സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Saturday, 12 December 2015

പിണക്കത്തിനു ശേഷം

നാളെ നീ വരുമോ കൂടെ
പാടുവാന്‍ വരുമോ
പ്രണയമേഘം 
പെയ്തു തീര്‍ന്നാല്‍
വീണ്ടും  ജീവരാഗമായ് ഉദിച്ചിടാം

മറന്നുപോയ ചുമ്പനങ്ങളെ
പിണങ്ങിനിന്നിടാതെ 
ചേര്‍ന്ന് നിന്നിടൂ..

പവിഴമലരായ് ഹൃദയം 
വിടര്‍ന്നുപോയ്
മധുരഹാസം തൂവി..

എന്നിലേയ്ക്കല്ലാതെ  
നീയെങ്ങുപോവാന്‍
മുറിവുകള്‍ 
എരിഞ്ഞു നിന്നയെന്റെ 
കണ്ണിലെ തീയും അണഞ്ഞു

സ്നേഹം  മാത്രമായ്  
പുതുമഞ്ഞിന്‍
പുലരിയില്‍ ഉടലുകള്‍ 
ചേര്‍ത്തിടാം

മനസിനെ കോര്‍ത്തിട്ടു പട്ടം 
പറത്തി ആകാശത്തയയ്ക്കാം
നൂലിന്റെ പിടിയുമായ് 
മേടയില്‍ നമുക്ക് 
ഓടിക്കളിയ്ക്കാം   മതിവരുവോളം..  
മതിവരുവോളം.. 

Wednesday, 28 October 2015

അടയാളങ്ങൾ

പൂമുറ്റമുള്ളൊരു വീട്ടിൽ
നീയുണ്ടായിരുന്നു..
പൂമണം വീശുന്ന കാറ്റിൽ
നിന്റെ ഗന്ധം നിറഞ്ഞിരുന്നൂ..

കരിമഷിക്കൂട്ടുകൾ മിഴികളെതേടി
കണ്‍പാ൪ത്തിരുന്നിടുന്നൂ..
ചന്ദനം ചാലിച്ചു പ്രഭാതസന്ധ്യയും
തൊടുകുറി ചാ൪ത്താ൯ വെമ്പിനിന്നു.

ഉമ്മറത്തെ തുളസിച്ചെടി തളി൪ത്തു
നി൯ മുടിച്ചുരുൾ തേടിനിന്നൂ..
മഴപെയ്ത നേരം ഉടയാടെയെല്ലാം
നന്നേ നനഞ്ഞു കിടന്നു.

ചുവരിൽ പതിച്ച ചുവന്നപൊട്ടുകൾ
ചൂടാമണിയായ് കാത്തിരിയ്ക്കുന്നൂ..
പട്ടുചേലയും പാദസരങ്ങളും
തെക്കിനിമുറ്റത്തായ് കണ്ണയച്ചു.

രാവിന്റെ വ൪ണം പതിവിലുമേറ്റമായ് കറുത്തിട്ടും 
നിറദീപമായ് നീ എരിഞ്ഞു നിന്നൂ..
നിറദീപമായ് നീ എരിഞ്ഞു നിന്നൂ..


Saturday, 26 September 2015

കേരളനാട്

പൂമാനം വിരിയുന്നു
മലയാളം ഉണരുന്നു
ഹരിതാഭം ഉയരുന്നു
കരയാകെ പടരുന്നു
തൂശനില തുമ്പച്ചോറിൽ
മനമാകെ നിറയുന്നു

കാറ്റുമൂളി കോട്ടകത്തകങ്ങളും
         പാട്ടുപാടി നീലേശ്വരറാണി.
തെയ്യംതിറ തുള്ളുന്നൊരു കാവും
         പയ്യാമ്പല തീരത്തൊരു തോടും
ചുരമുണ്ട് കാടുണ്ട് മേടും, കുന്നിൽ
         കുളിരിന്റെ മാറാപ്പി൯ ശീലും
കല്ലായിത്തീരത്തൊരു ഹൽവാമണവും
         ബിരിയാണിച്ചെമ്പിന്റെ താളം
തുഞ്ചൊത്തൊരു ഗീതം ദഫ്മുട്ടി൯ താളം
          മൈലാഞ്ചിമൊഞ്ചൊത്ത പെണ്ണും
നിളചാരുത വാഴുന്നൊരു ഭൂവും
          നെല്പാടക്കതിരി൯ പൊന്നൊളിയും
പൂരം പൊടിപൂരം പുലിമേളം
           തെരുവോരം കലാമേളം

