്തം 
മണക്കുന്ന പൂവായ്...
ദേശ ദേശാന്തരങ്ങളിൽ 
ചിതറുന്ന പൂക്കളായ്..    [16/4/2018]


ഭൂമി വന്ദനം

പരിജന പൂജിതേ 
പരിപാലിക്കുക നമ്മേ 
സുമലത  വന്ദിതേ 
ചിരിതൂകുകയെന്നുമേ 
ഹരിചിര സഖിയേ 
രാഗവിലോലമാകണേ 
മായജനി ധരിത്രി
മൃദു-പതമാകണേ പാദം  
മധുരവാഹിനി നമാം 
മന്ദമാരുതനേകേണമേ 
സമുദ്രവസിതെ ജനനി 
തിരയിൽ നിറയണമെന്നുമേ 
പർവ്വതനിരാംഗിണി 
ഋതുസഞ്ചാരമൊരുക്കണേ 
നിത്യനിരാമയി ധരണി 
ഈ പാദസ്പർശമേ പുണ്യം 

Monday, 10 April 2017

മഴയുടെ നിഴലുകൾ

അമ്മയുടെ മടിത്തട്ടിലെ 
ആത്മസംഘർഷത്തിൻ 
ജലരേഖകൾ വറ്റിയൊഴിഞ്ഞു. 
നീറുന്ന നെഞ്ചിലുമൊരു 
നിശ്വാസകാറ്റുണ്ട്, തിലെ
ഈർപ്പവും ഉൾവലിഞ്ഞു !
ദാഹിച്ചുവലഞ്ഞൊരു  നീർരേഖ 
തേടിയലമുറയിടുന്ന 
ഉദരശേഷിപ്പുകൾ വിണ്ടുകീറി.
കോടികളുണ്ട് മക്കളെന്നാലും 
അമ്മയ്ക്കു ചുരത്തുവാൻ 
ക്ഷീരകേദാരങ്ങളോ തച്ചുടച്ചു. 
സർവ്വംസഹയ്ക്കൊന്നു പരിതപിച്ചു- 
കരയുവാൻ കണ്ണീരില്ലീ 
മിഴിത്തടാകത്തിലും! 
മക്കളെ,യെൻ്റെ പച്ച ചേലയും 
തീവച്ചു നശിപ്പിച്ചുവോ? 
ഒടുവിലിൻ്റെ നഗ്നമേനിയും 
കത്തിയെരിയുന്നു...
ഇനിയും നിനക്ക് മഴവേണമത്രേ !
"കരിഞ്ഞുണങ്ങിയ ജലബിന്ദുക്കൾ 
നിൻ്റെ  ശ്മശാനത്തിലെ നിഴലായ് നില്ക്കും"

Wednesday, 8 March 2017

സ്ത്രീ

തേങ്ങുമീ നോവിൻ്റെ  തീരങ്ങളിൽ
പുഞ്ചിരി തൂവുന്ന പൂവാണു നീ.
തേടുമീ സ്നേഹത്തിൻ ആഴങ്ങളിൽ
വിരിയുമീ മഴവില്ലിൻ അഴകാണു നീ.

നീറുമീ ഭൂവിൻ്റെ ഉൾക്കാമ്പിനുള്ളിൽ
ജ്വലിക്കുന്ന ജ്വാലാമുഖിയാണു നീ
ഈശ്വരൻ അലിയുന്ന സത്വത്തിനുള്ളിൽ
സാകൂത ശക്തിയാം പ്രകൃതി നീയും

ആർദ്രമാം മനസ്സിൻ്റെ ശിഖരത്തിലെന്നും
ചുരത്തുന്ന പാലിൻ്റെ മധുരമോ നീ
മാതൃത്വ ഭാവത്തിൽ സ്വരരാഗധാരയിൽ
ശ്രുതിയിടും തമ്പുരു തന്ത്രിയോ നീ

നിന്നിലേ നിനവിൻ്റെ സഞ്ചാരപാതയിൽ
നീളുമീ ജീവൻ്റെ പരിണാമവും
എന്തിനീ കാലത്തിൻ കവചത്തിനുളളിൻ
വിതുമ്പിടും നാരിയായ് മാറുമോ നീ