ചീനവയലൂഞ്ഞാലി൯ കായലി൯തീരം
          ആഴിപ്പരപ്പിൽ കപ്പലോട്ടം
അക്ഷരനഗരിത൯ ഹൃത്തിൽപ്പടരും
           മാ൪ഗംകളിപ്പാട്ടി൯ പതം
തേക്കടിക്കായലും പെരിയാറി൯ ഭംഗിയും
           നീലക്കുറിഞ്ഞിത൯ പൂമണവും
കായൽപ്പരപ്പിലായ് കെട്ടുവള്ളം പിന്നെ,
          പുഞ്ചപ്പാടത്ത് താറാക്കൂട്ടം
വഞ്ചിപ്പാട്ടിന്റെ താളവും പമ്പയാറി൯ തീരവും
          നാട്ടുഭംഗിയായ് പടയണി
വേണാടുനാടിന്റെ മഹിമ കൊതിച്ചി-
           ട്ടിലം വേണ്ടെന്നു ചൊല്ലിടാം
പത്മനാഭ൯ വാഴുന്ന നാട്ടിലെ
          രാജ ചാരുത വാഴ്ത്തീടാം

Tuesday, 8 September 2015

കൃഷ്ണാമൃതം

സ്വരമുണ൪ത്തിയ വഴികൾ 
നീളേ മുത്തു പൊഴിയുമ്പോൾ..
വേണുഗായകാ.. മന്ദഹാസം
ഉള്ളിൽ നിറയുന്നൂ....

തിരുമുടിയ്ക്കുള്ളിൽ വീശി-
നിന്നൊരാ പീലി കണ്ടപ്പോൾ..
ഗോപനായകാ.. നയനമാകെ
വ൪ണ്ണമേഴും കണ്ടു..

വെണ്ണതൂവും ഉറി കമഴ്ത്തി നീ-
കുസൃതി കാട്ടുമ്പോൾ..
നീലവ൪ണ്ണാ.. നാവിലാകേ
രസമുണരുന്നൂ...

യമുനയോരത്ത് പ്രേമഭാജ്യമായ്
പൂത്ത് നില്ക്കുമ്പോൾ..
ഗോപികരമണാ.. ലോകമാകെ
പ്രണയം വിരിയുന്നൂ...

Wednesday, 5 August 2015

മാദനി

പിന്നെപ്പറയാമെന്നു കരുതിയ വാക്കുകൾ 
ചിന്നിച്ചിതറിയെന്തോ പറഞ്ഞു..
കന്നിനിലാവിൽ കറുകപുല്ത്തകിടിയിൽ 
നിന്നെ മുറുകെപ്പിടിച്ചു കിടന്നു.. 

പിച്ചകപ്പൂവിന്റെ ഗന്ധം ചൊരിഞ്ഞു നീ 
അച്ചാരം വാങ്ങുവാൻ വന്നവളോ
കണ്ണുതുറക്കാതെ കേൾക്കാതെ  നീ 
വീണ്ടും അശക്തയായ് ശയിയ്ക്കുന്നു..
കണ്ണുതുറക്കാതെ കേൾക്കാതെ  നീ 
വീണ്ടും അശക്തയായ് ശയിയ്ക്കുന്നു..

പ്രേമം ജനിയ്ക്കാതെതന്നെ  മരിച്ചു 
കാമം പക്ഷെ പലതായ് ജനിച്ചു 
രോമകൂപങ്ങളിൽ തളിർത്തിട്ട-
കാമം നിന്നെ വിഴുങ്ങുവാൻ തുടങ്ങി..
രോമകൂപങ്ങളിൽ തളിർത്തിട്ട-
കാമം നിന്നെ വിഴുങ്ങുവാൻ തുടങ്ങി..

അച്ചാരവുമില്ല,  പ്രേമവുമില്ല;
തുച്ഛ്മാം  ജീവിതം, ബാക്കിയായ് നിന്നിടും !
തുടർക്കഥ പാടുവാൻ മാനവർ
പഠിച്ചതറിയാതെ നീ അലയുന്നു..
തുടർക്കഥ പാടുവാൻ മാനവർ
പഠിച്ചതറിയാതെ നീ അലയുന്നു..
  

Wednesday, 1 July 2015

രാഗിണി

പഴയൊരോ൪മ്മത൯ ഓളപ്പരപ്പിൽ
അലയുന്നു രാഗരേണു

ശിഥിലമായ് രാഗം പരാഗമായ്

അലയുന്നു തീക്കാറ്റിലൂടെ.

ഗഗനവാരിദം തഴുകാത്തവീഥികൾ

തേടി മഴയായ് മാറിയിട്ടും

പാൽച്ചുരത്തിയ സ്നേഹമന്ത്രം

പതിവായ് പറഞ്ഞിട്ടും.

മറന്നില്ല ചിന്നിച്ചിതറയ

വളപ്പൊട്ടുപോലുള്ളീ രാഗിണിയെ..

മാനസകാന്തിയിൽ താരകമായ്

ജ്വലിച്ചു വിട൪ന്നു നില്പൂ..

ഒടുക്കമില്ല,സിരകളിൽ രക്തം

തുടിക്കുന്ന കാലമത്രയും.

കിനാവേലിയിൽ,ശലഭമായ് പാറുമതിൽ

നീന്റെയോ൪മ്മകൾ ചുറ്റിപ്പടരുമ്പോൾ!

ഓളം ശമിയ്ക്കില്ലീപ്പരപ്പിൽ

പകരം വേലിയേറ്റമുണ്ടായിടാം

Monday, 18 May 2015

സത്യം

മറനീക്കി വന്നൊരു "സത്യം"
മഷിത്തണ്ടെഴുത്തു പോൽ
തെളിയാതെ നിന്നൂ..
സ്വരൂപമെന്തെന്നറിയാതവൾ
പകച്ചു നിന്നു.

സത്യമേ നിനക്കു നിറമില്ല, പക്ഷേ
പകരുന്നായിരം നറഭേദങ്ങൾ
രൂപമില്ലായിരം രൂപാന്തരങ്ങളായ്..
നൂറിടം വാഴുന്ന കാലമത്രേ!
ശൂന്യതയുടെ തിരശീല നീക്കി നീ..
അഗ്നിച്ചിരാതുകൾ തെളിക്കൂ..
പടരുന്ന വാചാല വാക്യത്തെ നീ..
വാഗ്മിയായ് വേഗം എരിയ്ക്കൂ..
സത്യമേ നിനക്കു കണ്ണുകൾ വേണം..
കയ്യും കയ്യിലൊരു പടവാളും വേണം..
അല്ലെങ്കിലിവിടെ യഥാ
ഗാന്ധാരിപുത്ര൪ വിലസും..

Saturday, 7 February 2015

ഏകാകിനി

മൃദുരാഗം വനികയിൽ ലയമായ്
ഹരിതാഭം മിഴികളിൽ സ്വരമായ്..
      മധുരമാം ലഹരിയിൽ മനമിതാ
      ധരണിത൯ മാറിൽ ഉലയുന്നൂ..

ഹ്രസ്വമാം ജഗത്ജീവിതം
പുല൪വെയിൽ നുണയുന്നു..
      നിഴലുകൾ നീളയായ് മെല്ലേ
      സന്ധ്യത൯ കരളിൽ അലിയുന്നൂ..

നിലാവിന്റെ മദഗന്ധമൊഴുകിയ
രാവുകൾ നിശബ്ദമായ്..
      നീ൪മിഴിപീലികൾ അലയുന്നു..
      സ്മൃതിവേലികൾ തഴുകുമ്പോൾ

മറയുന്ന സംക്രാന്തി പുഷ്പങ്ങളായ്
ചിരികൾ പൊഴിച്ചിട്ടു-
സ്വച്ഛന്ദ രാവുകൾ അന്യമായ്..
       "വിദൂരം വീണ്ടും വിജനമായ്"

Thursday, 22 January 2015

വരൂ വരദേ

വരൂ വരദേ അരികില്‍
തരൂ സ്വരാഗ ജതികള്‍
മനം മനോജ്ഞം ധരയില്‍
സ്വനം സ്വകാര്യ മധുരം

സദാ വിചാര സരണി
മുദാ പ്രവാഹ കരണി
ലയം നിദാനം എന്നില്‍
മയം നിത്യമാം സ്നേഹം